• HOME
 • »
 • NEWS
 • »
 • sports
 • »
 • PR SREEJESH SAID THAT WORLD CUP AND PARIS OLYMPICS ARE NEXT TARGET NOT THINKING ABOUT RETIREMENT

'വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ല, ലോകകപ്പും പാരീസ് ഒളിമ്പികസും അടുത്ത ലക്ഷ്യം': പി ആര്‍ ശ്രീജേഷ്

സ്‌കൂളുകളില്‍ ഹോക്കിയ്ക്കു പ്രോല്‍സാഹനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

News18 Malayalam

 • Share this:
  ഹോക്കിയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ സഫലമാക്കാനുണ്ടെന്നും വിരമിക്കുന്നതിനെക്കുറിച്ചു തല്‍കാലം ആലോചനയില്ലെന്നും ഒളിമ്പിക്സ് മെഡല്‍ ജേതാവും ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ്. ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയതോടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് പറയാനാകില്ലായെന്നും അടുത്ത വര്‍ഷം ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയിലും 2024 ലെ പാരീസ് ഒളിമ്പിക്സിലും മെഡല്‍ നേടുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ശ്രീജേഷ് ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

  'ഇപ്പോഴത്തെ ദൗത്യം മികവോടെ കളിക്കുകയെന്നതാണ്. കളി മതിയാക്കുന്നതു ചിന്തിക്കുന്നില്ല. പരിക്കിനു പിടിക്കൊടുക്കാതെ കായികക്ഷമത നിലനിര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കുമെങ്കില്‍ ഇനിയും പല ടൂര്‍ണമെന്റുകളിലും രാജ്യത്തെ പ്രതിനിധികരിച്ചു ഗോള്‍വല കാക്കാന്‍ കഴിയും.'- ശ്രീജേഷ് പറഞ്ഞു.

  ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം പാരീസ് ഒളിമ്പിക്സിലേക്കു നേരിട്ടുള്ള പ്രവേശനത്തിനുള്ള അവസരം കൂടിയാണെന്ന് ശ്രീജേഷ് പറഞ്ഞു. ദീര്‍ഘവര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും അനേകരുടെ കാത്തിരിപ്പിന്റെയും ഫലമാണു ഒളിമ്പിക്സ് മെഡല്‍. ചെറുപ്പം മുതല്‍ ഇന്ത്യന്‍ ഒളിംപിക്സ് താരങ്ങളുടെ ജൈത്രയാത്രയുടെ കഥകള്‍ കേട്ടു കൊതിച്ച തനിക്ക്, ടോക്കിയോ ഒളിമ്പിക്സിലൂടെ രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ പങ്കാളിയാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ശ്രീജേഷ് വ്യക്തമാക്കി. കേരളത്തിലും രാജ്യമാകെയും ഹോക്കിയുടെ ഉയിര്‍ത്തെഴുന്നേല്‍പ് ഇതിലൂടെ സാധ്യമാകണമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. സ്‌കൂളുകളില്‍ ഹോക്കിയ്ക്കു പ്രോല്‍സാഹനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  'ഹോക്കി കിറ്റ് വാങ്ങിയത് അച്ഛന്‍ കറവ പശുവിനെ വിറ്റ് നല്‍കിയ പണം കൊണ്ട് ', വികാരാധീനനായി ഒളിമ്പ്യന്‍ ശ്രീജേഷ്

  നേട്ടങ്ങളുടെ നെറുകയില്‍ അഭിനന്ദന പ്രവാഹത്തില്‍ മുങ്ങുമ്പോഴും ഇന്നലെകളെ മറക്കാതെ ഹോക്കി താരം പി. ആര്‍. ശ്രീജേഷ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു നീണ്ട കായിക ജീവിതത്തില്‍ നന്ദി ഒരുപാടു പേരോടു പറയാനുണ്ടെങ്കിലും സ്വന്തം പിതാവിന്റെ പിന്തുണ സ്നേഹപൂര്‍വ്വം ചേര്‍ത്തു വെയ്ക്കുകയാണ് ഇന്ത്യന്‍ ഹോക്കിയുടെ കാവലാള്‍.

  തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്‌കൂളിലെ പഠന കാലമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ആദ്യമൊക്കെ ഹോക്കി ആയിരുന്നില്ല തന്റെ ഇഷ്ട വിനോദം. പിന്നീട് അധ്യാപകരാണ് വഴി തിരിച്ചു വിട്ടത്. ഹോക്കി താരമായി അറിയപ്പെടുമ്പോഴും പിന്നീട് ദേശീയ ക്യാമ്പുകളിലേ മറ്റും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും നല്ലൊരു സ്പോര്‍ട്സ് കിറ്റ് പോലും തനിക്ക് ഉണ്ടായിരുന്നില്ല. വലിയ വിലവരുന്ന കിറ്റ് സ്വന്തമായി വാങ്ങിക്കാനുള്ള ശേഷി കുടുംബത്തിനും ഉണ്ടായിരുന്നില്ല. എങ്കിലും കര്‍ഷകനായ അച്ഛന്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കിയിരുന്നതായി ശ്രീജേഷ് ഓര്‍ക്കുന്നു.

  മറ്റു കൃഷികള്‍ക്കൊപ്പം കാലിവളര്‍ത്തലും വീട്ടിലുണ്ടായിരുന്നു. ക്ഷീര കര്‍ഷകന്‍ കൂടിയായ അച്ഛന്‍ വീട്ടിലെ കറവപ്പശുക്കളില്‍ ഒന്നിനെ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് ആദ്യത്തെ ഹോക്കി കിറ്റ് വാങ്ങി തരുന്നത്. പിന്നീട് ജീവിത സാഹചര്യം മെച്ചപ്പെട്ടു. വിലകൂടിയ സ്പോര്‍ട്സ് ഉപകരണങ്ങളെല്ലാം ഉപയോഗിച്ചു തുടങ്ങി. എങ്കിലും ആദ്യ കിറ്റ് വാങ്ങിയ വൈകാരികത തന്നെ വിട്ട് ഒരിക്കലും പോവുകയില്ലെന്ന് ശ്രീജേഷ് പറയുന്നു. താന്‍ നേടിയ ഏറ്റവും വലിയ മെഡലാണ് ഒളിമ്പിക് മെഡല്‍. ഇത് തന്റെ അച്ഛനെ സമര്‍പ്പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്ന് പറയുന്നതിന്റെ കാരണം ഇന്ന് രാജ്യം അംഗീകരിക്കുന്ന രീതിയില്‍ തന്നെ വളര്‍ത്തിയത് അച്ഛന്റെ കാരുണ്യവും കരുതലും തന്നെയാണ്.
  Published by:Sarath Mohanan
  First published:
  )}