ഐപിഎല്ലില് മുംബൈ ഇന്ത്യന്സിനെതിരായ പോരാട്ടത്തില് പഞ്ചാബ് കിങ്സിന് 13 റണ്സിന്റെ വിജയം. മുംബൈയുടെ തട്ടകമായ വാങ്കടെ സ്റ്റേഡിയത്തില് നടന്ന അവസാന ഓവര് വരെ നീണ്ട ആവേശകരമായ മത്സരത്തിലാണ് മുംബൈ ഇന്ത്യന്സിനെതിരെ പഞ്ചാബ് കിങ്സ് വിജയം നേടിയത്. പഞ്ചാബ് ഉയര്ത്തിയ 215 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില് 201 റണ്സെടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവര് എറിഞ്ഞ അര്ഷ്ദീപ് സിങ്ങിന്റെ മിന്നല് ബോളിങ്ങിന് മുന്നില് മുംബൈ ബാറ്റര്മാര് കടപുഴകി വീണു.
അവസാന ഓവറില് മുംബൈക്ക് ജയിക്കാന് 16 റണ്സ് വേണമെന്നിരിക്കേ വെറും രണ്ട് റണ്സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും വീഴ്ത്തിയ അര്ഷ്ദീപ് സിങ്ങാണ് പഞ്ചാബിന്റെ വിജയശില്പി. മത്സരത്തില് നാല് ഓവര് എറിഞ്ഞ അര്ഷ്ദീപ് 29 റണ്സ് വഴങ്ങി നിര്ണായകമായ നാല് വിക്കറ്റുകള് വീഴ്ത്തി. അവസാന ഓവറില് രണ്ട് തവണ മിഡില് സ്റ്റമ്പ് പിഴുതെറിഞ്ഞ അര്ഷ്ദീപിന്റെ പ്രകടനം മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായി.
43 പന്തില് 3 സിക്സും 6 ഫോറുമടക്കം 67 റണ്സെടുത്ത കാമറൂണ് ഗ്രീന്, 26 പന്തില് 6 സിക്സും 7 ഫോറുമടക്കം 57 റണ്സെടുത്ത സൂര്യകുമാര് യാദവ്, 27 പന്തില് 3 സിക്സും 4 ഫോറുമടക്കം 44 റണ്സെടുത്ത ക്യാപ്റ്റന് രോഹിത് ശര്മ എന്നിവരുടെ പ്രകടനം മുംബൈയ്ക്ക് മികച്ച സ്കോര് സമ്മാനിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. 13 പന്തില് നിന്ന് 25 റണ്സെടുത്ത ടീം ഡേവിഡും അവസാനംവരെ ശ്രമിച്ച് നോക്കിയെങ്കിലും പരാജയപ്പെട്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 214 റണ്സെടുത്തിരുന്നു. 29 പന്തില് നിന്ന് നാല് സിക്സും അഞ്ച് ഫോറുമടക്കം 55 റണ്സെടുത്ത ക്യാപ്റ്റന് സാം കറനാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറര്. 28 പന്തില് നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 41 റണ്സെടുത്ത ഹര്പ്രീത് സിങ്, കറന് ഉറച്ച പിന്തുണ നല്കി. അഞ്ചാം വിക്കറ്റില് ഇരുവരും കൂട്ടിച്ചേര്ത്ത 92 റണ്സാണ് പഞ്ചാബ് ഇന്നിങ്സിന്റെ നട്ടെല്ല്. അര്ജുന് തെണ്ടുല്ക്കര് എറിഞ്ഞ ഒരോവറില് ഇരുവരും ചേര്ന്ന് 31 റണ്സ് അടിച്ചെടുത്തു.
17 പന്തില് നിന്ന് 26 റണ്സെടുത്ത പ്രഭ്സിമ്രാന്, 17 പന്തില് നിന്ന് 29 റണ്സെടുത്ത അഥര്വ തായ്ഡെ എന്നിവരും പഞ്ചാബ് സ്കോറിലേക്ക് കാര്യമായ സംഭാവനകള് നല്കി. വെറും ഏഴ് പന്തില് നിന്ന് നാല് സിക്സടക്കം 25 റണ്സെടുത്ത ജിതേഷ് ശര്മയാണ് പഞ്ചാബ് സ്കോര് 200 കടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.