ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്കായി സ്വര്‍ണമെഡല്‍ നേടി ചരിത്രം തിരുത്തിക്കുറിച്ച നീരജ് ചോപ്രയ്ക്ക് വമ്പന്‍ സമ്മാനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നീരജ് ചോപ്രയ്ക്ക് കിടിലന്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സി ഇ ഒ റോണോജോയി ദത്ത അറിയിച്ചു.
'കഠിനാധ്വാനവും സഹിഷ്ണുതയും അഭിനിവേശവും ഉണ്ടെങ്കില്‍ എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാനാകുമെന്ന് നീരജ് ചോപ്ര കാട്ടിത്തന്നു. ഭാവിയിലെ ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് പ്രചോദനമാകും നീരജ് ചോപ്രയെന്ന് തനിക്ക് ഉറപ്പുണ്ട്'- റോണോജോയി ദത്ത ട്വിറ്ററില്‍ കുറിച്ചു. ഇന്‍ഡിഗോയ്ക്ക് പുറമെ കര്‍ണാടക സര്‍ക്കാരും നീരജിന് സൗജന്യ യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ ഏക സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ പി എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്സ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരുകള്‍ മുതല്‍ റെയില്‍വേ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് എന്നിവയെല്ലാം നീരജിന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര. ആരാധകന്റെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സുവര്‍ണ താരത്തിന് വാഹനം സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ മറുപടി. താരത്തിനായി ഒരെണ്ണം തയ്യാറാക്കി വെക്കൂ എന്ന് ട്വിറ്ററിലൂടെ അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു.
നീരജ് ചോപ്രയ്ക്ക് മഹീന്ദ്രയുടെ പുതിയ പതിപ്പായ എക്സ്യുവി 700 നല്‍കണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. എക്സ്യുവി 700 നിരത്തിലിറക്കുമ്പോള്‍ ആദ്യ വാഹനം തന്നെ നീരജ് ചോപ്രക്ക് നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. ഇക്കാര്യവും പരിഗണിക്കാമെന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നല്‍കിയിരിക്കുന്നത്.
ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകളുമായാണ് ഇന്ത്യ ടോക്യോയില്‍ നിന്ന് മടങ്ങുന്നത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകള്‍ ഇന്ത്യക്ക് ലഭിച്ചു. ലണ്ടന്‍ ഒളിമ്പിക്സിലെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. അത്ലറ്റിക്സില് ചരിത്ര മെഡലുമായി നീരജ് ചോപ്ര ടോക്യോയിലെ ഇന്ത്യന്‍ ഹീറോയായപ്പോള്‍ പുതുചരിത്രമെഴുതി ഹോക്കി ടീമുകളും ശക്തമായ സാന്നിധ്യമറിയിച്ച് മീരാഭായ് ചാനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.