IND-SL|ആദ്യ ഏകദിനത്തിൽ ശിഖർ ധവാന് റെക്കോർഡ് നേട്ടങ്ങളുടെ പെരുമഴ; മറികടന്നത് ഇതിഹാസ താരങ്ങളെ
- Published by:Naveen
- news18-malayalam
Last Updated:
ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഇന്ത്യ തകർത്തുവിട്ട മത്സരത്തിൽ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററും ധവാനായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ റെക്കോർഡുകൾ ഓരോന്നായി പോക്കറ്റിലാക്കി ശിഖർ ധവാൻ. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഇന്ത്യ തകർത്തുവിട്ട മത്സരത്തിൽ 86 റൺസ് നേടി ടീമിന്റെ ടോപ് സ്കോററും ധവാനായിരുന്നു.
ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങിയപ്പോൾ പ്രായം കൂടിയ ഏകദിന നായകൻ എന്ന നേട്ടം ആദ്യം തന്നെ നേടിയ താരം പിന്നീട് നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിൽ കുറിച്ചത്. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയ ധവാൻ യുവതാരങ്ങൾ നിറഞ്ഞ ടീമിനെ വളരെ ഭംഗിയായാണ് നയിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 262ന് ഒമ്പത് എന്ന സ്‌കോറിൽ ഒതുക്കി 263 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയ്ക്ക് ഒരവസരവും നൽകാതെ 80 പന്തുകൾ ബാക്കി നിർത്തി മത്സരം സ്വന്തമാക്കുകയും ചെയ്തു. ധവാന്റെ ഇന്നിങ്‌സിനൊപ്പം ഇന്ത്യൻ യുവതാരങ്ങളായ പൃഥ്വി ഷായുടെയും (24 പന്തിൽ 43) ഇഷാൻ കിഷൻ (33 പന്തിൽ 59) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. യുവതാരങ്ങൾ തകർത്തടിച്ചു മുന്നേറിയപ്പോൾ തന്റെ അക്രമണശൈലി അഴിച്ചുവെച്ച് പക്വതയാർന്ന ഇന്നിങ്‌സുമായാണ് ധവാൻ കളം നിറഞ്ഞത്. ഇന്ത്യ വിജയം നേടുമ്പോഴും താരം പുറത്താകാതെ ക്രീസിൽ ഉണ്ടായിരുന്നു.
advertisement
മത്സരത്തിൽ 17 റൺസ് നേടിയതോടെ ശ്രീലങ്കയ്‌ക്കെതിരെ 1000 ഏകദിന റൺസ് എന്ന നേട്ടം ധവാൻ സ്വന്തമാക്കി. ഈ നേട്ടത്തിൽ എത്തുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായ ധവാൻ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ആദ്യ താരവുമായി. സൗരവ് ഗാംഗുലിയെയും ഹാഷിം അംലയെയും പിന്നിലാക്കിയാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടത്തിലെത്താൻ ഗാംഗുലിക്ക് 20 ഇന്നിങ്സുകളും അംലക്ക് 18 ഇന്നിങ്‌സുകളും വേണ്ടി വന്നപ്പോൾ ധവാൻ വെറും 17 ഇന്നിങ്‌സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.
advertisement
ഇതിനു പിന്നാലെ തന്റെ വ്യക്തിഗത സ്കോർ 23 റൺസിലെത്തിയപ്പോൾ ഏകദിനത്തിൽ 6000 റൺസ് എന്ന നേട്ടം കൂടി താരം സ്വന്തമാക്കി. 6000 റൺസ് വേഗത്തിൽ പൂർത്തിയാക്കുന്ന നാലാമത്തെ ബാറ്റ്സ്മാൻ എന്ന നേട്ടവും താരം സ്വന്തമാക്കി. 140 ഇന്നിങ്‌സുകളിൽ നിന്നാണ് ധവാൻ ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (123)യാണ് ഒന്നാമന്‍. വിരാട് കോഹ്ലി (136), കെയ്ന്‍ വില്യംസണ്‍ (139) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ധവാൻ ഈ നേട്ടത്തിലെത്തിയപ്പോൾ പിന്നിലായത് വിൻഡീസിന്റെ ഇതിഹാസ താരമായ വിവ് റിച്ചാര്‍ഡ്‌സ് (141), ജോ റൂട്ട് (141), സൗരവ് ഗാംഗുലി (147), എബി ഡിവില്ലിയേഴ്‌സ് (147) എന്നിവരാണ്.
advertisement
ഇതോടൊപ്പം 6000 റൺസ് നേടുന്ന പത്താമത്തെ ഇന്ത്യൻ താരം എന്ന നേട്ടം കൂടി ധവാൻ സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോഹ്ലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുൻപേ ഈ നേട്ടത്തിൽ എത്തിയ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.
മത്സരത്തിൽ അർധസെഞ്ചുറി നേടിയ താരത്തെ തേടി മറ്റൊരു റെക്കോർഡ് കൂടിയെത്തി. ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ അൻപതിൽ കൂടുതൽ റൺസ് നേടുന്ന ആറാമത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡാണ് താരത്തെ തേടിയെത്തിയത്. മത്സരത്തിൽ 86 റൺസാണ് താരം കുറിച്ചത്. അജിത് വഡേക്കർ, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ, അജയ് ജഡേജ, എം എസ് ധോണി എന്നിവരാണ് ധവാന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റന്മാർ.
advertisement
ഇതുകൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൊത്തത്തിൽ 10000 റൺസ് കൂടി താരം സ്വന്തമാക്കി. ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന ആറാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം കൂടി ധവാൻ സ്വന്തം പേരിലേക്ക് ചേർത്തു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 19, 2021 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND-SL|ആദ്യ ഏകദിനത്തിൽ ശിഖർ ധവാന് റെക്കോർഡ് നേട്ടങ്ങളുടെ പെരുമഴ; മറികടന്നത് ഇതിഹാസ താരങ്ങളെ