സന്തോഷ് ട്രോഫി (Santosh Trophy) ഫുട്ബോളിൽ കേരളം (Kerala Football Team) സെമിയിൽ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ (Punjab) ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് കേരളം സെമി യോഗ്യത നേടിയത്. ആവേശപ്പോരാട്ടത്തിൽ പിന്നിൽനിന്ന ശേഷം തിരിച്ചടിച്ച് കയറിവന്നാണ് കേരളം ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഇരട്ടഗോളുകളാണ് (17, 86 മിനിറ്റ്) കേരളത്തിന് വിജയം സമ്മാനിച്ചത്. മൻവീർ സിങ് (12) പഞ്ചാബിനായി ഗോൾ നേടി.
ടൂർണമെന്റിൽ ഗ്രൂപ്പ് എയിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 10 പോയിന്റ് നേടിയാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. ആദ്യത്തെ മത്സരത്തിൽ രാജസ്ഥാനെയും രണ്ടാമത്തെ മത്സരത്തിൽ ബംഗാളിനെയും തോൽപ്പിച്ച് രാജകീയ തുടക്കം സ്വന്തമാക്കിയ കേരളത്തെ കഴിഞ്ഞ മത്സരത്തിൽ മേഘാലയ സമനിലയിൽ കുരുക്കിയിരുന്നു. ഇതോടെയാണ് പഞ്ചാബിനെതിരായ ഇന്നത്തെ മത്സരം നിർണായമായത്. മേഘാലയയ്‌ക്കെതിരായ മത്സരത്തിൽ പെനാൽറ്റി നഷ്ടമാക്കിയതിന്റെ നിരാശ തീർക്കുംവിധമുള്ള പ്രകടനവുമായി ഇരട്ട ഗോളുകൾ നേടി ക്യാപ്റ്റൻ ജിജോ ജോസഫ് കളം നിറഞ്ഞതോടെ കേരളം വിജയവും സെമി യോഗ്യതയും നേടിയെടുക്കുകയായിരുന്നു. മത്സരം തോറ്റതോടെ പഞ്ചാബ് സെമി കാണാതെ പുറത്തായി.
FULL-TIME!
And that's the end of the game tonight. It's Kerala who walks away with all the 3️⃣ points against Punjab today 🙌🏼
മേഘാലയ്‌ക്കെതിരെ സമനില വഴങ്ങിയ ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് കേരളം പഞ്ചാബിനെതിരെ കളത്തിലിറങ്ങിയത്. നിജോ ഗിൽബർട്ടിനു പകരം സൽമാനും മുഹമ്മദ് സഫ്നാദിനു പകരം ഷിഗിലും ആദ്യ ഇലവനിൽ ഇടം നേടി. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പഞ്ചാബ് കളത്തിലിറങ്ങിയത്.
കേരളത്തിന്റെ ആക്രമണം കണ്ടുകൊണ്ടാണ് മത്സരത്തിന് തുടക്കമായത്. തുടക്കത്തിലെ കേരളത്തിന്റെ ആക്രമണം ചെറുത്തുനിന്ന പഞ്ചാബിന് 10-ാ൦ മിനിറ്റിലാണ് ആദ്യ അവസരം ലഭിച്ചത്. കേരള പ്രതിരോധനിര വരുത്തിയ പിഴവില്‍ നിന്നും പന്ത് ലഭിച്ച പഞ്ചാബ് സ്‌ട്രൈക്കര്‍ ഇന്ദ്രവീര്‍ സിങ് ഗോളിലേക്ക് തൊടുക്കാൻ ശ്രമിച്ചെങ്കിലും പന്ത് പ്രതിരോധ താരങ്ങളുടെ ദേഹത്ത് തട്ടി പുറത്തേക്ക് പോയി. എന്നാൽ പിന്നാലെ തന്നെ 12-ാ൦ മിനിറ്റിൽ ലീഡ് നേടിക്കൊണ്ട് പഞ്ചാബ് പയ്യനാട് സ്റ്റേഡിയത്തെ നിശബദതയിലാഴ്ത്തി.
പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് പന്ത് കൈക്കലാക്കിയ മൻവീർ സിങ്ങാണ് പഞ്ചാബിനെ മുന്നലെത്തിച്ചത്. പ്രതിരോധ നിര വരുത്തിയ പിഴവിൽ നിന്നും വലത് വിങ്ങില്‍ നിന്ന് ലഭിച്ച പന്ത് മന്‍വീർ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിക്കുകയായിരുന്നു. മൻവീറിന്റെ ഷോട്ട് കേരളാ ഗോള്‍കീപ്പര്‍ മിഥുന്‍ സേവ് ചെയ്‌തെങ്കിലും കൈയില്‍ തട്ടി ഗോളായി മാറുകയായിരുന്നു.
ഗോൾ വഴങ്ങിയതോടെ കേരളം ഉണർന്നു. തുടരെ അക്രമണങ്ങൾ നടത്തിയ കേരളം ഒടുവിൽ 17-ാ൦ മിനിറ്റിൽ പഞ്ചാബിനെ സമനിലയിൽ പിടിച്ചു. അര്‍ജുന്‍ ജയരാജ് മനോഹരമായി ഇടതു വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. അർജുൻ ഉയർത്തിവിട്ട പന്തിലേക്ക് ചാടി തലവെച്ചു കൊടുക്കുകയെന്ന പണി മാത്രമേ ജിജോയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 22-ാ൦ മിനിറ്റിൽ മൻവീർ വീണ്ടും പഞ്ചാബിനായി വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.
ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിലും കേരളമാണ് ആദ്യ മുന്നേറ്റം നടത്തിയത്. 46-ാ൦ മിനിറ്റിൽ ഷികില്‍ നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച വിഘ്നേഷ് പോസ്റ്റിലേക്ക് അടിച്ചെങ്കിലും കീപ്പര്‍ തട്ടിയകറ്റി. പ്രത്യാക്രമണത്തില്‍ പഞ്ചാബിന് അവസരം ലഭിച്ചെങ്കിലും മിഥുന് പകരക്കാരനായി ഗോളിന് കീഴിൽ നിരന്ന ഹജ്മന്‍ പഞ്ചാബിന്റെ ശ്രമം നിർവീര്യമാക്കുകയായിരുന്നു. പിന്നീട് ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തി വിജയഗോൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 86-ാ൦ മിനിറ്റിൽ ജിജോ ജോസഫിലൂടെ കേരളം രണ്ടാം ഗോളും ഒപ്പം മത്സരത്തിലെ വിജയഗോളും നേടുകയായിരുന്നു. ഇടതു വിങ്ങില്‍ നിന്ന് സഞ്ജു നല്‍കിയ പാസ് ബോക്‌സില്‍ പഞ്ചാബ് പ്രതിരോധ താരങ്ങളുടെ പിന്നില്‍ നിന്നിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫ് നെഞ്ചിൽ സ്വീകരിച്ച് തുടർന്ന് അതിനെ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ടൂർണമെന്റിലെ അഞ്ചാം ഗോളായിരുന്നു ജിജോ കുറിച്ചത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.