ചരിത്രമെഴുതി കേരളം; ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലേക്ക്

Last Updated:

കേരളം ഫൈനലിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്

News18
News18
അഹമ്മദാബാദ്: ചരിത്രമെഴുതി കേരള ക്രിക്കറ്റ് ടീം. ഗുജറാത്തിനെതിരായ സെമിയിൽ രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. കേരളം ഫൈനലിൽ എത്തുന്നത് ചരിത്രത്തിൽ ആദ്യമാണ്. മുംബൈ- വിദർഭ  രണ്ടാം സെമി ഫൈനലിലെ വിജയികളെയാകും കേരളം നേരിടുക.
ഒന്നാം ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീ‍ഡാണ് കേരളത്തെ ചരിത്ര നേട്ടത്തിന് അടുത്തെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ കേരളം ഉയര്‍ത്തിയ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 റൺസെടുത്തു പുറത്തായി. അത്യന്തം ആവേശകരമായിരുന്നു മത്സരം. ‌ഇരു ടീമുകളുടെയും രണ്ടാം ഇന്നിങ്സ് കൂടി പൂർത്തിയായി ഫലനിർണയത്തിനുള്ള സാധ്യത വിരളമായതിനാൽ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിൽ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.
‌സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്തിനെ അവസാന ദിവസം വട്ടം കറക്കിയത്. 175–ാം ഓവറിൽ നാടകീയമായിട്ടായിരുന്നു ഗുജറാത്തിന്റെ പത്താം വിക്കറ്റ് വീണത്. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ അർസാൻ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി സ്ലിപ്പിൽ നിൽക്കുകയായിരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ചെടുക്കുകയായിരുന്നു.
advertisement
ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളത്തിന് വിലയേറിയ രണ്ട് റൺസ് ലീഡ് സ്വന്തമായി. അർധ സെഞ്ചുറി നേടിയ ജയ്മീത് പട്ടേൽ (177 പന്തിൽ 79 റൺസ്) സിദ്ധാർത്ഥ് ദേശായി (164 പന്തില്‍ 30), അർസാൻ നാഗ്‍വസ്വല്ല (48 പന്തിൽ 10) എന്നിവരാണ് അവസാന ദിവസം പുറത്തായ ഗുജറാത്ത് ബാറ്റർമാര്‍. ആദിത്യ സർവാതേയാണ് വെള്ളിയാഴ്ച മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്.
എട്ടാം വിക്കറ്റിൽ 72 റൺസ് കൂട്ടുകെട്ടുമായി പിടിച്ചു നിന്ന ജയ്മീത് പട്ടേലും (74) സിദ്ധാർഥ് ദേശായിയും (24) നാലാം ദിനം കേരളത്തിന്റെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457ന് എതിരെ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 222 എന്ന ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ വീണ്ടും പിൻസീറ്റിലാക്കി കേരളം ഡ്രൈവിങ് സീറ്റിലെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ ഉച്ച വരെ. പിച്ചിന്റെ ഒരു ഭാഗത്ത് ലഭിച്ച ടേൺ മുതലാക്കിയ ജലജ് സക്‌സേനയാണ് അതിനു നേതൃത്വം നൽകിയത്.
advertisement
വ്യാഴാഴ്ച കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. കേവലം 28 റണ്‍സ്‌കൂടി നേടിയാല്‍ കേരളാ സ്‌കോര്‍ മറികടക്കാമെന്നിരിക്കെയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തി രണ്ട് റൺസിനരികെ കേരളം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചരിത്രമെഴുതി കേരളം; ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലേക്ക്
Next Article
advertisement
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
  • സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് KL 90 എന്ന പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു.

  • KL 90 D സീരീസിൽ സംസ്ഥാന സർക്കാർ, KL 90 A, KL 90 E സീരീസിൽ കേന്ദ്ര സർക്കാർ.

  • KL 90 B, KL 90 F സീരീസിൽ തദ്ദേശ സ്ഥാപനങ്ങൾ, KL 90 C സീരീസിൽ അർധസർക്കാർ.

View All
advertisement