Olympics 2024 | കായികരംഗത്ത് കേരളത്തിന്റെ പ്രാതിനിധ്യം താഴേക്ക് പോകുന്നോ?
- Published by:Vishnupriya S
- news18-malayalam
Last Updated:
അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യയുടെ 29 അംഗ സംഘമാണ് അടുത്ത ദിവസം ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്
നിരവധി അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു മലയാളി താരങ്ങള്‍. എന്നാല്‍, അടുത്തകാലത്തായി കേരളത്തില്‍ നിന്ന് കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ വളരെയധികം കുറവുണ്ടായതായി ഡെക്കാന്‍ ഹെരാള്‍ഡിന്റെ റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു. അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ഇന്ത്യയുടെ 29 അംഗ സംഘമാണ് അടുത്ത ദിവസം ആരംഭിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ പോകുന്നത്.
അതില്‍ 18 പുരുഷന്മാരും 11 സ്ത്രീകളുമാണ് അടങ്ങിയിരിക്കുന്നത്. ഈ സംഘത്തില്‍ കേരളത്തില്‍ നിന്ന് നാല് പേരാണ് ഉള്ളത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, മിജോ ചാക്കോ കുര്യന്‍(പുരുഷ വിഭാഗം 4*400 മീറ്റര്‍ റിലെ), അബ്ദുള്ള അബൂബക്കര്‍(പുരുഷ വിഭാഗം ഹൈജംപ്) എന്നിവരാണ് ഇത്തവണത്തെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മലയാളീ താരങ്ങൾ. ടോക്യോ ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്നുള്ള ആറ് പേരാണ് അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മത്സരിച്ചത്.
യഹിയ, നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി, കെടി ഇര്‍ഫാന്‍, എംബി ജാബിര്‍, എം ശ്രീശങ്കര്‍ തുടങ്ങിയവരാണ് രാജ്യത്തിനുവേണ്ടി ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങിയത്. റിയോ ഒളിമ്പിക്‌സിലാകട്ടെ ഏഴ് പേരാണ് രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത്. ആകെയുള്ള മത്സരാര്‍ത്ഥികളുടെ എണ്ണം ചുരുങ്ങുന്നതിനൊപ്പം ടീമില്‍ ഇടം നേടുന്ന വനിതാ താരങ്ങളുടെ എണ്ണം ചുരുങ്ങി ഒന്നുമില്ലാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
പാരീസ് ഒളിമ്പിക്‌സിലും ടോക്യോ ഒളിമ്പിക്‌സിലും കേരളത്തില്‍ നിന്നുള്ള ഒരൊറ്റ വനിതാ താരങ്ങള്‍ പോലും അത്‌ലറ്റിക്‌സ് ടീമില്‍ ഇടം നേടിയിട്ടില്ല. പിടി ഉഷ, ഷൈനി വില്‍സണ്‍, അഞ്ജു ബോബി ജോര്‍ജ്, റോസ കുട്ടി, മേഴ്‌സി കുട്ടന്‍, ബോബി അലോഷ്യസ് തുടങ്ങി അതിശക്തരായ വനിതാ കായിക താരങ്ങളെ സൃഷ്ടിച്ച സംസ്ഥാനത്താണ് ഇതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
''പാരീസ് ഒളിമ്പിക്‌സിലേക്ക് പോകുന്ന രാജ്യത്തിന്റെ അത്‌ലറ്റിക്‌സ് സംഘത്തില്‍ കേരളത്തില്‍ നിന്ന് അധികം പേരില്ല എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. അത്‌ലറ്റിക്‌സിനോടും പൊതുവേ സ്‌പോര്‍ട്‌സിനോടും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അവഗണനയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്'', ഒരു മുതിര്‍ന്ന കായികതാരം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
advertisement
സംസ്ഥാനത്തു നിന്നുള്ള ഒരു കായികതാരം അന്താരാഷ്ട്രതലത്തില്‍ മികച്ച വിജയം നേടുമ്പോള്‍ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമായ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിക്കാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം മെഡില്‍ നേടിയ വനിതകളുടെ 4*400 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്ന വികെ വിസ്മയ സംസ്ഥാനത്തിന്റെ ഈ അവഗണനയുടെ ഒരു ഉദാഹരണം മാത്രമാണ്.
വിസ്മയയ്ക്ക് അന്നത്തെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഈ റിലേ ടീമില്‍ ഉണ്ടായിരുന്ന ഹിമ ദാസ്, എംആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ഗ്വാദ് എന്നിവര്‍ക്ക് ജോലിയും മറ്റ് കാഷ് അവാര്‍ഡുകളും ലഭിച്ചുവെങ്കിലും വിസ്മയയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ഇന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഒരു താരം അഞ്ച് വര്‍ഷത്തോളമാണ് തനിക്ക് ലഭിച്ച വാഗ്ദാനത്തിനായി കാത്തിരിക്കുന്നതെന്ന് മറ്റൊരു മുതിര്‍ന്ന കായിക താരം പറഞ്ഞു.
advertisement
''കേരളത്തിലെ കായിക താരങ്ങള്‍ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി മത്സരിച്ചാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റില്ല. കരിയര്‍ സംബന്ധിച്ച് യാതൊരു പ്രവചനവും സാധ്യമല്ലാത്ത ഒരു കായികതാരത്തിന് ജോലിയും സാമ്പത്തിക സുരക്ഷയും വളരെ പ്രധാനമാണ്,'' മുതിർന്ന കായികതാരം പറഞ്ഞു. ജോലി നല്‍കുന്നതിലെ കാലതാമസം ബോധപൂര്‍വം അല്ലെന്ന് കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫ് അലി പറഞ്ഞു. എത്രയുംവേഗം ഈ വാക്കു പാലിക്കുമെന്ന് ഡെക്കാന്‍ ഹെരാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ലോംഗ് ജംപ് താരമായ ആന്‍സി സോജന് പരിക്കേറ്റതു മൂലമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുരുഷ ലോംഗ് ജംപ് താരമായ ശ്രീശങ്കറിനെയും പരിക്ക് പിടിമുറുക്കിയതാണ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാന്‍ കാരണം. ജൂനിയര്‍ തലത്തില്‍ പ്രതിഭകള്‍ ധാരാളമുണ്ടാകുന്നുണ്ടെങ്കിലും മുതിര്‍ന്ന താരങ്ങള്‍ നേരിടുന്ന അവഗണനയും ഉദ്യോഗതലത്തില്‍ നേരിടുന്ന കെടുകാര്യസ്ഥതയും വളരെ വലുതാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
July 24, 2024 1:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Olympics 2024 | കായികരംഗത്ത് കേരളത്തിന്റെ പ്രാതിനിധ്യം താഴേക്ക് പോകുന്നോ?