ആദ്യം എറിഞ്ഞിട്ടു, പിന്നീട് അടിച്ചെടുത്തു; ആധികാരിക ജയവുമായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
- Published by:Rajesh V
- news18-malayalam
Last Updated:
പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്
റായ്പുര്‍: രണ്ടാം ഏകദിനത്തിലെ ആധികാരിക ജയത്തോടെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). റായ്പൂരിൽ ഇന്ന് നടന്ന രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. പരമ്പരയില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.
അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യൻ ജയം എളുപ്പമാക്കി. 50 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഏഴ് ഫോറുമടക്കം 51 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ 53 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇഷാന്‍ കിഷന്‍ പുറത്താകാതെ എട്ട് റണ്‍സെടുത്തു. 11 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് പുറത്തായ മറ്റൊരു താരം.
ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലന്‍ഡിനെ 108 റണ്‍സിന് എറിഞ്ഞിട്ടു. 34.3 ഓവറില്‍ കീവീസ് ഓള്‍ഔട്ടായി. കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കിവീസ് മുന്‍നിര തകർന്നുവീഴുകയായിരുന്നു. ഒരു ഘട്ടത്തില്‍ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സന്ദര്‍ശകരെ ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് 100 കടത്തിയത്.
advertisement
52 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് അവരുടെ ടോപ് സ്‌കോറര്‍. ബ്രേസ്വെല്‍ 30 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. സാന്റ്നര്‍ 39 പന്തില്‍ നിന്ന് 27 റണ്‍സ് സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്. സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ഇന്നിങ്സിന്റെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ഫിന്‍ അലന്റെ (0) കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമി വിക്കറ്റ് വേട്ട തുടങ്ങിവെച്ചു. ആറാം ഓവറില്‍ ഹെന്റി നിക്കോള്‍സിനെ (2) മടക്കി മുഹമ്മദ് സിറാജ് വേട്ടയില്‍ ഒപ്പം ചേര്‍ന്നു. ഏഴാം ഓവറില്‍ ഡാരില്‍ മിച്ചലിനെ (1) മടക്കി ഷമി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വെയെ (7) ഹാര്‍ദിക് പാണ്ഡ്യ സ്വന്തം ബൗളിങ്ങില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ക്യാപ്റ്റന്‍ ടോം ലാഥമിനെ (1) മടക്കി ശാര്‍ദുല്‍ താക്കൂര്‍ കിവീസിനെ പൂര്‍ണമായും പ്രതിരോധത്തിലാക്കി.
advertisement
ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 12 റണ്‍സിന് ജയിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Raipur,Raipur,Chhattisgarh
First Published :
January 21, 2023 8:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യം എറിഞ്ഞിട്ടു, പിന്നീട് അടിച്ചെടുത്തു; ആധികാരിക ജയവുമായി ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ