മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ റഫറിയുടെ തീരുമാനങ്ങളെ വിമർശിച്ച് ബംഗളൂരു എഫ്.സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ രംഗത്തെത്തി. റഫറിയുടെ തീരമാനങ്ങൾ മത്സരത്തെ സ്വാധീനിക്കുമെന്നും, വാർ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും പാർഥ് ജിൻഡാൽ ട്വീറ്റ് ചെയ്തു. എന്നാൽ റഫറിയുടെ തീരുമാനത്തെ കുറ്റപ്പെടുത്തിയ ജിൻഡാലിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകർ രംഗത്തെത്തി. പ്ലേ ഓഫിൽ ബംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്സ് തോൽക്കാൻ കാരണമായത് റഫറിയുടെ തെറ്റായ തീരുമാനമാണെന്നും മഞ്ഞപ്പടയുടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
ഐഎസ്എൽ കലാശപ്പോരിൽ ഐ.ടി.കെ മോഹന്‍ ബഗാനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സുനില്‍ ഛേത്രിയും സംഘവും പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന സ്കോറില്‍ സമനിലയായതോടെയാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്. ഷൂട്ടൗട്ടിൽ എടികെ നാല് കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ ബംഗളൂരുവിന് മൂന്നെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്.
‘ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വാര്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ചില തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യും. ബംഗളൂരു എഫ്.സിയെ കുറിച്ച് അഭിമാനമുണ്ട്. നിങ്ങളിന്ന് തോറ്റിട്ടില്ല. ചില തീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു’ -ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു. നിശ്ചിത സമയത്ത് എ.ടി.കെ നേടിയ രണ്ടു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു.
It wasn’t a crystal clear game? #IYKYK 🌚 https://t.co/OkzJaVLc0j pic.twitter.com/hfpVGeszrY
— Manjappada (@kbfc_manjappada) March 18, 2023
ബംഗളൂരുവിന് അനുകൂലമായും ഒരു പെനാല്‍റ്റി ലഭിച്ചിരുന്നു. മോഹന്‍ബഗാന് അനുകൂലമായി വിളിച്ച രണ്ടാമത്തെ പെനാല്‍റ്റി തെറ്റായ തീരുമാനമാണ് എന്നാണ് ബംഗളൂരു ആരാധകർ വിമർശിക്കുന്നത്. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സില്‍ പാബ്ലോ പെരസ് ഫൌൾ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെട്രാറ്റോസ് നേടിയ ഈ ഗോളിലൂടെയാണ് ബഗാന്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്.
Also Read- ISL ആവേശ ഫൈനലിൽ ഛേത്രിപ്പടയ്ക്ക് നിരാശ; എ.ടി.കെ മോഹന്‍ ബഗാന് 4-ാം കീരീടം
ഏതായാലും പാര്‍ഥ് ജിന്‍ഡാലിന്റെ ട്വീറ്റിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ രംഗത്തെത്തി. കര്‍മ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്നാണ് നിരവധി ആരാധകര്‍ ജിൻഡാലിന്‍റെ ട്വീറ്റിന് മറുപടിയായി കുറിച്ചത്. ‘റഫറി കാരണം ഫൈനലിലെത്തി, റഫറി കാരണം ഫൈനല്‍ തോറ്റു, സമതുലിതം’ എന്നായിരുന്നു ഒരാളുടെ കമന്‍റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.