പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം കരുത്തരായ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗർ നേതൃത്വം നൽകിയ മുംബൈ ആദ്യ പ്രീമിയർ ലീഗ് വിജയികളായത്. ബോളർമാരുടെ മികച്ച പ്രകടനവും നാറ്റ് സ്കൈവർ-ബ്രണ്ടിന്‍റെ മികച്ച ബാറ്റിങ്ങുമാണ് മൽസരഫലം മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്.
ഡൽഹി ഉയർത്തിയ 132 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് ആദ്യ ഓവറിൽ യാസ്തിക ഭാട്ടിയയെ രാധാ യാദവ് പുറത്താക്കി. ഇടംകൈയ്യൻ സ്പിന്നർ എറിഞ്ഞ ഫുൾടോസ് മിഡ് വിക്കറ്റിന് മുകളിലൂടെ ഉയർത്തി അടിക്കാനുള്ള ഭാട്ടിയയുടെ ശ്രമം ആലീസ് കാപ്‌സിയുടെ കൈകളിൽ അവസാനിച്ചു. മൂന്ന് പന്തിൽ നാല് റൺസ് മാത്രമായിരുന്നു ഭാട്ടിയയുടെ സമ്പാദ്യം.
അധികം വൈകാതെ, ജെസ് ജോനാസെൻ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കുക ചെയ്തതോടെ ഡൽഹി പിടിമുറക്കുകയാണെന്ന് തോന്നി. എന്നാൽ പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ക്യാപ്റ്റൻ കൗറിന്റെ ചുമലിലേറി മുംബൈ ലക്ഷ്യത്തിലേക്ക് മുന്നേറി. പതിനേഴാം ഓവറിൽ കൌർ പുറത്താകുമ്പോൾ മുംബൈയ്ക്ക് ജയിക്കാൻ 24 പന്തിൽ 37 റൺസ് വേണ്ടിയിരുന്നു, ഹർമന്റെ റണ്ണൗട്ട് കഴിഞ്ഞ മാസം നടന്ന വനിതാ ടി20 ലോകകപ്പ് ഫൈനലിന്റെ ഓർമ്മകൾ തിരികെ കൊണ്ടുവന്നു, അന്ന് ക്യാപ്റ്റന്റെ റണ്ണൗട്ടാണ് ടീം ഇന്ത്യ ഹൃദയഭേദകമായ തോൽവിയിലേക്ക് പോകാനിടയായത്.
പക്ഷേ ഇത് മുംബൈയുടെ ദിനമായിരുന്നു, അവർ വിജയത്തിലേക്ക് മുന്നേറി. കൌറിനൊപ്പം മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷം, നാറ്റ് സ്കൈവർ-ബ്രണ്ട് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടി മുംബൈയുടെ വിജയത്തിന് തിരക്കഥയൊരുക്കി. 55 പന്തിൽ 60 റൺസുമായി അവർ പുറത്താകാതെ നിന്നപ്പോൾ അമേലിയ കെർ 8 പന്തിൽ പുറത്താകാതെ 14 റൺസെടുത്തു.
നേരത്തെ, ശിഖ പാണ്ഡെയും രാധ യാദവും പത്താം വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി മുംബൈ ഇന്ത്യൻസിനെതിരെ ഒമ്പതിന് 131 എന്ന എന്ന സ്കോറിലേക്ക് ഡൽഹി എത്തുകയായിരുന്നു. വിദേശ ബൗളർമാരായ ഹെയ്‌ലി മാത്യൂസ് (4-2-5-3), ഇസബെല്ലെ വോങ് (4-0-) എന്നിവരുടെ മികച്ച പ്രകടനമാണ് ഡൽഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. 11-ാം ഓവറിൽ 3 വിക്കറ്റിന് 74 എന്ന നിലയിൽ നിന്ന് 16 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 79 എന്ന നിലയിലേക്ക് ഡൽഹി തകർന്നടിഞ്ഞു.
എന്നിരുന്നാലും, ശിഖയും (17 പന്തിൽ പുറത്താകാതെ 27) രാധാ യാദവും (12 പന്തിൽ പുറത്താകാതെ 27) ചേർന്ന് 52 റൺസ് കൂട്ടുകെട്ട് അവരെ 100 കടത്തുകയും മാന്യമായ സ്കോറിലേക്ക് എത്തിക്കുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi capitals, Harman preet Kaur, Mumbai indians, WPL