‘അല്ല ഗഡിയേ നാട്ടിൽ എവിടെയാ?’; ഫിഫയുടെ അഡ്മിനെ മലയാളികള്‍ തിരയുന്നു
- Published by:Sarika KP
- news18-malayalam
Last Updated:
എംബാപ്പെയുടെ മാസ് പ്രകടനത്തിനൊപ്പം ‘കിളിയേ കിളിയേ’ എന്ന പാട്ടുമിട്ടൊരു റീലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
മലയാളികൾക്ക് ഫുട്ബോൾ വികാരമാണ്. എന്നാൽ മലയാളികളില്ലാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കാൻ പറ്റില്ലെന്ന അവസ്ഥയാണ് ഫിഫ ഇപ്പോള്‍. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഫിഫ വേൾഡ് കപ്പിലെ മലയാളി സാനിധ്യം. കുറച്ച് ദിവസം മുൻപ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പേജിൽ കയറിയ മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമായിരുന്നു. കേരളത്തിൽ നിന്നുള്ള ബ്രസീൽ, അർജന്റീന,പോര്‍ച്ചുഗല്‍ ഫാൻസ് ആറിനു കുറുകെ അവരുടെ പ്രിയ കാൽപന്ത് ദൈവങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ നിർത്തിയിരിക്കുന്ന ചിത്രം ഫിഫയുടെ പേജിലെത്തിയത്.
ഇതോടെ ഫിഫയുടെ അഡ്മിൻ പോസ്റ്റ് കേരളാ ഘടകം ഏറ്റെടുത്തോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇത് ഉറപ്പിക്കുന്ന രീതിയിലുള്ള പോസ്റ്റ് വീണ്ടും വൈറലാവുകയാണ് ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ. ഫ്രഞ്ച് താരം കിലിയൻ എംബപെയുടെ മാസ് പ്രകടനത്തിനൊപ്പം 1983ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ‘കിളിയേ കിളിയേ’എന്ന പാട്ടുമിട്ടൊരു റീലാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇതോടെ ഫിഫ വേൾഡ് കപ്പ് പേജും അങ്ങനെ ‘മലയാളി’കളുടേതായി എന്നാണ് ആരാധകർ പറയുന്നത്.
advertisement
advertisement
ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ‘എടാ എടാ.. ആരാടാ അഡ്മിൻ സത്യം പറഞ്ഞോ.. കുന്നംകുളംകാരൻ കുട്ടാപ്പി അല്ലെ’, ‘മലപ്പുറത്ത് നിന്ന് ആരോ അഡ്മിന്‍ പാനലില്‍ കേറിയിട്ടുണ്ട്’, ‘അല്ല ഗഡിയേ നാട്ടിൽ എവിടെയാ?’ എന്നുതുടങ്ങി ആവേശം സിനിമയിലെ ‘ശ്രദ്ധിക്ക് അമ്പാനെ’, ‘എടാ മോനെ’ തുടങ്ങിയ മലയാളം കമന്‍റുകളും ഡയലോഗുകളും കൊണ്ടുനിറയുകയാണ് കമന്‍റ് ബോക്സ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 04, 2024 1:25 PM IST