HOME /NEWS /Sports / 'കീപ്പറെങ്കില്‍ കീപ്പര്‍ ബാറ്റ്‌സ്മാനെങ്കില്‍ ബാറ്റ്‌സ്മാന്‍; ഏതു പൊസിഷനിലും കളിക്കാന്‍ തയാര്‍': സഞ്ജു വി സാംസൺ

'കീപ്പറെങ്കില്‍ കീപ്പര്‍ ബാറ്റ്‌സ്മാനെങ്കില്‍ ബാറ്റ്‌സ്മാന്‍; ഏതു പൊസിഷനിലും കളിക്കാന്‍ തയാര്‍': സഞ്ജു വി സാംസൺ

sanju samson

sanju samson

''സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കണമെന്നത് സ്വപ്‌നമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യ സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യ ആദ്യ ടി 20 കളിച്ചതു മുതലുള്ള ആഗ്രഹം. എന്നെങ്കിലും അതു സാധ്യമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു''

കൂടുതൽ വായിക്കുക ...
  • Share this:

    തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തിലാണ് മലയാളികളുടെ ലിറ്റില്‍ മാസ്റ്റര്‍ സഞ്ജു വി.സാംസണ്‍. അപ്രതീക്ഷിതമായി ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുന്നെന്ന് സഞ്ജു പറയുന്നു. ശിഖര്‍ ധവാന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സഞ്ജു. സ്വന്തം നാട്ടില്‍ മികച്ച ഒരു ഇന്നിംഗിലൂടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകുമെന്നും സഞ്ജു വിശ്വിസിക്കുന്നു.

    നാട്ടുകാര്‍ക്കു മുന്നില്‍ ഭാഗ്യ ഗ്രൗണ്ടില്‍

    സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കണമെന്നത് സ്വപ്‌നമായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇന്ത്യ സ്‌പോര്‍ട്‌സ് ഹബില്‍ ഇന്ത്യ ആദ്യ ടി 20 കളിച്ചതു മുതലുള്ള ആഗ്രഹം. എന്നെങ്കിലും അതു സാധ്യമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ഇത്രവേഗം അത് സാധ്യമായതില്‍ സന്തോഷം. സ്‌പോര്‍ട്‌സ് ഹബ് മികച്ച വിക്കറ്റാണ്. റണൊഴുകുന്ന പിച്ച്. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമല്ല, ഐപിഎല്ലിനും സ്‌പോര്‍ട്‌സ് ഹബ് വേദിയാകുമെന്നാണ് പ്രതീക്ഷ.

    കീപ്പറെങ്കില്‍ കീപ്പര്‍, ബാറ്റ്‌സ്മാനെങ്കില്‍ ബാറ്റ്‌സ്മാന്‍

    ഏതു പൊസിഷനിലും കളിക്കാന്‍ തയാര്‍. അവിടെ ചെല്ലുമ്പോള്‍ എവിടെ ഇറങ്ങാന്‍ പറയുന്നോ അവിടെ ഇറങ്ങും. ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും കളിക്കാന്‍ പറഞ്ഞാല്‍ അതിനും റെഡി. ഗ്ലൗവും ബാറ്റും എടുത്താണ് പോകുന്നതെന്ന് സഞ്ജു.

    ലക്ഷ്യം ലോകകപ്പ്

    ഇന്ത്യന്‍ ടീമില്‍ എത്തണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. കൃത്യമായ ലക്ഷ്യം വച്ചല്ല മുന്നോട്ടു പോകുന്നത്. എങ്കിലും ഇന്ത്യന്‍ ടീമിലെത്തി. ഇനി ലക്ഷ്യം മികച്ച ഇന്നിംഗ്‌സുകളാണ്. നല്ല ഇന്നിംഗ്‌സുകളിലൂടെ ടീമില്‍ സ്ഥാനം ഉറപ്പിക്കണം. ഇന്ത്യക്കായി ലോകകപ്പ് കളിക്കണം. നല്ല പ്രകടനത്തിലൂടെ ടീമിന് ലോകകപ്പ നേടിക്കൊടുക്കണം- സ്വപ്‌നങ്ങളെക്കുറിച്ച് സഞ്ജു വാചാലനാകുന്നു

    ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നു

    ഈ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നതു തന്നെ ഭാഗ്യമാണ്. കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ഒരു സീരിസില്‍ ടീമിന് ഒപ്പമുണ്ടായിരുന്നു. ഇത്തവണ അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ടീമില്‍ ഉണ്ടാകുമെന്ന് നേരത്തേ സൂചനയും ലഭിച്ചിരുന്നു. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രഞ്ജി ട്രോഫി ഉടന്‍ വരുന്നു. വെള്ളബോളില്‍ അടിക്കണോ ചുമന്ന ബോളില്‍ അടിക്കണോ എന്ന സംശയം ഉണ്ടായി. അതു ജയേഷിനോട് ചോദിച്ചു. തത്കാലം വെള്ള ബോളില്‍ അടിച്ചു പരിശീലിക്കാനായിരുന്നു ഉപദേശം. അതു ചെയ്തു.

    മലയാളികളുടെ 'പൊങ്കാല'

    സ്‌നേഹിക്കുന്നവര്‍ക്ക് ചങ്ക് പറിച്ചുകൊടുക്കും. വെറുത്താല്‍ പൊങ്കാല ഇട്ടു കൊല്ലും. കുറെ കാലമായി മലയാളിയുടെ ശീലമാണത്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയില്‍. മലയാളിയുടെ പൊങ്കാലയുടെ ചൂട് അടുത്തിടെ ഏറ്റവും കൂടുതല്‍ അറിഞ്ഞത് ബിസിസിഐയാണ്. സഞ്ജുവിന് അവസരം നല്‍കാതെ ഒഴിവാക്കയതിനായിരുന്നു ആ പൊങ്കാല. നാട്ടുകാരുടെ ആ സ്‌നേഹം അമ്പരപ്പിക്കുന്നതെന്ന് സഞ്ജു പറയുന്നു. നാട്ടുകാര്‍ ചങ്കുറപ്പോടെ വിശ്വസിച്ച് പിന്തുണച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ് അവര്‍ ഇത്രയും ചെയതത്. ദൈവം തന്ന കഴിവ് പരാമവധി ഉപയോഗിക്കും. അവരുടെ വിശ്വാസം കാക്കും. ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്.

    കെസിഎയുടെ പിന്തുണ

    'നാട്ടുകാര്‍ക്കൊപ്പം മികച്ച പിന്തുണയാണ കേരള ക്രിക്കറ്റ് അസോസിയേഷനും നല്‍കുന്നത്. ബിസിസിഐയുടെ തലപ്പത്ത് ഒരു മലയാളി ഉള്ളത് വലിയ സന്തോഷവും അനുഗ്രഹവുമാണ്. എസ്.കെ.നായര്‍ സര്‍, ശ്രീ ഭായിയെ സഹായിച്ചതു പോലെ ജയേഷ് ജോര്‍ജിന്റെ പിന്തുണ എനിക്കുമുണ്ട്. ഡക്കടിച്ചാല്‍ സപ്പോര്‍ട്ടില്ല. റണ്‍ അടിച്ചാലേ സപ്പോര്‍ട്ട് ഉണ്ടാകൂ എന്ന ജയേഷ് സാര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ പരമാവധി റണ്‍ അടിക്കും. ജീവിതത്തില്‍ വിചാരിക്കുന്ന കാര്യങ്ങളല്ല നടക്കുന്നത്. എന്തു സംഭവിക്കും എന്ന് ആലോചിച്ച് ടെന്‍ഷന്‍ അടിച്ചിട്ടും കാര്യമില്ല. നന്നായി കളിക്കുക. നന്നായി പരിശീലിക്കുക. ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുക. ബാക്കിയൊക്കെ ദൈവം തരും. സമയമാകുമ്പോള്‍ എല്ലാം കിട്ടും.'

    Also Read- വീണ്ടും ഇന്ത്യൻ ടീമിൽ; സഞ്ജുവിന് അന്തിമ ഇലവനിൽ ഇടം കിട്ടുമോ ?

    First published:

    Tags: Sanju Samson, Shikhar dawan, T20 Series, West Indies