മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്ക് ബാലൺ ദ്യോർ പുരസ്കാരം
- Published by:Nandu Krishnan
- news18-malayalam
Last Updated:
2003ന് ശേഷം ആദ്യമായാണ് ക്രിസ്റ്റിയാനോ റൊണാൾഡോയുടെയോ ലയണൽ മെസിയുടെയോ പേരില്ലാതെ ബാലൺ ദ്യോർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക വരുന്നത്
മികച്ച ഫുട്ബാൾ താരത്തിന് സമ്മാനിക്കുന്ന ബാലൺ ദ്യോർ പുരസ്കാരത്തിന് അർഹനായി മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി. റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറെ പിൻതള്ളിയാണ് 2024ലെ ബാലൺ ദ്യോർ പുരസ്കാരം റോഡ്രി സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണയും സ്പാനിഷ് താരം എയ്റ്റാന ബോൺമാറ്റിയ്ക്കാണ് മികച്ച വനിതാ ഫുട്ബാൾ താരത്തിനുള്ള ബാലൺ ദ്യോർ പുരസ്കാരം. ബാഴസലോണയുടെ സ്പാനിഷ് താരം ലിമിൻ യമാലിനാണ് മികച്ച യുവ താരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്കാരം. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്ബാളാണ് പുരസ്കാരം നൽകുന്നത്. ചൊവ്വാഴ്ച പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ സീസണിൽ രാജ്യത്തിനുവേണ്ടിയും ക്ളബിനു വേണ്ടിയും കളിച്ച മത്സരങ്ങളിൽ വെറും ഒരു കളിയിൽ മാത്രമാണ് ഈ 28 കാരൻ പരാജയമറിഞ്ഞത്. സ്പെയിൽ 2024ലെ യൂറോക്കപ്പ് നേടിയ ടീമിലും റോഡ്രിയുണ്ടായിരുന്നു. പ്രീമിയർ ലീഗ് കപ്പും യുവേഫ സൂപ്പർ കപ്പും, ക്ളബ് വേൾഡ് കപ്പും നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ പ്രധാന സാന്നിദ്യമായിരുന്നു റോഡ്രി. ക്ളബിനും രാജ്യത്തിനും വേണ്ടിയുള്ള മികച്ച പ്രകടനമാണ് റോഡ്രിയെ പുരസ്കാരത്തിന് അർഹനാക്കിയത്. പുരസ്കാരം നിർണയിക്കുന്ന കാലയളവിൽ 12 ഗോളുകളും 15 ഗോൾ അസിസ്റ്റുകളുമാണ് റോഡ്രിയുടെ പേരിലുണ്ടായിരുന്നത്.
advertisement
2023 ഓഗസ്റ്റ് ഒന്നു മുതൽ 2024 ജൂലൈ 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് ബാലൺ ദ്യോർ പുരസ്കാരത്തിനായി പരിഗണിക്കുക. 2003ന് ശേഷം ആദ്യമായാണ് പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെയോ അർജന്റീനയുടെ ലയണൽ മെസിയുടെയോ പേരില്ലാതെ ബാലൺ ദ്യോർ പുരസ്കാരത്തിന്റെ അന്തിമ പട്ടിക വരുന്നത്. ക്രിസ്റ്റ്യാനോ 5 തവണയും മെസി 8 തവണയുമാണ് ബാലൺ ദ്യോർ പുരസ്കാരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡാണ് ഈവർഷത്തെ മികച്ച ക്ളബിനുള്ള പുരസ്കാരത്തിന് അർഹമായത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 29, 2024 8:15 AM IST