ഇൻഡോർ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 386 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു. സെഞ്ചുറിയടിച്ച ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധ സെഞ്ചുറി നേടിയ ഹാർദിക് പാണ്ഡ്യയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ന്യൂസിലന്‍ഡ് ബൗളിങ് നിരയിയിൽ ജേക്കബ് ഡഫി 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറില്‍ 100 റണ്‍സാണ് വഴങ്ങിയത്. ബ്ലെയര്‍ ടിക്‌നറും മൂന്ന് വിക്കറ്റെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹിത്തും ഗില്ലും കിവീസ് ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ ബാറ്റുവീശി. 12ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ അര്‍ധസെഞ്ചുറി കുറിച്ചു. 34 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്. പരമ്പരയില്‍ തകര്‍പ്പന്‍ ഫോമിലാണ് യുവതാരം. 13ാംാം ഓവറില്‍ ഇന്ത്യൻ സ്കോർ 100 കടന്നു.
14ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്‌നറെ സിക്‌സറിന് പറത്തിക്കൊണ്ട് രോഹിത്തും അര്‍ധസെഞ്ചുറി നേടി. അര്‍ധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിങ് ടോപ് ഗിയറിലേക്ക് മാറ്റി. 18 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. 24.1 ഓവറില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് പൂര്‍ത്തിയാക്കി.
Also Read- ക്രിക്കറ്റ് താരം മുഹമ്മദ് ഷമി മുൻഭാര്യയ്ക്ക് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകാൻ കോടതി വിധി
ടിക്‌നര്‍ എറിഞ്ഞ 26ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്തുകൊണ്ട് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. 83 പന്തുകളില്‍ നിന്നാണ് താരം മൂന്നക്കം കടന്നത്. രോഹിത്തിന്റെ കരിയറിലെ 30ാം ഏകദിന സെഞ്ചുറിയാണിത്. അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലും സെഞ്ചുറി തികച്ചു. 72 പന്തുകളില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. ഗില്ലിന്റെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്.
27ാം ഓവറില്‍ രോഹിത് പുറത്തായി. മൈക്കിള്‍ ബ്രേസ്‌വെല്ലിനെ സിക്‌സടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാഴായി. ബാറ്റില്‍ നിന്നൊഴിഞ്ഞ പന്ത് വിക്കറ്റ് പിഴുതു. 85 പന്തില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 101 റണ്‍സ് നേടിയ ശേഷമാണ് രോഹിത് ക്രീസ് വിട്ടത്. ഗില്ലിനൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
Also Read- ICC ടെസ്റ്റ്, ഏകദിനം, ടി-20 ടീമുകളിൽ ഇടം നേടി വിരാട് കോഹ്ലി; പിറന്നത് പുതിയ ചരിത്രം
സെഞ്ചുറി നേടിയ ശേഷം തകര്‍ത്തടിച്ച ഗില്‍ 28ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. ബ്ലെയര്‍ ടിക്‌നറുടെ പന്ത് ഉയര്‍ത്തിയടിച്ച ഗില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 78 പന്തില്‍ നിന്ന് 13 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 112 റണ്‍സെടുത്താണ് ഗില്‍ മടങ്ങിയത്.
രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസില്‍ വിരാട് കോഹ്ലിയും ഇഷാന്‍ കിഷനും ഒന്നിച്ചു. ഇരുവരും നന്നായി ബാറ്റുചെയ്തുകൊണ്ടിരിക്കേ അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാന്‍ കിഷന്‍ റണ്‍ ഔട്ടായി. 24 പന്തില്‍ നിന്ന് 17 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് കോഹ്ലി ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശി. എന്നാല്‍ കോഹ്ലിയെ വീഴ്ത്തി ജേക്കബ് ഡഫി ഈ കൂട്ടുകെട്ട് പൊളിച്ചു. 27 പന്തില്‍ നിന്ന് 36 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.
രണ്ട് സിക്‌സടിച്ച് വരവറിയിച്ചെങ്കിലും 14 റണ്‍സെടുത്ത സൂര്യകുമാർ യാദവിനെ ഡഫി പുറത്താക്കി. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്‍സെന്ന നിലയില്‍ നിന്ന് ഇന്ത്യ 293 ന് അഞ്ച് എന്ന സ്‌കോറിലേക്ക് ഇന്ത്യയെത്തി. പിന്നീട് ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. എന്നാല്‍ സുന്ദറിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 9 റണ്‍സെടുത്ത താരത്തെ ടിക്‌നര്‍ പുറത്താക്കി.
പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂര്‍ നന്നായി ബാറ്റുവീശിയതോടെ ഇന്ത്യ ടോപ് ഗിയറിലായി. 47-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 350 കടന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 16 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് ശാര്‍ദൂല്‍ പുറത്തായെങ്കിലും ഇന്ത്യന്‍ സ്‌കോര്‍ 360 കടന്നിരുന്നു. 49ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധസെഞ്ചുറി കുറിച്ചു. വെറും 36 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകത്തിലെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.