മലയാളികൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ വക ഓണാശംസ; ആഘോഷമാക്കി സിറ്റി ആരാധകർ
- Published by:Naveen
- news18-malayalam
Last Updated:
മലയാളി ഫുട്‍ബോൾ ആരാധകർക്കിടയിൽ വൈറൽ ആയിക്കൊണ്ടിരുന്ന പോസ്റ്റിന് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ ലൈക്കുകളും പതിനായിരത്തോളം കമന്റുകളുമാണ് ലഭിച്ചിട്ടുള്ളത്.
ഓണം ആഘോഷിക്കാൻ ഒരുങ്ങിനിൽക്കുന്ന മലയാളികൾക്ക് ആവേശം പകർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ മലയാളികൾക്ക് ഓണാശംസ നേരുകയായിരുന്നു. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ സിറ്റിക്ക് കേരളത്തിൽ ഒരുപാട് ആരാധകരാണുള്ളത്.
ഓണാശംസ നേർന്ന് സിറ്റി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. യൂറോപ്പിൽ മുൻനിര ലീഗുകൾ എല്ലാം തുടങ്ങുന്നതിന്റെ ആവേശത്തിൽ നിൽക്കുന്ന കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് പ്രത്യേകിച്ച് ക്ലബ്ബിന്റെ ആരാധകരായവർക്ക്, സിറ്റിയുടെ ഓണാശംസ കൂടി വന്നത് ആ ആവേശത്തിന് കൊഴുപ്പ് കൂട്ടുകയാണ് ഉണ്ടായത്.
'കേരളത്തിലെയും ഇന്ത്യയിലെയും ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഓണാശംസകള്‍ നേരുന്നു' -ഇംഗ്ലീഷിലും മലയാളത്തിലുമായി സിറ്റി തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ മലയാളികൾക്കായി പങ്കുവെച്ചു. ഇതിൽ സിറ്റിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആളുകളിലേക്ക് കൂടുതൽ എത്തിയത്. ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ മലയാളി ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്. മലയാളി ഫുട്‍ബോൾ ആരാധകർക്കിടയിൽ വൈറൽ ആയിക്കൊണ്ടിരുന്ന പോസ്റ്റിന് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ ലൈക്കുകളും പതിനായിരത്തോളം കമന്റുകളുമാണ് ലഭിച്ചിട്ടുള്ളത്.
advertisement
advertisement
യൂറോപ്പിൽ ഇന്ന് മുതൽ വിവിധ ലീഗുകളുടെ പുതിയ സീസൺ ആരംഭിക്കുകയാണ്. യൂറോപ്പിലെ മുൻനിര യിൽ നിൽക്കുന്ന അഞ്ച് ലീഗുകളിൽ ഇന്ന് ഇംഗ്ലണ്ടിലും സ്പെയിനിലും ജർമനിയിലും പുതിയ സീസണിലെ മത്സരങ്ങൾ അരങ്ങേറും. യൂറോ കപ്പിലെ ഗോൾമഴക്കാലം ഇനി യൂറോപ്യൻ ലീഗുകളിൽ പെയ്തിറങ്ങാൻ പോവുകയാണ്. കഴിഞ്ഞ സീസണിൽ കോവിഡ് പ്രതിസന്ധി നിലനിന്നിരുന്നതിനാൽ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആയിരുന്നു കളിയെങ്കിൽ ഇത്തവണ കാണികൾ സ്റ്റേഡിയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് കൂടി ഈ സീസൺ സാക്ഷ്യം വഹിക്കും.
advertisement
യൂറോപ്പിലെ കടുപ്പമേറിയ ലീഗെന്ന വിശേഷണമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിനായി എല്ലാ ടീമുകളും ഒരുങ്ങിക്കഴിഞ്ഞു. ട്രാൻസ്ഫർ വിപണിയിൽ നിന്നും മികച്ച താരങ്ങളെ വാങ്ങി താരസമ്പന്നമായി തന്നെയാണ് ടീമുകളെല്ലാം തന്നെ പുതിയ സീസണിന് എത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ കാര്യവും വ്യത്യസ്തമല്ല. ലീഗിലെ ഏറ്റവും താരസമ്പന്നമായ ടീമുകളിൽ ഒന്നാണ് സിറ്റി. ഇംഗ്ലണ്ടിന്റെ സൂപ്പർ താരമായ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയ സിറ്റി സൂപ്പർ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് കീഴിൽ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. ഗ്രീലിഷിനൊപ്പം കളിക്കാൻ കെവിൻ ഡി ബ്രൂയ്നെ, സ്റ്റെർലിങ്, മഹ്‌റെസ് എന്നിങ്ങനെയുള്ള സൂപ്പർ താരങ്ങളും അവരുടെ നിരയിലുണ്ട്.
advertisement
നിലവിലെ ലീഗ് ചാമ്പ്യന്മാരയ സിറ്റി ഈ സീസണിൽ ലീഗ് കിരീടത്തിനൊപ്പം അവർക്ക് ഇതുവരെ കിട്ടാക്കനിയായ ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണിൽ മറ്റു ടീമുകളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് സിറ്റി ലീഗ് കിരീടം ചൂടിയത്. ചാമ്പ്യൻസ് ലീഗിൽ ഫൈനലിൽ ചെൽസിയോട് രണ്ട് ഗോളിന് തോൽവി ഏറ്റുവാങ്ങിയാണ് അവർക്ക് കിരീടം നഷ്ടമായത്. ഈ സീസണിൽ അത് വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാകും അവർ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 13, 2021 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മലയാളികൾക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ വക ഓണാശംസ; ആഘോഷമാക്കി സിറ്റി ആരാധകർ