ഇഷൻ കിഷന്റെയും (Ishan Kishan) ശ്രേയസ് അയ്യരുടെയും (Shreyas Iyer) വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോർ നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർ ലങ്കൻ ബൗളർമാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. ഇഷൻ കിഷന്റെയും (56 പന്തുകളിൽ 89 റൺസ്), ശ്രേയസ് അയ്യരുടെയും (28 പന്തുകളിൽ 57) തകർപ്പൻ പ്രകടനങ്ങൾക്ക് പുറമെ ക്യാപ്റ്റൻ രോഹിത് ശർമയുടെ (Rohit Sharma) (32 പന്തിൽ 44) പ്രകടനവും ഇന്ത്യയുടെ സ്കോറിങ്ങിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇഷൻ കിഷനും രോഹിത് ശർമയും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ലങ്കൻ ബൗളർമാരെ ഇരുവരും കടന്നാക്രമിച്ചപ്പോൾ ഇന്ത്യൻ സ്കോർ വളരെ വേഗം മുന്നോട്ട് കുതിച്ചു. ഇഷൻ കിഷനായിരുന്നു കൂടുതൽ അപകടകാരി. പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച് മുന്നേറിയ സഖ്യം ആദ്യ ആറ് ഓവറുകളിൽ നിന്നും 58 റൺസാണ് അടിച്ചെടുത്തത്.
ഇതിനിടയിൽ 43 റൺസിൽ നിൽക്കേ ജെഫ്രി വാന്‍ഡെര്‍സേയുടെ പന്തിൽ ഇഷൻ കിഷൻ നൽകിയ ക്യാച്ച് ലിയാനഗെ നിലത്തിടുകയും ചെയ്തു. പവർപ്ലേ ഓവറുകൾക്ക് ശേഷം രോഹിത് ശർമയും ഇഷൻ കിഷനൊപ്പം ടോപ് ഗിയറിലേക്ക് മാറി. ഇഷൻ കിഷൻ ഇതിനിടയിൽ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. 10.2 ഓവറിൽ ഇന്ത്യ 100 റൺസ് പൂർത്തിയാക്കി. ഒടുവിൽ ഇന്ത്യൻ സ്കോർ 112 ൽ നിൽക്കെ രോഹിത് ശർമയെ ബൗൾഡ് ആക്കി ലാഹിരു കുമാരയാണ് ശ്രീലങ്കയ്ക്ക് ബ്രേക്‌ത്രൂ നൽകിയത്. 32 പന്തുകളിൽ നിന്നും 44 റൺസാണ് രോഹിത് നേടിയത്.
രോഹിത് മടങ്ങിയ ശേഷവും ഇഷൻ കിഷൻ അടി തുടർന്നു. ഇഷൻ കിഷൻ കത്തിക്കയറിയതോടെ രോഹിത്തിന് പകരമെത്തിയ ശ്രേയസ് അയ്യർക്ക് ഇഷൻ കിഷന് പിന്തുണ നൽകുകയെന്ന ചുമതലയാണുണ്ടായിരുന്നത്. ലങ്കൻ ബൗളർമാർ ഇഷൻ കിഷന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. തകർത്തടിച്ച് മുന്നേറിയ താരം സെഞ്ചുറി കുറിക്കുമെന്ന് ആരാധകർ കരുതിയെങ്കിലും അർഹിച്ച സെഞ്ചുറിക്ക് 11 റൺസകലെ താരം ഔട്ടായി മടങ്ങുകയായിരുന്നു. ക്യാപ്റ്റൻ ദസുൻ ഷനകയുടെ പന്തിൽ ലിയാനഗെയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. നേരത്തെ കൈവിട്ടുകളഞ്ഞ ക്യാച്ചിനുള്ള പ്രായശ്ചിത്തം കൂടിയാണ് ലിയാനഗെ ചെയ്തത്. 56 പന്തുകളിൽ നിന്നും 10 ഫോറും മൂന്ന് സിക്‌സും സഹിതം 89 റൺസ് നേടിയാണ് ഇഷൻ കിഷൻ മടങ്ങിയത്.
ഇഷൻ കിഷൻ മടങ്ങിയ ശേഷം രവീന്ദ്ര ജഡേജയാണ് ക്രീസിൽ എത്തിയത്. ഇഷൻ കിഷൻ പോയശേഷം ആക്രമണ ചുമതല ഏറ്റെടുത്ത അയ്യർ ജഡേജയ്‌ക്കൊപ്പം ചേർന്ന് ഇന്ത്യൻ സ്കോറിനെ മുന്നോട്ട് നയിച്ചു. തുടക്കത്തിലെ പതിഞ്ഞ താളം മാറ്റി ടോപ് ഗിയറിലേക്ക് കുതിച്ച അയ്യർ തന്റെ അർധസെഞ്ചുറി പൂർത്തിയാക്കി. 28 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 57 റൺസാണ് അടിച്ചെടുത്തത്. മൂന്ന് റൺസോടെ ജഡേജയും പുറത്താകാതെ നിന്നു. അവസാന നാല് ഓവറുകളിൽ 52 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്
ശ്രീലങ്കയ്ക്കായി ലാഹിരു കുമാര, ദസുൻ ഷനക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായി അവസാനം കളിച്ച മത്സരത്തിൽ നിന്നും ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഓൾ റൗണ്ടർ ദീപക് ഹൂഡ ഇന്ത്യക്ക് വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണ്‍, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.