തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതിൽ ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ്പ് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗിലേക്ക് വന്നതിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെ ഗ്വാർഡിയോളയാണ് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്ന അഭിനന്ദന സന്ദേശം അയച്ച ക്ലോപ്പിനു മറുപടിയായി കൂടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2016ൽ സിറ്റിയിൽ വന്ന ഗ്വാർഡിയോള കഴിഞ്ഞ വർഷമാണ് മാഞ്ചസ്റ്റർ സിറ്റിയുമായി 2023 വരെ കരാർ പുതുക്കിയത്. ഗ്വാർഡിയോള ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷം മൂന്നു പ്രീമിയർ ലീഗ് ഉൾപ്പെടെ എട്ടു പ്രധാന കിരീടങ്ങളാണ് സിറ്റിയുടെ ഷെൽഫിലേക്കെത്തിയത്. സീസണിന്റെ തുടക്കത്തിൽ പതറിയിരുന്നെങ്കിലും പിന്നീട് ശക്തമായ തിരിച്ചു വരവു നടത്തിയ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗിന് പുറമെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാനും കൂടിയുള്ള അവസരമൊരുങ്ങുന്നുണ്ട്.
പ്രീമിയർ ലീഗിനു പുറമെ ബുണ്ടസ്‌ലിഗയിലും പെപ്പിനെതിരെ മുഖാമുഖം വന്നിട്ടുള്ള ക്ലോപ്പ് മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടനേട്ടത്തിനു പിന്നാലെയാണ് സ്പെയിൻകാരനായ പരിശീലകന് അഭിനന്ദന സന്ദേശമയച്ചതും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനെന്നു വിശേഷിപ്പിച്ചതും. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജർമൻ പരിശീലകൻ തന്നെ മികച്ചതാക്കിയതിനെ കുറിച്ച് പെപ് പറഞ്ഞത്.
"പ്രീമിയർ ലീഗ് വിജയത്തിന് ശേഷം ക്ലോപ്പും എവർട്ടൺ മാനേജരായ ആൻസലോട്ടിയും ആശംസാ സന്ദേശമയച്ചിരുന്നു. ഞാനതിനെ വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നു. എനിക്കിതു വരെയും അവരുടെ മെസേജുകൾക്ക് മറുപടി നൽകാനുള്ള സമയം ലഭിച്ചിട്ടില്ലെങ്കിലും ഉടനെ ഞാനതു ചെയ്യും. രണ്ടു പേരോടും എനിക്കു വളരെയധികം ആദരവുണ്ട്." ഗ്വാർഡിയോള വിശദീകരിച്ചു.
"തീർച്ചയായും യുർഗൻ എനിക്ക് വലിയ പ്രചോദനമാണ്. ബൊറൂസിയ ഡോർട്മുണ്ട്, ലിവർപൂൾ എന്നീ ടീമുകളെ പരിശീലിപ്പിച്ച് കാണിച്ചു തന്ന് എന്നെ മികച്ചൊരു പരിശീലകനാക്കി മാറ്റിയത് അദ്ദേഹമാണ്. മത്സരങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചുമെല്ലാം അദ്ദേഹം എന്നെ വളരെയധികം ചിന്തിപ്പിച്ചു. ഞാനതിനെ സസന്തോഷം അംഗീകരിക്കുന്നു."
കിരീടം നേടിയെങ്കിലും ഇനി ന്യൂകാസിൽ, ബ്രൈറ്റൻ, എവർട്ടൺ എന്നിവർക്കെതിരെ പ്രീമിയർ ലീഗ് മത്സരങ്ങൾ ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ സീസണിലെ അവസാന മത്സരമായ ചാമ്പ്യൻസ് ലീഗ് ഫൈനൽ മെയ് 29നു രാത്രി ചെൽസിക്കെതിരെയാണ്. ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ സിറ്റിക്കൊപ്പം ബാഴ്‌സിലോണ വിട്ടതിനു ശേഷമുള്ള ശേഷം ആദ്യ യൂറോപ്യൻ കിരീടമാണ് പെപ് ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് കിരീടം കൂടി നേടിയാൽ ഈ സീസണിൽ സിറ്റിക്ക് ട്രിപ്പിൾ നേട്ടം കൂടി നേടാനാകും. ഈയിടെ പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി നേരത്തെ ഇംഗ്ലീഷ് ലീഗ് കിരീടം കൂടി നേടിയിരുന്നു.
Summary: Manchester City manager Pep Guardiola thanked Liverpool manager Jürgen Klopp for having created a better manager out of him
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manchester City, Spanish Football