ഐപിഎല്ലില്‍ സണ്‍റൈസഴ്സ് ഹൈദരാബാദിന് ഈ സീസൺ നിരാശയുടേതായിരുന്നു. ഹൈദരാബാദിനൊപ്പം അവരുടെ മുൻ ക്യാപ്റ്റനും ടീമിലെ പ്രധാന താരവുമായ ഡേവിഡ് വാർണർക്കും ഈ സീസണിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഹൈദരാബാദ് മാനേജ്‌മെന്റ് തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നൊഴിവാക്കിയതിന്റെയും പിന്നീട് ടീമിൽ ഇടം നല്കാതിരുന്നതിനെ കുറിച്ചുള്ള കാര്യങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. പ്രശസ്ത സ്പോർട്സ് മാധ്യമപ്രവർത്തകനായ ബോറിയ മജൂംദാർ സ്പോർട്സ് ടുഡേയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് വാർണർ തന്റെ പ്രതികരണം അറിയിച്ചത്.
ഐപിഎല്‍ ആദ്യ പാദത്തിലെ ടീമിന്‍റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നൊഴിവാക്കുകയും താരത്തിന് പകരം കെയ്ന്‍ വില്യംസണെ ഹൈദരാബാദ് ക്യാപ്റ്റനാക്കി നിയമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കാനുള്ള കാരണമെന്താണെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നും അതിന്മേലുള്ള വിശദീകരണം തനിക്ക് ആരിൽ നിന്നും ലഭിച്ചിട്ടില്ലെന്നും വാര്‍ണര്‍ സ്പോര്‍ട്സ് ടുഡേയോട് പറഞ്ഞു. 'ഏകകണ്ഠമായുള്ള തീരുമാനം ആയിരുന്നു അത്. ടീം ഉടമകളോടും പരിശീലകനായ ട്രെവർ ബെയ്‌ലിസ്, ലക്ഷ്മൺ, ടോം മൂഡി, മുത്തയ്യ മുരളീധരൻ എന്നിവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെയാണ് ഞാനിത് പറയുന്നത്, തീരുമാനം ഏകകണ്ഠമാകുമ്പോൾ ആരാണ് എനിക്ക് എതിരായി നിൽക്കുന്നതും ആരാണ് എനിക്ക് വേണ്ടി വാദിക്കാനുള്ളതെന്നും അറിയാൻ കഴിയില്ലല്ലോ.' - വാർണർ വ്യക്തമാക്കി.
'ഈ സീസണിൽ കുറച്ചു മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിലാണ് എന്നെ പുറത്തിരുത്തിയതെങ്കിൽ, മുൻ സീസണുകളിൽ ടീമിനായി പുറത്തെടുത്ത പ്രകടനം അവർ പരിഗണിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഈ രീതിയെ എനിക്ക് പിന്തുണക്കാൻ കഴിയില്ല. കാരണം ഈ ടീമിന് വേണ്ടി 100 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള വ്യക്തിയെന്ന നിലയിൽ ആദ്യ പാദത്തിലെ കുറച്ചു മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരിൽ പുറത്തിരുത്തി എന്ന് പറയുന്നത് എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണ്. ഇത്തരത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും എന്റെ പക്കലുണ്ട്, പക്ഷെ അതിനുള്ള സമയം ഇതല്ല.' - വാർണർ പറഞ്ഞു
അതേസമയം, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത സീസണിലും ഹൈദരാബാദിനായി കളിക്കാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാർണർ പറഞ്ഞു. വരും സീസണിലും ഹൈദരാബാദിനായി കളിക്കാനാണ് ആഗ്രഹമെങ്കിലും അടുത്ത വർഷം മെഗാ ലേലം നടക്കുന്നതിനാൽ എല്ലാ തീരുമാനങ്ങളും ടീം ഉടമകളുടെ കൈയിലാണെന്നും വാർണർ പറഞ്ഞു.
തന്റെ രണ്ടാം വീടായി താൻ കാണുന്ന ഹൈദരാബാദിൽ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനാകാത്തത് വലിയ നഷ്ടമായി തോന്നുന്നുവെന്നും അടുത്ത സീസണില്‍ ഹൈദരാബാദിനു വേണ്ടിയോ മറ്റേതെങ്കിലും ടീമുകള്‍ക്ക വേണ്ടിയോ ഹൈദരാബാദില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ണര്‍ വ്യക്തമാക്കി. ആരാധകർ തനിക്കും തന്റെ കുടുംബത്തിനും നൽകുന്ന സ്നേഹത്തിനും ബഹുമാനത്തിനും താൻ അവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും വാർണർ പറഞ്ഞു.
Also read- സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരം
2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിൽ നിന്നും 5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഹൈദരാബാദില്‍ എത്തിയത്. ടീമിലെത്തി അടുത്ത കൊല്ലം 2015ല്‍ ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത താരം 2016ല്‍ ടീമിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്‌മാന്‍ കുടിയാണ്. ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 50 അര്ധസെഞ്ചുറികളും സഹിതം 5449 റണ്‍സ് ഈ ഓസീസ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.
സൺറൈസേഴ്‌സിൽ ചേർന്നതിന് ശേഷം പിന്നീടുള്ള എല്ലാ ഐപിഎൽ സീസണുകളിലും 500 ന് മേലെ സ്കോർ ചെയ്ത വാർണർക്ക് പക്ഷെ ഈ സീസണിൽ ആ മികവ് തുടരാൻ കഴിഞ്ഞില്ല. വാർണർ നിറം മങ്ങിയതോടെ ഹൈദരാബാദും പുറകോട്ട് പോവുകയായിരുന്നു. സീസണിൽ കേവലം മൂന്ന് ജയം മാത്രം നേടിയ ടീം പ്ലേഓഫ് യോഗ്യതാ പോരാട്ടത്തിൽ നിന്നും ആദ്യമേ പുറത്തായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: David Warner, Ipl, IPL 2021, Sunrisers Hyderabad