കായികലോകത്തും കൈപതിപ്പിച്ച ടാറ്റ ഗ്രൂപ്പ്; ക്രിക്കറ്റിനോടുള്ള കുടുംബത്തിന്റെ അടുപ്പം വളര്‍ത്തിയ രത്തന്‍ ടാറ്റ
- Published by:Sarika N
- news18-malayalam
Last Updated:
ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയുടെ ഇഷ്ട കായികയിനമായിരുന്നു ക്രിക്കറ്റ്
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കായികതാരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. കായികമത്സരങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന ബിസിനസ് കുടുംബമാണ് ടാറ്റ ഗ്രൂപ്പിന്റേത്. ടാറ്റ ഗ്രൂപ്പിന്റെ കായികപ്രേമം ചരിത്രത്തിലിടം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ക്രിക്കറ്റിനോട് ടാറ്റ ഗ്രൂപ്പ് വലിയ താല്‍പ്പര്യം കാണിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയുടെ ഇഷ്ട കായികയിനമായിരുന്നു ക്രിക്കറ്റ്. കായിക ലോകത്തോടുള്ള ഇഷ്ടത്തിന്റെ ഫലമായി 1991ല്‍ ജാംഷെഡ്പൂരില്‍ ലോകോത്തര നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ചു.
ടാറ്റ ഗ്രൂപ്പിന്റെ കായികപ്രേമം രത്തന്‍ ടാറ്റയും തുടര്‍ന്നു. 1991 മുതല്‍ അദ്ദേഹം ജെആര്‍ഡി കോംപ്ലക്‌സില്‍ ഹോക്കി, അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ് എന്നിവയ്ക്കായി അക്കാദമികള്‍ സ്ഥാപിച്ചു. ആദ്യ ഇന്ത്യന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയനെ സ്‌പോണ്‍സര്‍ ചെയ്യാനും അദ്ദേഹം മുന്നോട്ടുവന്നു. 1996-ലെ ടൈറ്റന്‍ കപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തുകൊണ്ടാണ് ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റ് സ്‌പോണ്‍സര്‍ഷിപ്പ് രംഗത്തേക്ക് കാലെടുത്തുവെച്ചത്. ഈ മത്സരങ്ങളില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ ടീം വിജയകിരീടം ചൂടുകയും ചെയ്തു.
എന്നാല്‍ 2000-മായതോടെ ക്രിക്കറ്റ് ലോകത്തും മാറ്റങ്ങളുണ്ടായി. വാതുവെയ്പ്പും അഴിമതി ആരോപണവും ഇന്ത്യന്‍ ക്രിക്കറ്റ് രംഗത്തുയര്‍ന്നു വന്നു. ഇതോടെ അന്ന് രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലായിരുന്ന ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റിന് നല്‍കിവന്നിരുന്ന പിന്തുണ പിന്‍വലിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വളരെ നിര്‍ണായകഘട്ടത്തില്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. ഇന്ത്യ-ചൈന രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം 2020ല്‍ ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയിരുന്നു. ഈ ഘട്ടത്തിലായിരുന്നു ടാറ്റ ഗ്രൂപ്പിന്റെ രംഗപ്രവേശം.
advertisement
ഐപിഎല്ലിന്റെ വിജയത്തോടെ ബിസിസിഐ 2023ല്‍ വുമണ്‍സ് പ്രീമിയര്‍ ലീഗ് (WPL) മത്സരങ്ങള്‍ ആരംഭിച്ചു. ഇവിടെയും ടാറ്റ ഗ്രൂപ്പ് ക്രിക്കറ്റിനോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു. 2027 വരെയുള്ള വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ടാറ്റ ഗ്രൂപ്പ് നേടിയെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രത്തന്‍ ടാറ്റയും ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും കൂടിക്കാഴ്ച നടത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയും ചെയ്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2024 1:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
കായികലോകത്തും കൈപതിപ്പിച്ച ടാറ്റ ഗ്രൂപ്പ്; ക്രിക്കറ്റിനോടുള്ള കുടുംബത്തിന്റെ അടുപ്പം വളര്‍ത്തിയ രത്തന്‍ ടാറ്റ