ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിന്‍റെ 15 റൺസിന് കീഴടക്കി ഐപിഎൽ ഫൈനലിൽ എത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ ഇത് പത്താം തവണയാണ് ഐപിഎൽ ഫൈനലിലെത്തുന്നത്. എന്നാൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിക്ക് ഫൈനലിൽ വിലക്ക് ലഭിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ 2023 ആദ്യ ക്വാളിഫയർ മത്സരം ഒമ്പത് മിനിറ്റ് വൈകിയതോടെയാണ് കുറഞ്ഞ ഓവർ നിരക്കിന് ധോണിക്കെതിരെ നടപടി വരുമെന്ന റിപ്പോർട്ടുള്ളത്. മതീശ പതിരണയെ തന്റെ രണ്ടാം ഓവർ എറിയാൻ അനുവദിക്കാത്തതിനെ തുടർന്ന് ധോണി അമ്പയർമാരുമായി തർക്കിച്ചത് മത്സരം വൈകാൻ ഇടയാക്കി. വീണ്ടും ബൗളിംഗിന് യോഗ്യത നേടുന്നതിന് ഇടവേള എടുത്തതിന് ശേഷം ഫീൽഡിൽ നിശ്ചിത സമയം പൂർത്തിയാക്കാത്തതിനാൽ അമ്പയർമാർ സിഎസ്‌കെ ബൗളറെ പന്തെറിയാൻ അനുവദിച്ചില്ല. ഇതേച്ചൊല്ലി ധോണി അമ്പയർമാരുമായി തർക്കിച്ചു. ഇത് ഇപ്പോൾ സിഎസ്‌കെ ക്യാപ്റ്റന് തിരിച്ചടിയായേക്കാമെന്നാണ് സൂചന.
കുറഞ്ഞ ഓവർ നിരക്ക് കാരണം ധോണിക്ക് പിഴയോ വിലക്കോ ലഭിച്ചേക്കാം. ഈ ഐപിഎൽ സീസണിൽ നേരത്തെയും കുറഞ്ഞ ഓവർ നിരക്കിന് ധോണിക്ക് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവർത്തിച്ചത് വിലക്ക് ലഭിക്കാൻ ഇടയാകുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഒന്നാം ക്വാളിഫയറിലെ കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച ശിക്ഷാ നടപടികൾ ഇന്നുതന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
Also Read- IPL | ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് പത്താം ഐപിഎൽ ഫൈനലിൽ
“അമ്പയർമാരുമായുള്ള ആ 5 മിനിറ്റ് തർക്കം അനാവശ്യമായിരുന്നു. മറ്റൊരു ബൗളറെ ബൗൾ ചെയ്യാൻ അനുവദിക്കുന്നതിന് പകരം കളി സ്തംഭിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇത് ഫൈനലിൽ വിലക്ക് ലഭിക്കാനിടയാക്കിയേക്കാം,” സൈമൺ ഡൂൾ പറഞ്ഞു. .
“ഐപിഎൽ ഇത് മറ്റൊരു ഫൈനൽ എന്ന് പറയാൻ കഴിയാത്തത്ര വലുതാണ്. മുമ്പ് 8 ടീമുകളായിരുന്നു, ഇപ്പോൾ ഇത് 10 ആയി. ഇത് മറ്റൊരു ഫൈനൽ എന്ന് ഞാൻ പറയില്ല. ഇത് 2 മാസത്തെ കഠിനാധ്വാനമാണ്. എല്ലാവരും നന്നായി കളിച്ചു. മധ്യനിരയ്ക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ല, ഗുജറാത്ത് ഒരു മികച്ച ടീമാണ്, അവർ നന്നായി കളിച്ചു,” ഗുജറാത്തിനെ തോൽപ്പിച്ചതിന് ശേഷം ധോണി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.