ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ സ്വന്തമാക്കിയത് ചരിത്ര വിജയമായിരുന്നു. കോഹ്ലിയും കൂട്ടരും നേടിയെടുത്ത ഈ ജയത്തെ അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നിട്ടും രണ്ടാം ഇന്നിങ്സില്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ജയം ഇംഗ്ലണ്ടിന്റെ കയ്യില്‍ നിന്നും നേടിയെടുത്തത്. ഓവലില്‍ ജയിച്ചതോടെ പരമ്പരയില്‍ 2-1 ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായി. അരനൂറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ഓവലില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.
ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും ഒരു ദിവസത്തില്‍ തന്നെ വീഴ്ത്തിയാണ് ഇന്ത്യ ജയം നേടിയത്. ബൗളര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാതിരുന്ന പിച്ചിലാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് ഈ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. നേരിയ വിജയസാധ്യത കണ്ടാല്‍ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും കാലത്തെ ഓസ്ട്രേലിയന്‍ ടീമിനോട് താരതമ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് പേസര്‍ സ്റ്റീവ് ഹാര്മിസണ്. ടെസ്റ്റിലെ അവസാന ദിന പോരാട്ടത്തില്‍ വോയുടെയും പോണ്ടിംഗിന്റെയും ഓസീസ് എങ്ങനെയാണോ എതിരാളികളെ തകര്‍ത്തിരുന്നത് അതുപോലെ തകര്‍ക്കാന്‍ ഈ ഇന്ത്യന്‍ ടീമിനുമാവുമെന്ന് ഹാര്മിസണ് പറഞ്ഞു.
'അഞ്ചാം ദിവസത്തെ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ ഇന്ത്യന്‍ ടീം നിങ്ങളെ കൂടുതല്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടും. അഞ്ച് ദിവസത്തെ കളി നിങ്ങളെ തളര്‍ത്തിയിട്ടുണ്ടാവും. എന്നാല്‍ ഐപിഎല്ലിലേതുപോലുള്ള സമ്മര്‍ദ്ദഘട്ടങ്ങള്‍ അതീജീവിച്ചെത്തുന്ന ഈ ഇന്ത്യന്‍ ടീം അംഗങ്ങള്‍ അവസാന ദിവസം നിങ്ങളെ അടിമുടി തകര്‍ത്തുകളയും.'- ഹാര്മിസണ് പറഞ്ഞു.
'സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും ഓസീസ് ടീമിലാണ് ഈ ഗുണം മുമ്പ് കണ്ടിട്ടുള്ളത്. വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടീമും അതേ വഴിയാണ്. ഈ ഇന്ത്യന്‍ ടീമിന് സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിച്ച് നല്ല പരിചയമുണ്ട്. അതുകൊണ്ടുതന്നെ അവസാന ദിവസം എതിരാളികളെ അതിസമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട് അവര്‍ അടിയറവ് പറയിക്കും.'- ഹാര്മിസണ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിലവിലെ ഇംഗ്ലണ്ട് ടീമില്‍ ബാറ്റിംഗില്‍ ജോ റൂട്ടും ബൗളിംഗില്‍ ജെയിംസ് ആന്‍ഡേഴ്സണുമൊഴികെ ഉള്ളവരെല്ലാം അവരവരുടെ കരിയറും ടീമിലെ സ്ഥാനവും നിലനിര്‍ത്താനുള്ള തത്രപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു.
Read also:
IND vs ENG | 'ബുംറ ചോദിച്ചു വാങ്ങിയ സ്പെൽ കളിയുടെ ഗതി തിരിച്ചു';വെളിപ്പെടുത്തലുമായി കോഹ്ലി - വീഡിയോ
50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ ഓവലില്‍ വിജയം നേടുന്നത്. 1971ല്‍ അജിത് വഡേക്കറുടെ നേൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.