രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന സൂചന നൽകി ബിസിസിഐ (BCCI)അധ്യക്ഷൻ സൗരവ് ഗാംഗുലി (Sourav Ganguly). തന്റെ ട്വീറ്റിലൂടെയാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വ്യക്തമായി പറഞ്ഞില്ലെങ്കിലും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന് കുറിച്ച് ആലോചിക്കുന്നുവെന്നാണ് ഗാംഗുലി അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റത്തിന്റെ മുപ്പതാം വാർഷികത്തിലാണ് മുൻ ഇന്ത്യൻ നായകന്റെ പ്രഖ്യാപനം. 1992 ജനുവരി 11 നായിരുന്നു ഗാംഗുലി ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യക്കു വേണ്ടി കളിച്ചത്.
1992 ൽ ക്രിക്കറ്റിനൊപ്പമുള്ള യാത്ര ആരംഭിച്ചിട്ട് 2022 ൽ മുപ്പത് കൊല്ലം തികയുകയാണ്. അന്നു മുതൽ തനിക്ക് ക്രിക്കറ്റ് തനിക്ക് ഒരുപാട് കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ പിന്തുണയായിരുന്നു. ഈ യാത്രയിൽ തനിക്കൊപ്പം നിന്ന് പിന്തുണച്ച് ഈ നിലയിലേക്ക് എത്താൻ സഹായിക്കുകയും ചെയ്ത ഓരോരുത്തർക്കും നന്ദി പറയുകയാണ്.
ഒരുപാട് പേർക്ക് സഹായകരമാകുമെന്ന് താൻ കരുതുന്ന ചില കാര്യങ്ങൾ തുടങ്ങാൻ ആലോചിക്കുകയാണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിലും നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണ പ്രതീക്ഷിക്കുന്നു- ട്വീറ്റിൽ സൗരവ് ഗാംഗുലി വ്യക്തമാക്കി.
Also Read-
അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി; ബംഗാള്‍ പിടിക്കാന്‍ 'ദാദ' ഇറങ്ങുമോ ?ട്വീറ്റിന് പിന്നാലെ ഗാംഗുലി ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നും വാർത്തകൾ പ്രചരിച്ചു തുടങ്ങി. അതേസമയം, എന്താണ് താൻ ആരംഭിക്കാൻ പോകുന്ന പുതിയ സംരഭമെന്ന് ഗാംഗുലി വ്യക്തമാക്കിയിട്ടില്ല.
അടുത്തിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഗാംഗുലി തന്റെ വസതിയിൽ വിരുന്നൊരുക്കിയത് വാർത്തയായിരുന്നു. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും വഴിതുറക്കുകയും ചെയ്തു.
അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ. യുടെ ഉപാധ്യക്ഷന്‍ ആയതിനാല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോട് 2008 മുതല്‍ ഗാംഗുലി അടുപ്പം പുലര്‍ത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന സിപിഐ എം നേതാക്കളായും ,നിലവിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഗാംഗുലിക്ക് നല്ല ബന്ധമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.