യുഎഇയില്‍ ഐപിഎല്‍ രണ്ടാം പാദം ആരംഭിക്കുകയായി. രണ്ടാം പാദ മത്സരങ്ങൾക്ക് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കമിടുക കോവിഡ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പോരാടിയ ആളുകൾക്ക് ആദരമർപ്പിച്ചുകൊണ്ട്. സെപ്റ്റംബർ 20ന് അബുദാബിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായി നടക്കുന്ന മത്സരത്തിൽ ഇതിന്റെ ഭാഗമായി നീല ജേഴ്‌സി ധരിച്ചാകും ആർസിബി ഇറങ്ങുക.
കോവിഡ് പോരാളികളുടെ പ്രവർത്തനങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട് നീല ജേഴ്‌സിയിൽ ഇറങ്ങുമെന്ന് ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യ പാദ സമയത്ത് മേയിൽ ആർസിബി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ടൂർണമെന്റിന്റെ നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിച്ച് ബയോ ബബിളിന് ഉള്ളിലേക്ക് കോവിഡ് വ്യാപിച്ചതോടെ ഐപിഎൽ നിർത്തിവെക്കാൻ തീരുമാനം വന്നതിനെ തുടർന്ന് അന്ന് അവർക്ക് നീല ജേഴ്‌സിയിൽ ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.
മഹാമാരിക്കാലത്തെ കോവിഡ് മുന്നണി പോരാളികളുടെ അമൂല്യമായ സേവനത്തെ ആദരിക്കുകയാണ് ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് കോവിഡ് മുന്നണി പോരാളികളുടെ പിപിഇ കിറ്റിനെ ഓർമിപ്പിക്കുന്ന നീല നിറം തിരഞ്ഞെടുത്തതെന്നും ആർസിബി തങ്ങളുടെ ട്വീറ്റിൽ കുറിച്ചു. സമൂഹത്തിനോടുള്ള പ്രതിബദ്ധത ആർസിബി നേരത്തെയും വെളിവാക്കിയിരുന്നു. പ്രകൃതിയേയും മരങ്ങളേയും സംരക്ഷിക്കണം എന്ന സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ അവർ പച്ച ജേഴ്‌സി ധരിച്ച് മുൻ സീസണുകളിൽ കളത്തിൽ ഇറങ്ങിയിരുന്നു. ഐപിഎല്ലിൽ വ്യത്യസ്ത ജേഴ്‌സികൾ സ്വന്തമായുള്ള ഏക ഫ്രാഞ്ചൈസി കൂടിയാണ്.
ഐപിഎല്‍ രണ്ടാം പാദത്തിനായി ആര്‍സിബിയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്. കോഹ്‌ലിയും സിറാജും ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാഞ്ചസ്റ്ററില്‍ നിന്ന് യുഎഇയില്‍ എത്തിയിരുന്നു. ആദ്യ പാദത്തിൽ ടീമിന്റെ പരിശീലകനായിരുന്ന സൈമൺ കാറ്റിച്ച് രണ്ടാം പാദത്തിന് മുന്നേ പരിശീലക സ്ഥാനമൊഴിഞ്ഞതിനാൽ പകരം സ്ഥാനമേറ്റ മൈക്ക് ഹെസ്സന്‍റെ മേല്‍നോട്ടത്തിലാണ് യുഎഇയില്‍ ആർസിബി പരിശീലനം നടത്തുന്നത്.
ഐപിഎല്ലില്‍ കന്നിക്കിരീടം നേടുവാനാണ് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. ഈ സീസണിൽ പ്ലേഓഫ് യോഗ്യതകൾ സജീവമായി നിലനിർത്തുന്ന ആർസിബി, ഏഴ് മത്സരങ്ങളില്‍ അഞ്ച് ജയവുമായി 10 പോയിന്റോടെ നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. 12 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമതും 10 പിന്റോടെ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
ദുബായിൽ സെപ്റ്റംബര്‍ 19ന് മുംബൈ ഇന്ത്യന്‍സ് - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് രണ്ടാം പാദ മത്സരങ്ങൾ ആരംഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.