• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs ENG| കോവിഡ് ബാധ, ഐസൊലേഷൻ; രവി ശാസ്ത്രി മാഞ്ചസ്റ്റർ ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല

IND vs ENG| കോവിഡ് ബാധ, ഐസൊലേഷൻ; രവി ശാസ്ത്രി മാഞ്ചസ്റ്റർ ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടാകില്ല

രണ്ട് നെഗറ്റീവ് ഫലങ്ങള്‍ വന്നാല്‍ മാത്രമേ ശാസ്ത്രിക്ക് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയുകയുള്ളൂ എന്ന് ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Ravi Shastri

Ravi Shastri

  • Share this:
    ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മാഞ്ചസ്റ്ററിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിക്ക് കഴിയില്ല. കോവിഡ് ബാധിച്ച് ഐസൊലേഷനിലായ ശാസ്‌ത്രി മൊത്തം 14 ദിവസം ഐസൊലേഷനില്‍ തുടരുമെന്നും രണ്ട് നെഗറ്റീവ് ഫലങ്ങള്‍ വന്നാല്‍ മാത്രമേ ശാസ്ത്രിക്ക് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കഴിയുകയുള്ളൂ എന്ന് ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

    ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം പുരോഗമിക്കുന്നതിനിടെയാണ് രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിതീകരിച്ചതായി ബിസിസിഐ അറിയിച്ചത്. ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും മുന്‍കരുതലിന്റെ ഭാഗമായി ഐസൊലേഷനിലേക്കു മാറ്റിയിട്ടുണ്ട്. ടീം ഹോട്ടലിൽ തന്നെ കഴിയുന്ന ഇവർ ഫലം നെഗറ്റീവ് ആയതിന് ശേഷം മാത്രമേ ടീമിനൊപ്പം ചേരൂ.

    എന്നാല്‍ ശനിയാഴ്‌ച രാത്രിയും ഞായറാഴ്‌ച രാവിലെയുമായി ഇന്ത്യൻ താരങ്ങളെ രണ്ട് ലാറ്ററെല്‍ ഫ്ലോ റെസ്റ്റുകൾക്ക് വിധേയരാക്കിയിരുന്നു. എന്നാൽ ഈ ടെസ്റ്റില്‍ ആരും പോസിറ്റീവ് അല്ലെന്ന് വ്യക്തമായതോടെ ഇവർക്ക് തിരികെ ഗ്രൗണ്ടിൽ പ്രവേശിക്കാനായി.

    അതേസമയം, രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് താരങ്ങൾക്കിടയിൽ ചെറിയ ആശങ്ക സൃഷ്ടിച്ചെങ്കിലും അവർ അത് പെട്ടെന്ന് തന്നെ മറികടന്ന് മത്സരത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നുവെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് വ്യക്തമാക്കി. 'രവി ശാസ്‌ത്രിയെ ഏറെ മിസ് ചെയ്യും. ശാസ്‌ത്രി, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ ടീമിന്‍റെ അഭിഭാജ്യഘടകങ്ങളാണ്. ടീമിന്‍റെ മികച്ച പ്രകടനത്തില്‍ കഴിഞ്ഞ അഞ്ചാറ് വര്‍ഷം ഇവരുടെ സംഭാവനകള്‍ വലുതാണ്. അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ച വിവരം അറിഞ്ഞപ്പോൾ താരങ്ങൾ കളിയിൽ നിന്ന് അൽപ്പം വ്യതിചലിച്ചുവെങ്കിലും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തീരുമാനിച്ചതോടെ അവർ അതിൽ നിന്ന് പെട്ടെന്ന് തന്നെ തിരിച്ചുവന്നു. പരമ്പര നേടാനാണ് ടീം ഇവിടുള്ളത്. താരങ്ങളുടെ ശ്രദ്ധ തെറ്റാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തതിനുള്ള ക്രെഡിറ്റ് അവർ അർഹിക്കുന്നുണ്ട്.' ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോഡ് പറഞ്ഞു.

    അതേസമയം, ഓവൽ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഇന്ത്യക്കെതിരെ 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് മികച്ച തുടക്കം നേടിയിട്ടുണ്ട്. നാലാം ദിനം കളി നിർത്തുമ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 77 റൺസ് എന്ന നിലയിലാണ്. റോറി ബേണ്‍സ് (31), ഹസീബ് ഹമീദ് (43) എന്നിവരാണ് ക്രീസില്‍. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് കളി പുനരാരംഭിക്കുമ്പോൾ മത്സരം ജയിക്കാൻ അവർക്ക് 291 റൺസ് കൂടി വേണം.

    ഇതുവരെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഓരോ മത്സരം വീതം ജയിച്ച ഇന്ത്യയും ഇംഗ്ലണ്ടും പരമ്പരയിൽ സമനില പാലിക്കുകയാണ്. ഓവൽ ടെസ്റ്റിൽ ജയിക്കുന്ന ടീമിന് മാഞ്ചസ്റ്ററിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റിൽ മുൻതൂക്കത്തോടെ മത്സരിക്കാൻ കഴിയും.
    Published by:Naveen
    First published: