ഫ്രഞ്ച് സൂപ്പർതാരം കീലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരാനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ബ്രസീൽ നായകൻ നെയ്മറിനെ പി.എസ്.ജിയിൽനിന്ന് ഒഴിവാക്കണമെന്നതാണ് എംബാപ്പെയുടെ പ്രധാന ആവശ്യം. കൂടാതെ പരിശീലകനായി ഫ്രഞ്ച് സൂപ്പർതാരം സിനദിൻ സിദാനെ കൊണ്ടുവരണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നു. എംബാപ്പെ ക്ലബ് വിട്ടേക്കുമെന്നും വരാനിരിക്കുന്ന സീസണിന് മുന്നോടിയായി റയൽ മാഡ്രിഡിൽ ചേരുമെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഒരു സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്ത പ്രകാരം എംബാപ്പെ ക്ലബിൽ തുടരാനായി മൂന്ന് നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. നെയ്മറെ വിൽക്കണമെന്നാണ് ആദ്യത്തെ ആവശ്യം. രണ്ടാമതായി മാനേജർ ക്രിസ്റ്റോഫ് ഗാൽറ്റിയറെ ഒഴിവാക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെടുന്നത്. ഇദ്ദേഹത്തിന് പകരം സിദാനെ കോച്ചായി നിയമിക്കണമെന്നാണ് എംബാപ്പെ ആവശ്യപ്പെടുന്നത്. മൂന്നാമതായി ഇംഗ്ലണ്ട് ടീം നായകൻ ഹാരി കെയ്നെ ക്ലബിൽ എത്തിക്കണമെന്നതാണ് എംബാപ്പെയുടെ ആവശ്യം.
എംബാപ്പെ ടീമിലെത്തിയിട്ട് ഇതുവരെ ചാംപ്യൻസ് ലീഗ് കിരീടം നേടാൻ പി.എസ്.ജിയ്ക്ക് സാധിച്ചിട്ടില്ല. ചാംപ്യൻസ് ലീഗ് കിരീടമില്ലാത്തത് തന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കുറവായി മാറുമെന്നാണ് എംബാപ്പെയുടെ ഭയം. അത് ഒഴിവാക്കുന്നതിനാണ് സിദാനെ കൊണ്ടുവരണമെന്ന് എംബാപ്പെ ആവശ്യപ്പെടുന്നത്. ഇതിനോടകം മികച്ച പരിശീലകനായി പേരെടുത്ത സിദാന്‍റെ കീഴിൽ പി.എസ്.ജിയ്ക്ക് ചാംപ്യൻസ് ലീഗ് ജയിക്കാനാകുമെന്നും താരം വിശ്വസിക്കുന്നു.
Also Read- ലോകകപ്പിൽ ബ്രസീൽ പരിശീലകനായിരുന്ന ടിറ്റേയ്ക്ക് നേരെ ആക്രമണം; മാല കവർന്നു
നിലവിൽ, 2024-2025 സീസൺ വരെയാണ് എംബാപ്പെയ്ക്ക് പാരീസ് സെന്റ് ജെർമെയ്‌നുമായി കരാറുള്ളത്. എന്നിരുന്നാലും, ക്ലബിലെ അവസ്ഥയിൽ അദ്ദേഹം അതൃപ്തനാണെന്ന് ലോകകപ്പിന് മുമ്പ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റയൽ മാഡ്രിഡ് ഉൾപ്പടെ മറ്റിടങ്ങളിലേക്ക് മാറുന്ന കാര്യം കുറച്ചുകാലമായി എംബാപ്പെ പരിഗണിക്കുന്നുണ്ട്.
കരാർ പുതുക്കിയ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പി.എസ്.ജി മാനേജ്മെന്‍റ് പരാജയപ്പെട്ടതായി എംബാപ്പെയ്ക്ക് പരാതിയുണ്ട്. അതിനിടെ ക്ലബ് വിടുമെന്ന് എംബാപ്പെ ഭീഷണി മുഴക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.