IND vs ENG: സ്റ്റുവർട്ട് ബ്രോഡിന്‍റെ ഒരോവറിൽ 35 റൺസ്; നാണക്കേടിന്‍റെ ലോക റെക്കോർഡ്
- Published by:Anuraj GR
- news18-malayalam
Last Updated:
ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു തരത്തിലുള്ള റെക്കോഡുമായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക് ബ്രോഡ് എന്ന 36-കാരൻ പതിക്കുന്നതും കണ്ടു
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ മുഹമ്മദ് ഷമിയെ പുറത്താക്കിയപ്പോൾ സ്റ്റുവർട്ട് ബ്രോഡിന് ആഘോഷിക്കാൻ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. ഈ വിക്കറ്റോടെ, ഇംഗ്ലണ്ട് താരം 550 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കി, ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരുടെ നിരയിലാണ് തന്‍റെ സ്ഥാനമെന്ന് വിളിച്ചോതി. എന്നാൽ താമസിയാതെ മറ്റൊരു തരത്തിലുള്ള റെക്കോഡുമായി നാണക്കേടിന്‍റെ പടുകുഴിയിലേക്ക് ബ്രോഡ് എന്ന 36-കാരൻ പതിക്കുന്നതും കണ്ടു.
മത്സരത്തിൽ രണ്ടാം ദിനം ലഞ്ചിന് മുമ്പ് പുതിയ പന്തെടുത്തതോടെ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയെ ജെയിംസ് ആൻഡേഴ്‌സൺ 104 റൺസിന് പുറത്താക്കി. ഇതോടെ ഇന്ത്യയുടെ പത്താം വിക്കറ്റ് കൂട്ടുകെട്ടായി മുഹമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും ഒരുമിച്ച്. എത്രയും വേഗം ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇംഗ്ലണ്ട് ബോളർമാർ. ബ്രോഡ് എറിയാനെത്തിയപ്പോൾ സ്ട്രൈക്ക് ചെയ്തത് പതിനൊന്നാമനും ക്യാപ്റ്റനുമായ ബുമ്ര. എന്നാൽ ഈ ഓവറിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
ഓവർ അവസാനിക്കുമ്പോൾ - ഇന്ത്യ 83 ഓവറിൽ 400 റൺസ് ഭേദിച്ചു, ഓവറിന്റെ തുടക്കത്തിൽ ഏഴ് പന്തിൽ 0 എന്ന നിലയിലായിരുന്ന ബുമ്ര വെറും 14 പന്തിൽ 29 റൺസ് എടുത്തിരുന്നു. ഈ ഓവറിൽ ഇന്ത്യയ്ക്ക് ലഭിച്ചതാകട്ടെ 35 റൺസ്. ടി20യിൽ ഒരു ഓവറിൽ ഏറ്റവുമധികം റൺസ് വഴങ്ങിയതിന്‍റെ നാണംകെട്ട റെക്കോർഡ് സ്വന്തം പേരിലുള്ള ബ്രോഡ് ടെസ്റ്റിലും ഈ മുൾക്കിരീടം എടുത്തണിഞ്ഞു. ടി20 ലോകകപ്പിൽ യുവരാജ് സിങ് ഒരോവറിൽ ആറു സിക്സർ പറത്തിയത് ബ്രോഡിനെതിരെയായിരുന്നു. ഇന്ന് ബുമ്ര ബ്രോഡിനെതിരെ നാല് ഫോറും രണ്ട് സിക്സറും ഉൾപ്പടെ 28 റൺസാണ് നേടിയത്. ബാക്കി ഏഴ് റൺസ് എക്സ്ട്രാസായി ബ്രോഡ് സംഭാവന ചെയ്തതോടെയാണ് 35 റൺസ് വഴങ്ങിയത്.
advertisement
ഈ ഓവറിൽ ആദ്യ പന്ത് ബുമ്ര ഫോറടിച്ചു. രണ്ടാം പന്ത് വൈഡും ഫോറും സഹിതം അഞ്ച് റണ്‍സ്. മൂന്നാം പന്ത് നോബോളായി. ആ പന്ത് ബുമ്ര സിക്‌സും തൂക്കിയതോടെ ഏഴ് റണ്‍സ്. അടുത്ത മൂന്ന് പന്തുകളില്‍ ഫോറുകള്‍ പിറന്നു. അഞ്ചാം പന്ത് സിക്‌സ്, ആറാം പന്തില്‍ ഒരു റണ്‍. മൊത്തം 35 റണ്‍സ്.
29 റൺസെടത്ത ബുമ്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ത്തന്നെ, ഒരോവറില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ഒരോവറില്‍ 28 റണ്‍സ് വീതം നേടിയ ബ്രയാന്‍ ലാറ, ജോര്‍ജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിവരെയാണു ബുമ്ര പിന്തള്ളിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2022 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs ENG: സ്റ്റുവർട്ട് ബ്രോഡിന്‍റെ ഒരോവറിൽ 35 റൺസ്; നാണക്കേടിന്‍റെ ലോക റെക്കോർഡ്