തിരുവനന്തപുരം: അടുത്ത ഐ.പി.എല്ലിന് ശേഷമേ എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ സാധ്യതയുള്ളൂ എന്ന് പരിശീലകൻ രവി ശാസ്ത്രി. ടീമിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കാത്ത ആളാണ് ധോണി. ഐപിഎല്ലിന് ശേഷം ഇന്ത്യക്കായി കളിക്കാനാകുമോ എന്നതിൽ ധോണി തീരുമാനമെടുക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.
അടുത്ത ട്വന്‍റി 20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് രവി ശാസ്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതിനു ശേഷം നടന്ന എല്ലാ ഏകദിന - ട്വന്‍റി 20 പരമ്പരകളിലും റിഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായത്.
ബംഗ്ലാദേശ് പരമ്പരയിലും വിൻഡീസ് പരമ്പരയിലും ട്വന്‍റി 20 ഫോർമാറ്റിൽ സഞ്ജു സാംസണും പതിനഞ്ചംഗ ടീമിന്‍റെ ഭാഗമായി. 2021 ഐ.പി.എല്ലിലും കളിക്കാൻ തയ്യാറാണെന്ന് ധോണി ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്‍റിനെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ടീമിലേക്ക് മടങ്ങിയെത്തുന്നതിനെപ്പറ്റി ജനുവരി വരെ ഒന്നും ചോദിക്കരുതെന്ന് കഴിഞ്ഞദിവസം ധോണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.