ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് ബാറ്റിംഗിൽ സഞ്ജു സ്വന്തം പേരിലെഴുതിയത് 5 റെക്കോഡുകൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശനിയാഴ്ച നടന്ന ഇന്ത്യ-ബംഗ്ളാദേശ് മൂന്നാം ടി20 മത്സരത്തിൽ 47 പന്തുകളിൽ 11 ഫോറുകളും 8 സിക്സറുകളും പറത്തിയാണ് സഞ്ചു സാംസൺ 111 റൺസ് നേടിയത്
ബംഗ്ലാദേശിനെതിരായ 3-ാം ടി20 മത്സരത്തിൽ റെക്കോഡ് വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ റൺമലകയറ്റത്തിൽ സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ സ്വന്തം പേരിൽ എഴുതി ചേർത്തത് 5 റെക്കോഡുകളാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ഒപ്പണിംഗ് ഇറങ്ങിയ സഞ്ജു 47 പന്തുകളിൽ നിന്ന് 11 ഫോറുകളും 8 സിക്സറുകളും പറത്തിയാണ് 111 റൺസ് നേടിയത്. സഞ്ജുവിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ 297 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തുകയും ചെയ്തു. ബംഗ്ളാദേശിനെതിരെ 133 റൺസിന്റെ വിജയവും നേടി. 33 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സഞ്ജു സാംസണിൻ്റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ച്വറി കൂടിയാണിത്. സെഞ്ച്വറി നേട്ടത്തോടൊപ്പം ഒരു പിടി റെക്കോഡുകളും കൂടിയാണ് സഞ്ജു ശനിയാഴ്ച രാത്രിയിൽ സ്വന്തം പേരിൽ എഴുതി ചേർത്തത്.
ശനിയാഴ്ചത്തെ പ്രകടനത്തിലൂടെ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോഡാണ് സഞ്ജു സാംസ്ൺ സ്വന്തം പേരിലാക്കിയത്. നേരിട്ട 40-ാം പന്തിനെ ബൌണ്ടറി കടത്തിയാണ് സഞ്ജു സെഞ്ച്വറി നേടിയത്. ഇതിന് മുൻപ് 2022 ഫെബ്രുവരിയ്ൽ ശ്രീലങ്കയ്ക്കെതിരെ ഇഷാൻ കിഷൻ നേടിയ 89 റൺസായിരുന്നു ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടി20യിൽ നേടിയ എറ്റവും ഉയർന്ന സ്കോർ.
ബംഗ്ളാദേശിനെതിരെ ടി20 മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. ഇന്ത്യയും ബംഗ്ളാദേശുമായി ഇതുവരെ 17 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ഇതിൽ ആദ്യമായി സെഞ്ചുറി നേടുന്ന താരമായി സഞ്ജുമാറി. 2018 മാർച്ചിൽ കൊളംബോയിൽ ബംഗ്ളാദേശിനെതിരെ രോഹിത് ശർമ നേടിയ 89 റൺസായിരുന്നു ഇന്ത്യ-ബംഗ്ളാദേശ് ടി20 മത്സരങ്ങളിലെ ഒരു ബാറ്റ്സ്മാന്റെ ഉയർന്ന വ്യക്തിഗത സ്കോർ.
advertisement
ഇന്ത്യ-ബംഗ്ളാദേശ് ടി20 യിലെ ഒരുമത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും സഞ്ജു തന്റെ പേരിലാക്കി.111 റൺസ് നേടുന്നതിനിടയിൽ 8 കൂറ്റൻ സിക്സറുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ ഇന്ത്യയുടെതന്നെ നിതീഷ് കുമാർ റെഡ്ഡി ഒക്ടോബർ 9ന് ഡൽഹിയിൽ നടന്ന ബംഗ്ളാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ അടിച്ച 7 സിക്സുകൾ എന്ന റെക്കോഡാണ് പഴങ്കഥയായത്.
ഒരു ഇന്ത്യൻ താരം നേടുന്ന വേഗതയേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായുരുന്നു സഞ്ജു സാംസൺ കഴിഞ്ഞ ദിവസം ഹൈദരാബാദിൽ കുറിച്ചത്. ടി20യിൽ വേഗതയേറിയ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡ് അങ്ങനെ സഞ്ജുസഞ്ചുവിന്റെ പേരിലായി. ഒരു ഇന്ത്യൻ താരം ടി20യിൽ നേടുന്ന എറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോഡ് രോഹിത് ശർമയുടെ പേരിലാണ്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തുകളിലാണ് രോഹിത് ശർമ സെഞ്ചുറി നേടിയത്.
advertisement
ശനിയാഴ്ച രാത്രിയിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഒരോവറിൽ 5 സിക്സുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും സഞ്ജുവിന് സ്വന്തമായി. ബംഗ്ളാദേശ് സ്പിന്നറായ റാഷിദ് ഹൊസൈൻ എറിഞ്ഞ 10-ാമത്തെ ഓവറിലായിരുന്നു സഞ്ജു തന്റെ സംഹാര രൂപം പുറത്തെടുത്തത്. യുവരാജ് സിംഗ് ആണ് ഇതിന് മുൻപ് ഒരു ഓവറിൽ 5 സികസുകൾ അടിച്ച ഇന്ത്യൻ താരം. 2007 ടി20 ലോകകപ്പിൽ ഇന്ത്യ ഇംഗ്ളണ്ട് മത്സരത്തിനിടെ ഇംഗ്ളണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ ഓവറിലെ 6 പന്തുകളും യുവരാജ് സിക്സർ പറത്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 13, 2024 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് ബാറ്റിംഗിൽ സഞ്ജു സ്വന്തം പേരിലെഴുതിയത് 5 റെക്കോഡുകൾ