ഇന്ത്യയും ശ്രീലങ്കയും (IND vs SL) തമ്മിലുള്ള ടി20 പരമ്പരയിലെ (T20 Series) രണ്ടാം മത്സരത്തില്‍ (India vs Sri Lanka, 2nd T20I) ഇന്ത്യക്ക് മുന്നിൽ 184 റൺസ് വിജയലക്ഷ്യമുയർത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുത്തു.
അർധസെഞ്ചുറി നേടിയ പാതും നിസ്സംഗ (75), ഡെത്ത് ഓവറുകളിൽ തകത്തടിച്ച ക്യാപ്റ്റൻ ദസുൻ ഷനക എന്നിവരാണ് ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സഖ്യം 26 പന്തില്‍ നിന്ന് 58 റണ്‍സ് ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 14.4 ഓവറിൽ നാലിന് 102 എന്ന നിലയിലായിരുന്ന ലങ്ക ഇരുവരുടെയും തകർപ്പനടികളുടെ പ്രകടനത്തിൽ ടോപ് ഗിയറിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. അവസാന നാല് ഓവറുകളിൽ നിന്നും 72 റൺസാണ് ലങ്ക അടിച്ചെടുത്തത്.
Some fireworks from Pathum Nissanka (75) and Dasun Shanaka (47*) help Sri Lanka to a score of 183/5 🎆
Will it prove to be enough? 🤔 #INDvSL | 📝 https://t.co/rpWS0qitjC pic.twitter.com/f39j4lS7LQ
— ICC (@ICC) February 26, 2022
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് വേണ്ടി പാതും നിസ്സംഗയും ധനുഷ്‌ക ഗുണതിലകയും 67 റൺസാണ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 29 പന്തില്‍ നിന്ന് 38 റണ്‍സെടുത്ത ഗുണതിലകയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ത്രൂ നൽകിയത്. പിന്നാലെ കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ചുറി നേടി ശ്രീലങ്കയെ തകർച്ചയിൽ നിന്നും രക്ഷിച്ച ചരിത് അസലങ്കയെ നിലയുറപ്പിക്കുന്നതിന് യുസ്‌വേന്ദ്ര ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ തന്നെ കാമില മിഷാരയെ മടക്കി ഹർഷൽ പട്ടേലും ദിനേശ് ചണ്ഡിമലിനെ മടക്കി ജസ്പ്രീത് ബുംറയും ലങ്കയെ പ്രതിരോധത്തിൽ ആക്കിയെങ്കിലും മറുവശത്ത് തകർപ്പൻ ഫോമിൽ ബാറ്റ് വീശുകയായിരുന്ന നിസ്സംഗ ലങ്കൻ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയി. ഇതിനിടയിൽ ലങ്കൻ ഓപ്പണർ തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കി.
നിസ്സംഗയ്‌ക്കൊപ്പം ക്രീസിൽ ഒന്നിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയും മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ലങ്കൻ സ്കോർ മുകളിലേക്ക് കുതിച്ചു. ഡെത്ത് ഓവറുകൾ മുതലാക്കാൻ ലക്ഷ്യമിട്ട് ബാറ്റ് വീശിയ നിസ്സംഗയും ഷനകയും ഇന്ത്യൻ ബൗളർമാരെ പ്രതിരോധത്തിലാകുകയായിരുന്നു. ഒടുവിൽ 19-ാ൦ ഓവറിന്റെ അവസാന പന്തിൽ നിസ്സംഗയെ വിക്കറ്റിന് മുന്നിൽ കുടുക്കി ഭുവനേശ്വർ കുമാർ ഇന്ത്യക്ക് ബ്രേക്ത്രൂ നൽകി. 53 പന്തുകളിൽ 11 ഫോറുകൾ സഹിതം 75 റൺസ് നേടിയാണ് താരം പുറത്തായത്. നിസ്സംഗ മടങ്ങിയ ശേഷം അവസാന ഓവറിൽ 17 റൺസ് നേടി ഷനക ടീമിന് മികച്ച സ്കോർ നൽകുകയായിരുന്നു. 19 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 47 റൺസ് നേടി ലങ്കൻ ക്യാപ്റ്റൻ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India Vs Srilanka 2022, Indian cricket team, Sri Lanka Cricket team