'രാജ്യം മുഴുവൻ തുറന്നുകിടക്കുകയായിരുന്നു'; പുസ്തക പ്രകാശനത്തെ സംബന്ധിച്ച വാദങ്ങൾക്കെതിരെ പ്രതികരിച്ച് രവി ശാസ്ത്രി
- Published by:Naveen
- news18-malayalam
Last Updated:
പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ശാസ്ത്രി കോവിഡ് പോസിറ്റീവാകുന്നത്. ശാസ്ത്രിക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഫീൽഡിങ് പരിശീലകൻ ആര്‍ ശ്രീധര്‍, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു
ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീഷണി ഉയർന്നു വന്നത് മൂലമാണ് ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് റദ്ദാക്കിയത്. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ മത്സരത്തിന് ഇറങ്ങാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിന് ശേഷം ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ചേർന്ന് സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാഞ്ചസ്റ്ററിലെ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഇന്ത്യന്‍ ക്യാമ്പിൽ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘത്തിലെ നാല് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ലണ്ടനില്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിന് ശേഷമാണ് ശാസ്ത്രി കോവിഡ് പോസിറ്റീവാകുന്നത്. ശാസ്ത്രിക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ അദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ഫീൽഡിങ് പരിശീലകൻ ആര്‍ ശ്രീധര്‍, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍ എന്നിവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ടീമിലെ ജൂനിയർ ഫിസിയോയ്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായതും ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന തീരുമാനം വന്നതും.
advertisement
ടെസ്റ്റ് ഉപേക്ഷിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. കോവിഡ് ബാധ കുറവായിരുന്ന ഇംഗ്ലണ്ടിൽ എത്തിയതോടെ ഇന്ത്യൻ ടീമിന് അതുവരെയുണ്ടായിരുന്ന ജാഗ്രത കൈമോശം വന്നുവെന്നും നിയന്ത്രിത സാഹചര്യങ്ങൾ വിട്ട് പുറമെയുള്ള ആൾക്കാരുമായി ഇടപഴകിയതാണ് ഇന്ത്യൻ ക്യാമ്പിൽ രോഗം പടരാൻ കരണമായതെന്നുമുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരുപാട് പേർ പങ്കെടുത്ത ശാസ്ത്രിയുടെ പുസ്തക പ്രകാശനമാണ് ഇതിനെല്ലാം കരണമായതെന്നായിരുന്നു അവരുടെ വിലയിരുത്തൽ.
എന്നാലിപ്പോള്‍ പുസ്തക പ്രകാശനചടങ്ങിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രി. ഇക്കാര്യത്തിൽ ശാസ്ത്രി ആദ്യമായാണ് തന്റെ പ്രതികരണം അറിയിക്കുന്നത്. ആദ്യ ടെസ്റ്റ് മുതല്‍ എന്തും സംഭവിക്കാമൈന്ന സാഹചര്യമായിരുന്നുവെന്നാണ് ശാസ്ത്രി പറയുന്നത്. ''കോവിഡ് സമയമായിരുന്നുവെന്നുള്ള ശരിയാണ്. എന്നാല്‍ വിസ്മയിപ്പിക്കുന്നതായിരുന്നു ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ ഇന്ത്യക്കായി. കോവിഡ് കേസുകൾ കുറവായിരുന്നതിനാൽ ഇംഗ്ലണ്ടില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എവിടെയും എപ്പോൾ വേണമെങ്കിലും പോകാമായിരുന്നു. രാജ്യം മുഴുവന്‍ തുറന്നുകിടക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് മുതല്‍ എന്തും സംഭവിക്കാമെന്ന സാഹചര്യം നിലനിന്നിരുന്നു. അതുകൊണ്ടുതന്നെയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.'' ശാസ്ത്രി വ്യക്തമാക്കി.
advertisement
ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 100ല്‍ അധികം പേരാണ് സാക്ഷിയായത്. ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് രവി ശാസ്ത്രിക്ക് രോഗലക്ഷണങ്ങള്‍ കണ്ടതും തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ പോസിറ്റീവ് ആണെന്നു വ്യക്തമായതും. ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതിനാൽ പരമ്പരയിലെ ഫലം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഫലത്തെ കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇസിബി ഐസിസിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ പരമ്പരയിലെ അവസാന മത്സരം പിന്നീട് നടത്തുവാനുള്ള ചർച്ചകൾ നടത്തുന്നതിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മാസം 22ന് ഇംഗ്ലണ്ടില്‍ പോകാനിരിക്കുകയാണ്. ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ സമയത്ത് ടെസ്റ്റ് നടത്താൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാകും ഇരു ബോർഡുകളും തമ്മിൽ ചർച്ച ചെയ്യുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 12, 2021 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'രാജ്യം മുഴുവൻ തുറന്നുകിടക്കുകയായിരുന്നു'; പുസ്തക പ്രകാശനത്തെ സംബന്ധിച്ച വാദങ്ങൾക്കെതിരെ പ്രതികരിച്ച് രവി ശാസ്ത്രി








