Ranji Trophy| രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ; സച്ചിൻ ബേബിക്ക് അർധ സെഞ്ചുറി
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യദിനം കളി നിർത്തുമ്പോൾ കേരളം 4 വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്. 69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ
അഹമ്മദാബാദ്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയിൽ. കളി നിർത്തുമ്പോൾ കേരളം 4 വിക്കറ്റിന് 206 റൺസെന്ന നിലയിലാണ്. കളി നിർത്തുമ്പോൾ 69 റൺസോടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും 30 റൺസോടെ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ.
ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ ബാറ്റ് വീശിയ ഓപ്പണർമാർ കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്ണോയിയുടെ പന്തിൽ എൽബിഡബ്ല്യു ആയി രോഹൻ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റൺസ് വീതം നേടി. തുടർന്നെത്തിയ വരുൺ നായനാർക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവ്വിൽ പട്ടേൽ പിടിച്ചാണ് പത്ത് റൺസെടുത്ത വരുൺ പുറത്തായത്.
advertisement
എന്നാൽ പിന്നീടെത്തിയ ജലജ് സക്സേന ക്യാപ്റ്റൻ സച്ചിൻ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 71 റൺസ് കേരളത്തിന് കരുത്തായി. 30 റൺസെടുത്ത ജലജ് സക്സേനയെ അർസൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇത് വരെ 49 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റൻ സച്ചിൻ ബേബി 193 പന്തുകളിൽ നിന്നാണ് 69 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. എട്ട് ബൗണ്ടറികൾ അടങ്ങുന്നതാണ് സച്ചിൻ്റെ ഇന്നിങ്സ്.
advertisement
കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിനെതിരെ കളിക്കാൻ ഇറങ്ങിയത്. ഷോൺ റോജർക്ക് പകരം വരുൺ നായനാരെയും ബേസിൽ തമ്പിക്ക് പകരം അഹ്മദ് ഇമ്രാനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Ahmedabad (Ahmedabad) [Ahmedabad],Ahmedabad,Gujarat
First Published :
February 17, 2025 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ranji Trophy| രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ; സച്ചിൻ ബേബിക്ക് അർധ സെഞ്ചുറി