നെയ്മർ ഇന്ത്യയിലേക്ക്; എ.എഫ്.സി കപ്പിൽ മുംബൈയ്ക്കെതിരെ കളിച്ചേക്കും
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ന് നടന്ന എ.എഫ്.സി കപ്പ് ഡ്രോയിൽ ഇന്ത്യയിലെ മുംബൈ സിറ്റി എഫ്.സി ക്ലബും നെയ്മർ കളിക്കുന്ന അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചു
മുംബൈ: ലോകമെങ്ങും ഏറെ ആരാധകരുള്ള ബ്രസീലിയൻ ഫുട്‌ബോള്‍ താരം നെയ്മര്‍ ഇന്ത്യയിൽ കളിക്കാൻ സാധ്യതയേറി. നിലവിൽ സൌദി അറേബ്യൻ ക്ലബായ അൽ-ഹിലാലുമായി കരാർ ഒപ്പിട്ട നെയ്മർ, എ.എഫ്.സി കപ്പിൽ ഇന്ത്യയിൽ കളിക്കാനാണ് കളമൊരുങ്ങുന്നത്. ഇന്ന് നടന്ന എ.എഫ്.സി കപ്പ് ഡ്രോയിൽ ഇന്ത്യയിലെ മുംബൈ സിറ്റി എഫ്.സി ക്ലബും അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ ഇടംനേടിയതോടെയാണ് നെയ്മർ ഇന്ത്യയിലേക്ക് വരാൻ സാധ്യത വർദ്ധിച്ചത്.
അൽ ഹിലാലിനൊപ്പം മുംബൈയിൽ കളിക്കാൻ എത്തിയാൽ, നെയ്മർ ആദ്യമായാകും ഇന്ത്യയിൽ കളിക്കുക. എ.എഫ്.സി കപ്പിൽ ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി എഫ്.സിയും അൽ-ഹിലാലും കളിക്കുന്നത്. ഈ ടീമുകൾക്ക് പുറമേ എഫ്‌സി നാസാജി, നവബഹോര്‍ എന്നീ ക്ലബുകളും ഗ്രൂപ്പ് ഡിയിലാണ് മാറ്റുരയ്ക്കുന്നത്.
എ.എഫ്.സി കപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സെപ്റ്റംബര്‍ 18നാണ് തുടങ്ങുന്നത്. മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ബാലേവാഡി സ്‌പോര്‍ട്‌സ് കോപ്ലക്‌സിലാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടുക. ചാംപ്യൻഷിപ്പിന്‍റെ മത്സരക്രമം പുറത്തുവരാത്തതിനാൽ എന്നായിരിക്കും മത്സരമെന്ന് വ്യക്തമല്ല.
advertisement
അതേസമയം നെയ്മർ അൽ-ഹിലാലുമായി കരാറിൽ ഏർപ്പെട്ടെങ്കിലും കളത്തിലിറങ്ങാൻ ഒരു മാസം വൈകുമെന്ന് കോച്ച് ജോർജ്ജ് ജീസസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരിക്ക് മൂലം വിശ്രമത്തിലായതിനാലാണിത്. സൗദി അറേബ്യയിൽ ഒരു സീസണിൽ 100 മില്യൺ യൂറോ നെയ്മർക്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം നെയ്മറെ സ്വന്തമാക്കുന്നതിനായി അൽ ഹിലാൽ 100 ദശലക്ഷം യൂറോ ഫ്രഞ്ച് ക്ലബായ പിഎസ്ജിയ്ക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. പരിക്ക് മൂലം വിശ്രമിക്കുന്ന നെയ്മർ സൗദി അറേബ്യയുടെ അൽ-ഹിലാലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കോച്ച് വ്യക്തമാക്കിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
August 24, 2023 4:32 PM IST