ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ച മാഞ്ചസ്റ്റർ ടെസ്റ്റ് ടോസ് ഇടുന്നതിന് മണിക്കൂറുകൾക്ക് മുൻപായി ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യൻ ക്യാമ്പിൽ ഉയർന്നു വരുന്ന കോവിഡ് ഭീഷണി മൂലം കളിക്കാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) നടത്തിയ ചര്‍ച്ചയിലാണ് ടെസ്റ്റ് ഉപേക്ഷിച്ചതായുള്ള തീരുമാനം വന്നത്. എന്നാല്‍ മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ചര്‍ച്ചയായത് മത്സരം ഉപേക്ഷിക്കാൻ കാരണമായത് ഒരാഴ്ചയ്ക് അപ്പുറം നടക്കാനിരിക്കുന്ന ഐപിഎല്ലാണോ എന്നതാണ്.
സെപ്റ്റംബർ 19ന് യുഎഇയിൽ ഐപിഎല്ലിന്റെ രണ്ടാം പാദം ആരംഭിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി നടക്കുന്ന മാഞ്ചസ്റ്റർ ടെസ്റ്റിനിടെ ഇന്ത്യൻ ടീമിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചാൽ ടീം ഒന്നടങ്കം 10 ദിവസത്തെ ക്വാറന്റീനിൽ കഴിയേണ്ടി വരും. അങ്ങനെ വന്നാൽ ഐപിഎൽ നടത്താൻ പറ്റാത്ത അവസ്ഥയുണ്ടാകും. ടെസ്റ്റ് ഒന്നോ രണ്ടോ ദിവസത്തേക്ക് നീട്ടിവെക്കാതിരുന്നത് പിന്നിലും ഐപിഎൽ തന്നെയാണ് കാരണം. ഐപിഎൽ നടന്നില്ലെങ്കിൽ ബിസിസിഐയ്ക്ക് വലിയ വരുമാന നഷ്ടമാണ് ഉണ്ടാവുക.
ഇക്കാര്യങ്ങളെല്ലാം തന്നെ ഉയർത്തിക്കാട്ടിയാണ് ആരാധകരുടെ പ്രതിഷേധം. ടെസ്റ്റ് ക്രിക്കറ്റിന് മുകളിൽ പണം വാരുന്ന ലീഗുകൾക്ക് പ്രാമുഖ്യം കൊടുക്കുന്നു എന്ന ആരോപണമാണ് ഇതിനായി അവർ ഉയർത്തിക്കാണിക്കുന്നത്. ഇന്ത്യൻ താരങ്ങൾ ഇല്ലാതെ ലീഗ് മുന്നോട്ട്പോവില്ല എന്നുള്ളതിനാൽ, ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബിസിസിഐയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമെന്നുമുള്ള തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ടെസ്റ്റ് ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും ബിസിസിഐയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് മത്സരം റദ്ദാക്കിയതെന്നാണ് സൂചന.
Also read- IND vs ENG| മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി; ഇംഗ്ലണ്ടിന് നഷ്ടം 200 കോടി
കോവിഡ് വ്യാപനം കുറവായിരുന്ന ഇംഗ്ലണ്ടിൽ ബയോ ബബിളിന് പകരം നിയന്ത്രിത സാഹചര്യങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ കഴിഞ്ഞിരുന്നത്. ബബിളിൽ അല്ലായിരുന്നുവെങ്കിലും ജാഗ്രത പാലിക്കണമെന്ന് ബിസിസിഐ ഇന്ത്യൻ സംഘത്തോട് അറിയിച്ചിരുന്നു. ഇതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇന്ത്യൻ ക്യാമ്പിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പരിശീലകൻ രവി ശാസ്ത്രിക്കായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, അസിസ്റ്റന്റ് ഫിസിയോ യോഗേഷ് പാർമർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ക്യാമ്പ് കൂടുതൽ പ്രതിസന്ധിയിൽ ആവുകയായിരുന്നു.
പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം കളിക്കാര്‍ക്ക് വിവിധ ഐപിഎല്‍ ടീം ക്യാമ്പുകളില്‍ എത്തേണ്ടതുകൊണ്ട് മാഞ്ചസ്റ്ററില്‍ ഐപിഎല്‍ ബയോ ബബ്ള്‍ ഒരുക്കുമെന്നു ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ താരങ്ങള്‍ പെട്ടെന്നു തന്നെ ഐപിഎല്‍ ടീം ക്യാമ്പില്‍ തിരിച്ചെത്തുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BCCI, India Vs England Test, Ipl, Test cricket