എട്ടാമനായി ഇറങ്ങി സെഞ്ചുറി, അയർലൻഡ് ടീമിലെ ഇന്ത്യൻ വംശജനായ സിമി സിങ് കുറിച്ചത് ലോക റെക്കോർഡ്
- Published by:Naveen
- news18-malayalam
Last Updated:
ഏകദിന ക്രിക്കറ്റിൽ എട്ടാമനായോ, അതിനു താഴെയോ ബാറ്റ് ചെയ്യാനെത്തിയ ശേഷം സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് സിമി സിങ്.
പരിമിത ഓവർ ക്രിക്കറ്റിൽ ബാറ്റിങ്ങിൽ അവസാന സ്ഥാനങ്ങളിൽ ഇറങ്ങി സെഞ്ചുറി നേടുക എന്നത് എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ഇത് അസാധ്യമാണെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ എട്ടാമനായി ഇറങ്ങിയാലും സെഞ്ചുറി നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അയർലൻഡ് ടീമിലെ കളിക്കാരനായ സിമി സിങ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് സിമി ഈ നേട്ടം കൈവരിച്ചത്.
സെഞ്ചുറി നേട്ടം സിമിക്ക് ഒരു ലോക റെക്കോർഡ് കൂടിയാണ് നൽകിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ എട്ടാമനായോ, അതിനു താഴെയോ ബാറ്റ് ചെയ്യാനെത്തിയ ശേഷം സെഞ്ചുറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് സിമി സിങ്. സിമിക്കും അയർലൻഡ് ടീമിനുമൊപ്പം ഇന്ത്യയിലെ പഞ്ചാബിൽ വേരുകളുള്ള താരത്തിന്റെ ഈ നേട്ടത്തിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. താരത്തിന്റെ സെഞ്ചുറി നേട്ടത്തിനും പക്ഷെ അയർലൻഡ് ടീമിനെ വിജയിപ്പിക്കാനായില്ല. മത്സരത്തിൽ അയർലൻഡിന് ദക്ഷിണാഫ്രിക്കയോട് 70 റൺസിന്റെ തോൽവി വഴങ്ങേണ്ടി വന്നു.
advertisement
മത്സരത്തിൽ 347 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക അയർലൻഡിന് മുന്നിലേക്ക് വച്ചു നീട്ടിയത്. വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ദക്ഷിണാഫ്രിക്ക കൂറ്റൻ ജയം സ്വന്തമാക്കും എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സിമി സിങ് ക്രീസിലെത്തുന്നത്. ഈ സമയത്ത് അയർലൻഡ് 19 ഓവറിൽ 92 റൺസിന് ആറ് വിക്കറ്റ് എന്ന ദയനീയ നിലയിലായിരുന്നു. ക്രീസിലെത്തിയ സിമി സിങ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിർഭയം നേരിടുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 57 പന്തുകളിൽ നിന്ന് അർധസെഞ്ചുറി കണ്ടെത്തിയ താരം തുടർന്നും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ഇതിനിടെ മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടായിരുന്നു. പക്ഷെ വിട്ടുകൊടുക്കാൻ താരം ഒരുക്കമല്ലായിരുന്നു. 91 പന്തുകളിൽ നിന്ന് താരം തന്റെ സെഞ്ചുറി നേട്ടം പൂർത്തിയാക്കുമ്പോൾ അയർലൻഡിന്റെ കയ്യിൽ ബാക്കിയുണ്ടായിരുന്നത് ഒരേ ഒരു വിക്കറ്റ് മാത്രമായിരുന്നു.
advertisement
100 up!
Simi Singh has reached three figures for the first time in his international career 👏👏#IREvSA #BackingGreen ☘️🏏 @playing11app pic.twitter.com/JgsT6qJ1AP
— Cricket Ireland (@cricketireland) July 16, 2021
47 ആം ഓവറിൽ ആയിരുന്നു സിമി സിങ് തന്റെ ആദ്യ സെഞ്ചുറി നേട്ടവും ഒപ്പം ലോക റെക്കോർഡും സ്വന്തമാക്കിയത്. താരം സെഞ്ചുറി പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത പന്തിൽ തന്നെ അവസാന ബാറ്റ്‌സ്മാനായ ക്രെയ്ഗ് യങ് പുറത്താവുകയും ചെയ്തു. ഇതോടെ 347 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അയർലൻഡിന്റെ മറുപടി 47.1 ഓവറിൽ 276 റൺസിൽ അവസാനിച്ചു. 100 റൺസോടെ സിമി പുറത്താകാതെ നിന്നു.
advertisement
സിമി തന്റെ പേരിൽ നേടുന്ന ആദ്യത്തെ റെക്കോർഡ് അല്ല ഇത്. ഇതിനു മുൻപ് അയർലൻഡിനായി ടി20യിൽ കളിക്കാനിറങ്ങിയപ്പോഴും താരം റെക്കോർഡ് പ്രകടനം നടത്തിയിരുന്നു. അരങ്ങേറ്റ ടി20യില്‍ എട്ടാം നമ്പറിലോ, അതിനു താഴെയോ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ആദ്യ താരം കൂടിയാണ് അദ്ദേഹം. 2018ല്‍ നെതര്‍ലാന്‍ഡ്‌സിനെതിരേ നടന്ന ടി20 മല്‍സരത്തിലായിരുന്നു സിമിയുടെ അവിസ്മരണീയ നേട്ടം.
അതേസമയം, സിമിയുടെ അവിംസ്മരണീയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ വിജയം ആധികാരികമായിരുന്നു. ഓപ്പണര്‍മാരായ ജാനേമൻ മലാന്‍ (177*), ക്വിന്റണ്‍ ഡികോക്ക് (120) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 346 എന്ന വമ്പൻ സ്കോറിലെത്തിച്ചത്. 169 പന്തിൽ 16 ബൗണ്ടറികളും ആറു സിക്‌സറുമടങ്ങിയതായിരുന്നു മലാന്റെ ഇന്നിങ്‌സ്. ഡികോക്ക് 91 പന്തിൽ 11 ബൗണ്ടറികളും അഞ്ചു സിക്‌സറും പറത്തി. മലാനാണ് മാന്‍ ഓഫ് ദി മാച്ച്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു സമനിലയാക്കി മാനം കാക്കാനും ദക്ഷിണാഫ്രിക്കൻ ടീമിന് കഴിഞ്ഞു. പരമ്പരയിലെ ആദ്യത്തെ മത്സരം മഴ മൂലം ഉപേഖിച്ചപ്പോൾ രണ്ടാമത്തെ മത്സരത്തിൽ അയർലൻഡ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2021 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
എട്ടാമനായി ഇറങ്ങി സെഞ്ചുറി, അയർലൻഡ് ടീമിലെ ഇന്ത്യൻ വംശജനായ സിമി സിങ് കുറിച്ചത് ലോക റെക്കോർഡ്