Argentina in Kerala| മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഒന്നര മാസത്തിന് ശേഷം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്ലാ ഒരുക്കങ്ങൾക്കും സർക്കാർ നേതൃത്വം നൽകും
തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും ഫുട്ബോൾ മത്സരത്തിനായി കേരളത്തിലെത്തും. കായികമന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിനിൽ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാരിന്റെ നിയന്ത്രണത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും.
ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ മത്സരം നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്നര മാസത്തിന് ശേഷം അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ എത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തും. എല്ലാ ഒരുക്കങ്ങൾക്കും സർക്കാർ നേതൃത്വം നൽകും. ടീം അസോസിയേഷൻ വന്നതിന് ശേഷം തീയതി തീരുമാനിക്കും. മെസ്സി അടക്കം ടീമിൽ വരും. എതിർ ടീം ആരെന്ന് പിന്നീട് അറിയിക്കാം. സാമ്പത്തിക സഹകരണം ഉറപ്പാക്കും. ഫിഫ വിൻഡോ പ്രകാരം സമയം കണ്ടെത്തും. തീയതി അവർ പ്രഖ്യാപിക്കും.
advertisement
മത്സരം നടത്താനുള്ള വിവിധ വേദികൾ കേരളത്തിൽ ഉണ്ട്. ഏത് ടീമിനെതിരെ എന്ന കാര്യം പിന്നീട് തീരുമാനിക്കും. മഞ്ചേരി സ്റ്റേഡിയത്തില്‍ 20,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയില്ല. ധാരാളം ആളുകളെ മത്സരത്തിന് ഉൾകൊള്ളേണ്ടതുണ്ട്.
ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുകയെന്നാണ് വിവരം. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവു മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം. നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
advertisement
നേരത്തേ സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി മന്ത്രിയും സംഘവും അര്‍ജന്റീന ഫുട്‌ബാള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബാള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 20, 2024 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Argentina in Kerala| മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും