ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് നിരയിലെ നിർണായക സാന്നിധ്യമായി മാറികൊണ്ടിരിക്കുകയാണ് മുഹമ്മദ് സിറാജ്. മികച്ച ലൈനും ലെങ്തും കണ്ടെത്തി കൃത്യതയോടെ എറിയുന്ന സിറാജിന്റെ ബൗളിംഗ് മികവാണ് ഇന്ത്യക്ക് ഇക്കഴിഞ്ഞ ലോഡ്‌സ് ടെസ്റ്റിൽ ജയമൊരുക്കിയത്. ലോഡ്‌സിൽ രണ്ട് ഇന്നിങ്‌സുകളിൽ നിന്നും നാല് വീതം വിക്കറ്റുകൾ നേടിയ സിറാജ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ആവേശകരമായി മാറിയ മത്സരത്തിൽ ഇന്ത്യ വിജയം കൈവരിച്ചപ്പോൾ വാർത്തകളിൽ നിറഞ്ഞു നിന്നതും ഈ യുവതാരത്തിന്റെ പ്രകടനം തന്നെയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് വിക്കറ്റ് നേടിക്കഴിഞ്ഞതിന് ശേഷം ചുണ്ടിൽ വിരൽ വച്ച് വായടക്കാൻ എന്ന് പറയുന്ന ആഘോഷ പ്രകടനമായിരുന്നു.
ലോഡ്‌സിലെ ഗംഭീര വിജയത്തിൽ ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. പ്രത്യേകിച്ചും സിറാജിന്റെ ഗംഭീര പ്രകടനത്തിൽ താരത്തിന്റെ നാട്ടുകാർക്ക് അത് ഇരട്ടി ആവേശവും സന്തോഷവുമാണ് നൽകിയത്. അവരുടെ പ്രിയ താരത്തിന്റെ ഒരു കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് കൊണ്ടാണ് അവർ അവരുടെ സന്തോഷവും താരത്തിനോടുള്ള സ്നേഹവും പ്രകടിപ്പിച്ചത്. ചുണ്ടില്‍ വിരല്‍ വെച്ച് വായടക്കാന്‍ പറയുന്ന സിറാജിന്റെ വിക്കറ്റ് ആഘോഷത്തിന്റെ രൂപത്തിലുള്ള കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചിരിക്കുന്നത്. കടും നീല നിറത്തിലുള്ള ജഴ്‌സി അണിഞ്ഞുള്ള സിറാജിന്റെ കട്ടൗട്ടില്‍ മാലയിട്ടും ആരാധകര്‍ അദ്ദേഹത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചിരിക്കുകയാണ്. എന്തായാലും സിറാജിന്റെ കൂറ്റന്‍ കട്ടൗട്ടിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു
ലോഡ്‌സിൽ അവസാന ദിനം വരെ ഇന്ത്യ തോൽവി ഒഴിവാക്കാനായി പൊരുതിക്കൊണ്ടിരിക്കുയായിരുന്നു. എന്നാൽ അഞ്ചാം ദിനം ഇന്ത്യൻ നിരയുടെ കൂട്ടായ പ്രകടനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിന്റെ കയ്യിൽ നിന്നും ജയം പിടിച്ചുവാങ്ങുകയായിരുന്നു. തുടക്കത്തിൽ ഷമിയും ബുംറയും ചേർന്ന് തുടക്കമിട്ട വിക്കറ്റ് വേട്ട പിന്നീട് ഏറ്റെടുത്ത സിറാജ്, മികച്ച ഫോമിൽ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇന്ത്യയുടെ ജയമുറപ്പിച്ച് ആൻഡേഴ്സന്റെ ഓഫ് സ്റ്റമ്പ് തെറിച്ചപ്പോൾ സിറാജ് ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിന്റെ ആഘോഷം സീമകൾ ഇല്ലാത്തതായിരുന്നു.
അതേസമയം, തന്റെ ഇത്തരത്തിൽ ഒരു ആഘോഷ പ്രകടനം നടത്തുന്നതിന്റെ കാരണം സിറാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. താൻ ഓരോ വിക്കറ്റ് നേടി തന്റെ പ്രകടനങ്ങൾ മെച്ചപ്പെടുത്തുമ്പോൾ നടത്തുന്ന ഈ പ്രകടനം തന്റെ വിമർശകർക്കുള്ള മറുപടിയാണെന്നാണ് താരം പറഞ്ഞത്. കളത്തിലെ തന്റെ ഈ പ്രകടനം ഒരു ബൗളർ എന്ന നിലയിലും തന്റെ കഴിവിലും സംശയം പ്രകടിപ്പിച്ചവർക്കുള്ള മറുപടി കൂടിയാണ് എന്നായിരുന്നു.
അതേസമയം ലോഡ്‌സിലെ വിജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ നേടിയ 1-0ന്റെ ലീഡിന്റെ മുൻതൂക്കം നൽകുന്ന ആത്മവിശ്വാസം പരമാവധി പ്രയോജനപ്പെടുത്താനാകും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.
മൂന്നാം ടെസ്റ്റ് നടക്കുന്ന ലീഡ്‌സിൽ എത്തിയ ഇന്ത്യൻ സംഘം പരിശീലന സെഷനുകളിൽ ഏർപ്പെട്ടിരുന്നു. ഇംഗ്ലണ്ട് നിരയിൽ പരിക്ക് ഭീഷണി ഉള്ളതിനാൽ 25ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ തന്നെയാകും ഫേവറിറ്റ്സ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.