Ranji Trophy| ആറ് വിക്കറ്റുമായി ജലജ് സക്സേന; യുപിയെ ഇന്നിംഗ്സിനും 117 റൺസിനും തകർത്ത് കേരളം
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം ഉയർത്തിയ 233 റൺസിന്റെ ലീഡ് മറികടക്കുവാൻ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഉത്തർപ്രദേശ് ആദ്യ സെഷനിൽ തന്നെ 37.5 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി
തിരുവനന്തപുരം: ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങിയ കേരളത്തിന് മികച്ച വിജയം. അവസാന ദിനം ഇന്നിംഗ്സിനും 117 റൺസിനുമാണ് കേരളത്തിന്റെ ജയം. രണ്ട് ഇന്നിംഗ്സിലുമായി 11 വിക്കറ്റ് നേട്ടം കൈവരിച്ച ജലജ് സക്‌സേനയുടെ പ്രകടനമാണ് കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. സക്സേന തന്നെയാണ് കളിയിലെ താരവും. തുമ്പ സെന്റ് സേവ്യേഴ്സ് കെസിഎ ഗ്രൗണ്ടിൽ നടന്ന കളിയിൽ കേരളത്തിന്റെ സ്പിന്നർമാർക്ക് മുന്നിൽ ഉത്തർപ്രദേശിന്റെ ബാറ്റിംഗ് നിര മുട്ടുകുത്തുകയായിരുന്നു.
കേരളം ഉയർത്തിയ 233 റൺസിന്റെ ലീഡ് മറികടക്കുവാൻ നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിച്ച ഉത്തർപ്രദേശ് ആദ്യ സെഷനിൽ തന്നെ 37.5 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ സക്‌സേന ആറ് വിക്കറ്റും സർവതെ മൂന്ന് വിക്കറ്റും നേടി. ആസിഫ് കെ എമ്മിന് ഒരു വിക്കറ്റും ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സക്‌സേന 35 റൺസും സ്വന്തമാക്കിയിരുന്നു. അവസാന ദിനം 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഉത്തർപ്രദേശിന് നഷ്ടമായത് മൂന്ന് വിക്കറ്റാണ്.
advertisement
ഓപ്പണർ മാധവ് കൗഷിക്കിനെ സർവതെ പുറത്താക്കിയപ്പോൾ നിതീഷ് റാണയുടെ വിക്കറ്റ് സക്‌സേനയും വീഴ്ത്തി. 15 റൺസ് മാത്രമാണ് നിതീഷ് റാണയ്ക്ക് നേടാനായത്. തുടർന്നെത്തിയ സമീർ റിസ്‌വിയെ സക്‌സേന പൂജ്യത്തിന് പുറത്താക്കി. ബേസിൽ തമ്പി ക്യാച്ചെടുത്താണ് സമീർ പുറത്തായത്. ശിവം മാവിയെ ആദിത്യ സർവതെയും പൂജ്യത്തിന് പുറത്താക്കി. പീയുഷ് ചൗള, സൗരഭ് കുമാർ, ശിവം ശർമ എന്നിവർക്ക് രണ്ടക്കം കാണാനായില്ല. ഒരു റൺസെടുത്ത പീയുഷ് ചൗളയെ സർവതെ അക്ഷയ് ചന്ദ്രന്റെ കൈകളിലെത്തിച്ചാണ് പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഓപ്പണർ മാധവ് കൗഷിക്കിന് മാത്രമാണ് അൽപമെങ്കിലും ക്രീസിൽ പിടിച്ചുനിൽക്കാനായത്. 78 പന്ത് നേരിട്ട കൗഷിക് നാല് ഫോർ ഉൾപ്പെടെ 36 റൺസ് നേടി.
advertisement
ആദ്യ ഇന്നിംഗ്സിൽ 162 റൺസിന് പുറത്തായ ഉത്തർപ്രദേശിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം മികച്ച ലീഡ് കരസ്ഥമാക്കിയത് സൽമാൻ നിസാറിന്റെയും ക്യാപ്റ്റൻ സച്ചിന്‍ ബേബിയുടെയും അർധ സെഞ്ചുറിയുടെ മികവിലായിരുന്നു. ടോസ് നേടിയ കേരളം ഉത്തർപ്രദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. 60 ഓവറിനുള്ളിൽ തന്നെ കേരളത്തിന്റെ ബൗളർമാർ ഉത്തർപ്രദേശിന്റെ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ബൗളിംഗ് നിരയിൽ സക്‌സേനയും ബേസിൽ തമ്പിയുമാണ് തിളങ്ങിയത്.
ബേസിൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ ആസിഫും അപരാജിതും സർവതെയും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ഒൻപത് ഫോറും മൂന്ന് സിക്‌സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. 165 പന്ത് നേരിട്ട സച്ചിന്‍ ബേബി എട്ട് ഫോർ ഉൾപ്പെടെയാണ് 83 റൺസ് നേടിയത്. ജലജ് സക്‌സേന 35 റൺസെടുത്തു. സ്‌കോർ; കേരളം 395, ഉത്തർപ്രദേശ് - 162,116
advertisement
തുടർച്ചയായി രണ്ടാം തവണയാണ് തുമ്പയിൽ കേരളം മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത്. നേരത്തെ ഹോം ഗ്രൗണ്ടായ തുമ്പയിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെതിരെയും കേരളം വിജയം നേടിയിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങളിലായി കേരളത്തിന്റെ രണ്ടാം വിജയമാണിത്. മറ്റു രണ്ട് മത്സരങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 09, 2024 4:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Ranji Trophy| ആറ് വിക്കറ്റുമായി ജലജ് സക്സേന; യുപിയെ ഇന്നിംഗ്സിനും 117 റൺസിനും തകർത്ത് കേരളം