വെടിക്കെട്ട് ബാറ്റിങ്ങുമായി ഇംഗ്ലണ്ട് (England) ലോക റെക്കോര്‍ഡ് സ്‌കോര്‍ നേടിയ മത്സരത്തില്‍ പന്ത് കണ്ടെത്താന്‍ സ്റ്റേഡിയത്തിന് പുറത്തെ കാട്ടില്‍ തപ്പിനടന്ന് നെതര്‍ലന്‍ഡ്‌സ് (Netherlands) താരങ്ങള്‍. നെതെര്‍ലന്‍ഡ്‌സും ഇംഗ്ലണ്ടും (NED vs ENG) തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിനിടെയായിരുന്നു സംഭവം. നാട്ടുംപുറങ്ങളിലെ ക്രിക്കറ്റ് കളികളിലേത് പോലെ ഫീല്‍ഡ് ചെയ്യുന്ന ടീമിലെ താരങ്ങള്‍ പന്ത് തപ്പി കാട്ടിലിറങ്ങിയതോടെ സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട നിരാശ മാത്രമാണ് ഇംഗ്ലണ്ടിന് നേരിടേണ്ടി വന്നത്. ആ നിരാശ അവര്‍ ബാറ്റിങ്ങിലൂടെ മറികടക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ ഫിലിപ് സാള്‍ട്ടും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു.
ക്രീസില്‍ ഇംഗ്ലീഷ് താരങ്ങള്‍ തകര്‍ത്തടിച്ച് മുന്നേറുന്നതിനിടെയാണ് മലാന്‍ അടിച്ച സിക്‌സ് സ്റ്റേഡിയത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ ചെന്ന് വീണത്. കാട്ടില്‍ വീണ പന്തിനായി ഗ്രൗണ്ട് സ്റ്റാഫ് തിരച്ചില്‍ നടത്തുന്നതിനിടെ നെതര്‍ലന്‍ഡ്‌സ് താരങ്ങളും പന്ത് തിരഞ്ഞെത്തുകയായിരുന്നു. അല്‍പ്പനേരത്തെ തിരച്ചിലിനൊടുവില്‍ പന്ത് കണ്ടെത്തുകയും ചെയ്തു. കാണാതെ പോയ പന്ത് കിട്ടിയപ്പോള്‍ ആരവങ്ങള്‍ മുഴക്കിയാണ് പന്തുമായി നെതര്‍ലന്‍ഡ്സ് താരങ്ങള്‍ തിരികെ കളത്തിലേക്ക് പോയത്.
Also read-
ഏകദിനത്തിൽ ലോക റെക്കോർഡ് തിരുത്തി വീണ്ടും ഇംഗ്ലണ്ട്; നെതർലൻഡ്സിനെ 232 റൺസിന് തകർത്തു
ഏകദിന മത്സരമായിരുന്നെങ്കിലും ഇംഗ്ലണ്ട് ടി20 ശൈലിയിലാണ് കളിച്ചത്. എതിരാളികളെ ഒട്ടും മാനിക്കാതെ കണക്കിന് പ്രഹരിച്ച് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് പേരാണ് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയത്. ജോസ് ബട്ട്ലര്‍ (162*), ഫില്‍ സാള്‍ട്ട് (122), ദാവിദ് മലാന്‍ (125) എന്നിവരാണ് ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡ് പ്രയാണത്തിന് കുതിപ്പേകിയ സെഞ്ചുറികള്‍ സ്വന്തമാക്കിയത്. 22 പന്തില്‍ നിന്ന് 66 റണ്‍സ് നേടി ലിയാം ലിവിംഗ്സ്റ്റണും ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ലിവിങ്സ്റ്റണ്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ട് സ്‌കോര്‍ 500ന് അടുത്തെത്തിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ നെതര്‍ലന്‍ഡ്സിന്റെ മറുപടി 49.4 ഓവറില്‍ 266ല്‍ അവസാനിച്ചതോടെ 232 റണ്‍സിന്റെ വമ്പന്‍ ജയം കൂടി ഇംഗ്ലണ്ട് സ്വന്തമാക്കി.
മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും ഇംഗ്ലണ്ട് കുറിച്ചു. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍, മൂന്നു പേര്‍ക്ക് സെഞ്ചുറി, ഒരാള്‍ക്ക് അതിവേഗ അര്‍ധസെഞ്ചറി, 36 ഫോറുകള്‍, 24 സിക്‌സുകള്‍എന്നിങ്ങനെ കണക്കില്ലാത്ത നേട്ടങ്ങളാണ് അവര്‍ നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.