• HOME
  • »
  • NEWS
  • »
  • sports
  • »
  • Santosh Trophy | ജെസിന്‍ അഞ്ച്; ഏഴഴകില്‍ കേരള! കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Santosh Trophy | ജെസിന്‍ അഞ്ച്; ഏഴഴകില്‍ കേരള! കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

സബ്ബായി എത്തിയ ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം നേടി.

  • Share this:
    സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. സബ്ബായി എത്തി അഞ്ചു ഗോളുകള്‍ നേടിയ ജെസിന്റെ മികവില്‍ 7-3 എന്ന സ്‌കോറിനാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം നേടി. കേരളത്തിന്റെ 15-ാമത് സന്തോഷ് ട്രോഫി ഫൈനല്‍ ആണിത്.

    കളി കേരളത്തിന്റെ കയ്യില്‍ നിന്ന് അകലുകയാണെന്ന് തോന്നിയപ്പോള്‍ പരിശീലകന്‍ ബിനോ ജോര്‍ജ്ജ് നടത്തിയ ജെസിന്റെ സബ്സ്റ്റിട്യൂഷന്‍ ആണ് കളിയുടെ ഗതി മാറ്റിയത്.

    30-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്‍ അഞ്ചു ഗോളുകളുമായി കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. ഷിഗില്‍, അര്‍ജുന്‍ ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍ - മണിപ്പുര്‍ സെമി ഫൈനല്‍ വിജയികളെ തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം നേരിടും.

    മത്സരത്തില്‍ കേരളം ആണ് മികച്ച രീതിയില്‍ തുടങ്ങിയത്. കേരളത്തിന്റെ അറ്റാക്കുകളാലും സെറ്റ് പീസുകളാലും കര്‍ണാടക പെനാല്‍ട്ടി ബോക്‌സ് തിരക്കിലായെങ്കിലും ഗോള്‍ ഒന്നും പിറന്നില്ല. എന്നാല്‍ കേരളത്തിന്റെ ആധിപത്യം നടക്കുന്നതിന് ഇടയില്‍ മൊത്തം സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് കര്‍ണാകട 25ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. സൊലൈമലിയുടെ ഇടത് വിങ്ങിലൂടെയുള്ള കുതിപ്പിന് ശേഷം നല്‍കിയ ക്രോസ് ബാക്ക് പോസ്റ്റില്‍ ഓടിയെത്തിയ സുധീര്‍ ലക്ഷ്യത്തില്‍ എത്തിച്ചു.

    ഈ ഗോള്‍ പിറന്നതിന് പിന്നാലെ ബിനോ ജോര്‍ജ്ജ്, ജെസിനെ കളത്തില്‍ എത്തിച്ചു. ബിനോയുടെ തീരുമാനം തെറ്റിയില്ല. 35ആം മിനുട്ടില്‍ ജെസിന്റെ ഫിനിഷ്. ഗോള്‍ ലൈന്‍ വിട്ട് വന്ന കെവിനു മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിന്‍ വല കുലുക്കിയത്.

    42ആം മിനുട്ടില്‍ ജെസിന്‍ തന്നെ കേരളത്തിന്റെ രണ്ടാം ഗോളും നേടി. ഇത്തവണയും ഫിനിഷിങ് ടച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. കേരളം 2-1ന് മുന്നില്‍. അവിടെയും തീര്‍ന്നില്ല 45ആം മിനുട്ടില്‍ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ അത്ഭുത നീക്കം. ജെസിന്റെ അത്ഭുത പ്രകടനം. പിന്നാലെ ഷിഗിലും കൂടെ ഗോള്‍ നേടിയതോടെ കേരളം ആദ്യ പകുതിയില്‍ തന്നെ 4-1ന് മുന്നിലെത്തി.

    രണ്ടാം പകുതിയുടെ തുടക്കത്തില്‍ കമലേഷിന്റെ ഒരു ലോങ് റേഞ്ചര്‍ കര്‍ണാടകയ്ക്ക് രണ്ടാം ഗോള്‍ നല്‍കിയെങ്കിലും പിന്നാലെ ജെസിന്‍ വിളയാട്ട് തുടര്‍ന്നു. 56ആം മിനുട്ടില്‍ മൈതാനമധ്യത്ത് നിന്ന് തുടങ്ങിയ കുതിപ്പ് തന്റെ നാലാം ഗോളിലാണ് ജെസി അവസാനിപ്പിച്ചത്.

    61ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോളിലൂടെ കേരളത്തിന്റെ ആറാം ഗോള്‍. കര്‍ണാടക ഇതിനു ശേഷം ഒരു ഗോള്‍ കൂടെ മടക്കി കളി 6-3 എന്നാക്കി. എന്നാല്‍ പിന്നാലെ ജെസിന്റെ അഞ്ചാം ഗോള്‍ വന്നു. കേരളത്തിന്റെ ഏഴാം ഗോള്‍. സ്‌കോര്‍ 7-3. ഫൈനലിലേക്ക് കേരളം തല ഉയര്‍ത്തി തന്നെ മാര്‍ച്ച് ചെയ്തു.
    Published by:Sarath Mohanan
    First published: