ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരിക്കാം, പക്ഷേ അത് തനിക്ക് മറ്റൊരു സാധാരണ ഫുട്ബോൾ മത്സരം മാത്രം: മഹ്റെസ്
- Published by:user_57
- news18-malayalam
Last Updated:
കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഈ അൾജീരിയൻ താരമെന്നാണ് വിലയിരുത്തപ്പെടുന്നത്
2020-21 സീസൺ മാഞ്ചസ്റ്റർ സിറ്റി എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമിന് സ്വപ്നതുല്യമായ സീസണാണ്. ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിൽ ആദ്യ പകുതിയിൽ പിന്നിലായിരുന്ന ടീം, ലീഗിൻ്റെ രണ്ടാം പകുതിയിൽ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ലീഗിൽ മറ്റു ടീമുകളെല്ലാം വിജയം നേടാൻ ബുദ്ധിമുട്ടിയപ്പോൾ സിറ്റി തുടരെത്തുടരെ വിജയങ്ങൾ നേടി കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു. തത്‌ഫലമായി, ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾക്ക് മുൻപേ തന്നേ ടീമിന് കിരീടം ഉറപ്പിക്കാൻ കഴിഞ്ഞു.
പെപ് ഗ്വാർഡിയോള എന്ന സൂപ്പർ പരിശീലകൻ്റേയും ഒരു കൂട്ടം മികച്ച കളിക്കാരുടെയും മിന്നും പ്രകടനങ്ങളാണ് അവരുടെ മികവിന് ആധാരമായത്. പ്രീമിയർ ലീഗിൽ കിരീടം നേടുന്നതിന് മുൻപ് തന്നെ അവർ ലീഗ് കപ്പും കൂടാതെ യൂറോപ്പിലെ മുൻനിര പോരാട്ടമായ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ ബെർത്തും സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ യോഗ്യതയാണ് അവർ നേടിയത്. ചാമ്പ്യൻസ് ലീഗിലും കിരീടം നേടാനായാൽ അവർക്ക് സീസണിൽ കിരീട നേട്ടത്തിൽ ട്രെബിൾ നേട്ടവും സ്വന്തമാക്കാം. പോർച്ചുഗലിലെ പോർട്ടോയിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിയാണ് സിറ്റിയുടെ എതിരാളികൾ.
advertisement
എന്നാൽ ചെൽസിക്കെതിരായ ഫൈനലിന് ഇറങ്ങാനിരിക്കെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടത്തിന് തയ്യാറെടുക്കുന്നതിന്റെ യാതൊരു സമ്മർദ്ദവും തനിക്കില്ലെന്നാണ് മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കുന്നതിലും പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടു പാദങ്ങളിലും ഗോളുകൾ നേടി ടീമിന് ചരിത്രപരമായ ഫൈനൽ പ്രവേശനം നേടി കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച സിറ്റി മുന്നേറ്റനിര താരമായ റിയാദ് മഹ്റെസ് പറയുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അൾജീരിയൻ താരമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2015-16 സീസണിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രീമിയർ ലീഗിലെ കുഞ്ഞൻ ക്ലബായിരുന്ന ലൈസ്റ്റർ സിറ്റി ലീഗ് കിരീടം നേടിയപ്പോൾ ടീമിന്റെ കുന്തമുനയായിരുന്ന താരങ്ങളിൽ ഒരാളായിരുന്നു റിയാദ് മഹ്റെസ്. അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ താരം കരിയറിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുമ്പോൾ അതിനെ ഒരു സാധാരണ മത്സരം മാത്രമായാണ് കണക്കിലെടുക്കുന്നതെന്നാണ് ഓൺലൈൻ സ്പോർട്സ് മാധ്യമമായ ഗോൾ ഡോട് കോമിനോട് സംസാരിക്കവേ വ്യക്തമാക്കിയത്.
advertisement
"ഞങ്ങളുടെ കളി കാഴ്ചവയ്ക്കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. ഒരു സമ്മർദ്ദവും തോന്നുന്നില്ല, വ്യക്തിമികവ് കളിക്കളത്തിൽ പ്രകടിപ്പിച്ചാൽ മാത്രം മതിയാകും. തീർച്ചയായും ചെറിയ സമ്മർദ്ദം നിങ്ങൾക്ക് മത്സരങ്ങൾക്ക് മുൻപ് തോന്നിയേക്കാം. എന്നാൽ ഇത് നല്ലൊരു സമ്മർദ്ദമാണ്. അതിനെ ആത്മവിശ്വാസവും വ്യക്തിമികവുമായി മാറ്റിയെടുത്താൽ മതി."
"മത്സരം അനായാസമായിരിക്കും എന്നു ഞാൻ പറയുന്നില്ലെങ്കിലും ഞാൻ ശാന്തനാണ്. ഒരിക്കലും സമ്മർദ്ദത്തെ തലയിലേക്ക് വലിച്ചു കേറ്റാൻ ഞാനില്ല. ഇതൊരു സാധാരണ മത്സരമായാണ് ഞാൻ കാണുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരമാണിതെങ്കിലും എന്നെ സംബന്ധിച്ച് ഇത് മറ്റൊരു ഫുട്ബോൾ മത്സരം മാത്രമാണ്," മഹ്റെസ് വ്യക്തമാക്കി.
advertisement
മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കരുത്ത് ശക്തമായ ടീമും അതിലുപരി താരങ്ങൾ ഒറ്റക്കെട്ടായി പോരാടുന്നു എന്നുള്ളതുമാണെന്ന് മഹ്റെസ് പറഞ്ഞു. ഇത്തരത്തിൽ മികച്ച ഒരു കൂട്ടം കളിക്കാർ സ്വന്തമായുള്ള ടീമിലെ എല്ലാ താരങ്ങൾക്കും മത്സരത്തിൽ വ്യത്യാസം കൊണ്ടു വരാനും ടീമിന് വിജയം നൽകാനും കഴിയുമെന്നും അൾജീരിയൻ താരം പറഞ്ഞു.
Summary: Manchester City's Algerian forward Riyad Mahrez stays cool-headed prior to Champions League final. 'It's just a football game for me', he says
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 8:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരിക്കാം, പക്ഷേ അത് തനിക്ക് മറ്റൊരു സാധാരണ ഫുട്ബോൾ മത്സരം മാത്രം: മഹ്റെസ്