• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഈ ചിരിയിലുണ്ട് എല്ലാം', നീരജിനെ ചേര്‍ത്ത് പിടിച്ച് പി ആര്‍ ശ്രീജേഷിന്റെ വാക്കുകള്‍

'ഈ ചിരിയിലുണ്ട് എല്ലാം', നീരജിനെ ചേര്‍ത്ത് പിടിച്ച് പി ആര്‍ ശ്രീജേഷിന്റെ വാക്കുകള്‍

ഹോക്കിയില്‍ വെങ്കലമണിഞ്ഞ ശ്രീജേഷിന്റെയും ജാവലിനില്‍ സ്വര്‍ണമണിഞ്ഞ നീരജിന്റെയും ചിരി ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.

Credits: Twitter

Credits: Twitter

  • Share this:
    ടോക്യോ ഒളിമ്പിക്‌സില്‍ ജാവലിനില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ച നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി ഇന്ത്യന്‍ ഹോക്കിയുടെ വന്മതില്‍ പി ആര്‍. ശ്രീജേഷ്. ഇന്നലെ നടന്ന സമാപന ചടങ്ങിനു മുമ്പ് ഗെയിംസ് വില്ലേജില്‍ നീരജിനെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ച ശേഷം താരവുമൊത്തുള്ള ഫോട്ടോ ആരാധകരുമായി പങ്കുവച്ചാണ് ശ്രീജേഷ് സന്തോഷമറിയിച്ചത്.

    ''ഈ ചിരിയില്‍ എല്ലാമുണ്ട്'' എന്ന ക്യാപ്ഷനോടെയാണ് ശ്രീജേഷ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹോക്കിയില്‍ വെങ്കലമണിഞ്ഞ ശ്രീജേഷിന്റെയും ജാവലിനില്‍ സ്വര്‍ണമണിഞ്ഞ നീരജിന്റെയും ചിരി ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.'ഇന്ത്യന്‍ അത്ലറ്റിക്സിന്റെ പുതിയ മുഖം'എന്നായിരുന്നു ശ്രീജേഷ് നീരജിനെ വിശേഷിപ്പിച്ചത്.


    ഇത്തവണ ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതോടെ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യില്‍ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്പിക് മെഡലുകള്‍ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്ലറ്റിക്സില്‍ ഒരു മെഡല്‍ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടത്തിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.


    മറുവശത്ത് നാലു പതിറ്റാണ്ടിനു ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യയെ മെഡല്‍ നേട്ടത്തിലേക്ക് നയിച്ച താരമാണ് ശ്രീജേഷ്. മലയാളി താരത്തിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്കു നയിച്ചത്. അത്യന്തം ആവേശകരമായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം ചരിത്ര മെഡല്‍ നേടിയത്. മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.

    ഇന്ത്യന്‍ ഹോക്കി ടീം 1980 മോസ്‌ക്കോ ഒളിമ്പിക്‌സിന് ശേഷം നേടുന്ന ആദ്യ മെഡലാണിത്. മോസ്‌കോയില്‍ നേടിയ സ്വര്‍ണമായിരുന്നു ഹോക്കിയില്‍ ഇന്ത്യയുടെ അവസാന മെഡല്‍. പിന്നീട് ഇപ്പോഴാണ് ഇന്ത്യ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഒളിമ്പിക്സില്‍ ഹോക്കിയില്‍ എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയിട്ടുള്ളത്.
    Published by:Sarath Mohanan
    First published: