• HOME
 • »
 • NEWS
 • »
 • sports
 • »
 • Happy Birthday M S Dhoni | നാല്‍പ്പതിന്റെ നിറവില്‍ ക്യാപ്റ്റന്‍ കൂള്‍

Happy Birthday M S Dhoni | നാല്‍പ്പതിന്റെ നിറവില്‍ ക്യാപ്റ്റന്‍ കൂള്‍

ധോണിയുടെ ഗോള്‍കീപ്പിങിലെ അസാധാരണ മിടുക്ക് കണ്ട് സ്‌കൂള്‍ ടീം പരിശീലകനാണ് ധോണിയോട് ക്രിക്കറ്റിലേക്കു മാറാനും വിക്കറ്റ് കീപ്പിങില്‍ ശ്രദ്ധിക്കാനും ഉപദേശിക്കുന്നത്.

എം എസ് ധോണി

എം എസ് ധോണി

 • Share this:
  ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എന്ന വിശേഷണമുള്ള എം എസ് ധോണിക്ക് ഇന്ന് 40 വയസ്സ് തികയുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടും തൂണായി ക്യാപ്റ്റന്‍ കൂള്‍ ഇപ്പോഴും തുടരുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ലോകമൊട്ടാകെ വന്‍ ആരാധക പിന്തുണയാണ് ധോണിക്കുള്ളത്. ധോണിക്ക് കീഴില്‍ ഒരുപാട് നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം നേടിയിട്ടുണ്ട്. 2011 ഏപ്രില്‍ 2 അര്‍ദ്ധരാത്രിയില്‍ ഒരു രാജ്യത്തിന്റെ 28 വര്‍ഷം നീണ്ട ക്രിക്കറ്റ് മോഹങ്ങള്‍ വിരാമമിട്ട ഇന്ത്യന്‍ നായകന്‍ ധോണിയുടെ ഫിനിഷിങ് സിക്സര്‍ ഇന്നും ആരാധകരുടെ മനസ്സില്‍ കുളിരുള്ള ഓരോര്‍മയാണ്. കിരീടം വെക്കാത്ത രാജാവായി കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവം എന്ന് കരുതുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഒരു ലോക ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാന്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘത്തിനാണ് കഴിഞ്ഞത്.

  1981 ജൂലൈ ഏഴിന് ബിഹാറിലെ (ഇപ്പോള്‍ ജാര്‍ഖണ്ഡ്) റാഞ്ചിയിലാണ് ധോണി ജനിച്ചത്. പാന്‍സിങും ദേവകി ദേവിയുമാണ് മാതാപിതാക്കള്‍. ധോണിക്കു ഒരു സഹോദരനും സഹോദരിയുമുണ്ട്. ബികോം ബിരുദധാരിയാണ് ധോണി. സ്‌കൂള്‍ കാലഘട്ടത്തില്‍ ഫുട്ബോളിനോടായിരുന്നു ധോണിക്കു കമ്പം. സ്‌കൂള്‍ ഫുട്ബോള്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു അദ്ദേഹം. ഗോള്‍കീപ്പിങിലെ അസാധാരണ മിടുക്ക് കണ്ട് സ്‌കൂള്‍ ടീം പരിശീലകനാണ് ധോണിയോട് ക്രിക്കറ്റിലേക്കു മാറാനും വിക്കറ്റ് കീപ്പിങില്‍ ശ്രദ്ധിക്കാനും ഉപദേശിക്കുന്നത്.

  ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് 2001 മുതല്‍ 2003 വരെ ഖരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് എക്സാമിനറായി ധോണി ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവുമധികം വരുമാനമുള്ള കായിക താരങ്ങളിലൊരാളാണ് ധോണി. അദ്ദേഹത്തിന്റെ ഏകദേശം വരുമാനം 785 കോടിയോളം രൂപയാണ്. വരുമാനത്തിന്റെ വലിയൊരു പങ്കും പരസ്യങ്ങളില്‍ നിന്നാണ്. ഐ പി എല്ലില്‍ 2018 മുതല്‍ 15 കോടിയാണ് ധോണിക്കു പ്രതിവര്‍ഷം സി എസ് കെ ശമ്പളമായി നല്‍കുന്നത്.

  2007 ടി20 ലോകകപ്പ് വിജയത്തോടെ ആരംഭിച്ച ധോണി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയും ഷെല്‍ഫില്‍ എത്തിച്ചിരുന്നു. ഐ സി സിയുടെ മൂന്നു പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ലോകത്തിലെ ഏക ക്യാപ്റ്റനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയിലായിരുന്നു ധോണി ടീമിനെ ജേതാക്കളാക്കിയത്. അതിനുശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

  ധോണിയുടെ മാച്ച് ഫിനിഷിങ്ങിന് ലോകമൊട്ടാകെ വന്‍ ആരാധക പിന്തുണയാണുള്ളത്. ഇതില്‍ പ്രധാനപ്പെട്ടത് 2011ലെ ലോകകപ്പ് ഫൈനലിലെ ഫിനിഷിങ് തന്നെയാണ്. 2011ലെ ലോകകപ്പില്‍ ആദ്യ കളി മുതലേ ഏറെ പഴികള്‍ ധോണിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. ഓരോ കളിയിലും ടീം സെലക്ഷനെ ചൊല്ലി നായകന്‍ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടേയിരുന്നു. സ്വന്തം ഫോമിനെക്കുറിച്ചും അദ്ദേഹം ക്രൂശിക്കപ്പെട്ടുകൊണ്ടിരുന്നു. അതിനു മറുപടിയെന്നൊണമായിരുന്നു ഫൈനലിലെ ധോണിയുടെ പ്രകടനം. ബാറ്റിങ് ഓര്‍ഡറില്‍ സ്വയം സ്ഥാനക്കയറ്റം എടുത്ത് വിരാട് കോഹ്ലിക്ക് ശേഷം നാലാമനായാണ് ധോണി ഫൈനലില്‍ ഇറങ്ങിയത്. അവിസ്മരണീയമായ ക്യാപ്റ്റന്റെ ഇന്നിങ്സിനാണ് വാങ്കഡെ സ്റ്റേഡിയം അന്ന് സാക്ഷിയായത്. പത്തു പന്തുകള്‍ ശേഷിക്കെ നുവാന്‍ കുലശേഖരയുടെ പന്ത് ഹെലിക്കോപ്ടര്‍ ഷോട്ട് പായിച്ച് ധോണി ഇന്ത്യന്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു. ''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍, ഇന്ത്യ ലിഫ്റ്റഡ് വേള്‍ഡ് കപ്പ് ആഫ്റ്റര്‍ 28 യിയേഴ്സ്,'' എന്നിങ്ങനെയായിരുന്നു കമെന്ററി ബോക്‌സില്‍ രാവിശാസ്ത്രിയുടെ വാക്കുകള്‍.
  Published by:Sarath Mohanan
  First published: