ബ്ലാസ്റ്റേഴ്സും ഗോകുലവും നേർക്കുനേർ വരുന്നു; ഡ്യൂറണ്ട് കപ്പ് പോരാട്ടം ഓഗസ്റ്റ് 23ന്
- Published by:Anuraj GR
- news18-malayalam
Last Updated:
ടീമിൽ നിലവിലെ താരങ്ങളിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യുറാൻഡ് കപ്പിനുള്ള സ്ക്വാഡിനെ തിരഞ്ഞെടുക്കുക
കൊച്ചി: മലയാളികൾക്ക് കാൽപ്പന്തുകളുടെ ആവേശമേകാൻ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും തമ്മിൽ നേർക്കുനേർ വരുന്നു. ഡ്യൂറണ്ട് കപ്പ് ചാംപ്യൻഷിപ്പിന്‍റെ ഭാഗമായി ഓഗസ്റ്റ് 23നാണ് ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിലുള്ള മത്സരം. ഓഗസ്റ്റ് മൂന്നിനാണ് 132-ാമത് ഡ്യുറാൻഡ് കപ്പ് ആരംഭിക്കുന്നത്. ഈ ടൂർണമെന്‍റിനായി കേരള ബ്ലാസ്റ്റേഴ്സ് പൂർണ സജ്ജമാണെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച മുതൽ താരങ്ങൾ എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചിരുന്നു. ടീമിൽ നിലവിലെ താരങ്ങളിൽ നിന്നാണു ഡ്യുറാൻഡ് കപ്പിനുള്ള സ്ക്വാഡിനെ തിരഞ്ഞെടുക്കുക. സെപ്റ്റംബർ ആദ്യ വാരം ഡ്യുറാൻഡ് കപ്പ് സമാപിക്കുമ്പോഴേക്കും പുതിയ താരങ്ങളെ ടീമിൽ എത്തിക്കാനാണു നീക്കം. ഒരു സ്ട്രൈക്കറും സെന്‍റർ ബാക്കും ടീമിൽ വരും. സെന്റർ ബാക്കായി വിദേശ താരവും സ്ട്രൈക്കറായി ഇന്ത്യൻ താരത്തെയും ബ്ലാസ്റ്റേഴ്സ് കൂടാരത്തിൽ എത്തിക്കും എന്നാണ് സൂചന . ദീർഘകാല കരാർ എന്ന നിലയിലാണ് പുതിയ താരങ്ങളെ പരിഗണിക്കുന്നത്.
advertisement
വിസാപ്രശ്‌നം കാരണം മുഖ്യ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചും ചില കളിക്കാരും ടീമിനൊപ്പം ഇതുവരെ ചേർന്നിട്ടില്ല. പ്രധാന താരങ്ങളിൽ, സെന്റർ ബാക്ക് മാർകോ ലെസ്കോവിച് മാത്രമാണു ഇനി ക്യാംപിൽ ചേരാനുള്ളത്. വ്യക്തിപരമായ കാരണങ്ങളാലാണു ക്രൊയേഷ്യൻ താരം വൈകുന്നത്. സഹപരിശീലകരായ ഫ്രാങ്ക് ഡ്രൗവിന്റെയും ടി ജി പുരുഷോത്തമന്റെയും നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ഉറുഗ്വേ മധ്യനിരക്കാരൻ അഡ്രിയാൻ ലൂണക്കാണ് ക്യാപ്‌റ്റൻ സ്ഥാനം നൽകുക. കഴിഞ്ഞ സീസണിൽ ജെസെലിന്റെ അഭാവത്തിൽ ലൂണയ്‌ക്കായിരുന്നു ചുമതല. ദിമിത്രിയോസ് ഡയമന്റാകോസും സോട്രിയോയുമെല്ലാം പരിശീലന ക്യാമ്പിലുണ്ട്.
advertisement
അതേസമയം ഐഎസ്‌എൽ മത്സരക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽനിന്ന് വലിയ മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരുങ്ങുന്നത്. ക്യാപ്‌റ്റൻ ജെസെൽ കർണെയ്‌റോ, സഹൽ അബ്‌ദുൾ സമദ്, ഇവാൻ കലിയുഷ്‌നി, അപോസ്‌തലോസ് ജിയാനു, ഹർമൻജോത് ഖബ്ര, ഗോൾകീപ്പർ പ്രഭ്‌സുഖൻസിങ് ഗിൽ, വിക്ടർ മൊൻഗിൽ, നിഷുകുമാർ തുടങ്ങിയവർ ടീം വിട്ടു. പുതുതായി എത്തിച്ച ഓസ്‌ട്രേലിയൻ മുന്നേറ്റക്കാരൻ ജോഷ്വാ സോട്രിയോ പരുക്കേറ്റു പുറത്തായി. എന്നാൽ പ്രതിരോധത്തിൽ പരിചയസമ്പന്നരായ പ്രീതം കോട്ടാൽ, പ്രബീർ ദാസ് എന്നിവരെ റാഞ്ചി. വരുംദിവസങ്ങളിൽ കൂടുതൽ താരങ്ങൾ ടീമിൽ എത്തുമെന്നാണ് സൂചന.
advertisement
ഡ്യൂറൻഡ് കപ്പിൽ ബംഗളൂരു എഫ്‌സി, ഗോകുലം കേരള, ഇന്ത്യൻ എയർഫോഴ്‌സ് എന്നീ ടീമുകൾ ഉൾപ്പെട്ട സി ഗ്രൂപ്പിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഓഗസ്റ്റ് 23-നാണ് കേരള ബ്ലാസ്റ്റേഴ്‌സ്-ഗോകുലം കേരള എഫ്.സി. മത്സരം നടക്കുക. ഉച്ചയ്ക്ക് 2.30-ന് കൊൽക്കത്തയിലെ മൈതാൻ ഗ്രൗണ്ടിലാണ് കളി. കൊൽക്കത്ത, ഗുവാഹത്തി, കൊക്രജാർ എന്നീ വേദികളിലായാണ് മത്സരങ്ങൾ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 23, 2023 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബ്ലാസ്റ്റേഴ്സും ഗോകുലവും നേർക്കുനേർ വരുന്നു; ഡ്യൂറണ്ട് കപ്പ് പോരാട്ടം ഓഗസ്റ്റ് 23ന്