HOME /NEWS /Sports / 'ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചിട്ടില്ല'; ബ്രിട്ടീഷ് മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ഗവാസ്കർ

'ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചിട്ടില്ല'; ബ്രിട്ടീഷ് മാധ്യമങ്ങൾക്കെതിരെ തുറന്നടിച്ച് ഗവാസ്കർ

sunil gavaskar

sunil gavaskar

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതായി ബിസിസിഐ ഔദ്യോഗികമായി പറയണമായിരുന്നു. അതു നടന്നിട്ടില്ലാത്തതിനാല്‍ തെളിവില്ലാതെ ഇത്തരം അവകാശവാദങ്ങളുന്നയിക്കരുതെന്ന് ഗവാസ്‌കർ അഭിപ്രായപ്പെട്ടു.

  • Share this:

    ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കോവിഡ് ഭീതി മൂലം ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചുവെന്ന വാർത്തകൾ തള്ളി ഇന്ത്യൻ ഇതിഹാസവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ. ഇത്തരത്തിലുള്ള വാർത്തകളെല്ലാം ബ്രിട്ടീഷ് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അതിന് വിശ്വാസ്യതയില്ല എന്നുമാണ് ഗവാസ്കർ തുറന്നടിച്ചത്.

    വെള്ളിയാഴ്‌ച ആരംഭിക്കേണ്ടിയിരുന്ന ടെസ്റ്റിന് മുന്നേ ഇന്ത്യൻ ടീമിലെ ജൂനിയർ ഫിസിയോയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഇത്തരമൊരു സാഹചര്യത്തിൽ മത്സരത്തിന് ഇറങ്ങാൻ ആശങ്കയുണ്ടെന്ന് ഇന്ത്യൻ താരങ്ങൾ അറിയിക്കുകയും തുടർന്ന് ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ചേർന്ന് സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാഞ്ചസ്റ്ററിലെ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.

    ടെസ്റ്റ് ഉപേക്ഷിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഐ പി എല്ലിനെ ബന്ധപ്പെടുത്തിയുള്ള വാദങ്ങൾക്ക് പുറമെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിനെ കുറ്റപ്പെടുത്തിയും വാദങ്ങൾ ഉയർന്നിരുന്നു.

    ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങാണ് കോവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. പുസ്തക പ്രകാശനച്ചടങ്ങില്‍ വച്ചാണ് അതു സംഭവിച്ചതെന്നു എങ്ങനെ പറയാന്‍ കഴിയും? കാരണം ചടങ്ങിനു ശേഷം മുഴുവന്‍ താരങ്ങളെയും ടെസ്റ്റ് ചെയ്തിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവുമായിരുന്നു. അഞ്ചാംടെസ്റ്റിനു മുൻപ് നടത്തിയ കോവിഡ് ടെസ്റ്റിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ഞാന്‍ കേട്ടത്. ആരുടെയും ഫലം പോസിറ്റീവ് അല്ലെങ്കില്‍ പിന്നെയെന്താണ് പ്രശ്‌നമെന്നും ഗവാസ്‌കര്‍ ചോദിക്കുന്നു.

    ഇംഗ്ലീഷ് പത്രങ്ങളിൽ ടെസ്റ്റിനെ സംബന്ധിച്ച് വന്ന വാർത്തകൾക്കെതിരെ രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. 'അഞ്ചാം ടെസ്റ്റില്‍ ഇറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു എനിക്ക് അറിയണം. ഇംഗ്ലീഷ് പത്രങ്ങളിലാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം വന്നത്. ഇന്ത്യന്‍ ടീമിനെക്കുറിച്ച്‌ അവര്‍ ഒരിക്കലും നല്ലത് പറയുകയോ എഴുതുകയോ ചെയ്യാറില്ല. അവര്‍ എപ്പോഴും ഇന്ത്യന്‍ ടീമിന ഉത്തരവാദികളാക്കും. എന്താണ് സത്യമെന്ന് മനസ്സിലാക്കി അതിനു ശേഷം വിരല്‍ ചൂണ്ടൂ.' - ഗവാസ്‌കര്‍ പറഞ്ഞു.

    ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ വിസമ്മതിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ താനൊരിക്കലും വിശ്വസിക്കില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. 'നമ്മുടെ താരങ്ങള്‍ വളരെയധികം കഠിനാധ്വാനം നടത്തിയാണ് പരമ്പരയിൽ 2-1ന് മുന്നിലെത്തിയത്. മാഞ്ചസ്റ്ററിൽ ബൗളർമാർക്ക് പിന്തുണ നൽകുന്ന പിച്ച് തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ കളിക്കാന്‍ വിസമ്മതിക്കണം? പരമ്പര 3-1നു സ്വന്തമാക്കുന്നതിനു വേണ്ടി അവസാന ടെസ്റ്റില്‍ കളിക്കണമെന്നായിരിക്കും അവര്‍ ആഗ്രഹിച്ചിട്ടുണ്ടാവുക.' -ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

    റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യൻ താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതായി ബിസിസിഐ ഔദ്യോഗികമായി പറയണമായിരുന്നു. അതു നടന്നിട്ടില്ലാത്തതിനാല്‍ തെളിവില്ലാതെ ഇത്തരം അവകാശവാദങ്ങളുന്നയിക്കരുതെന്ന് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

    First published:

    Tags: India Vs England Test, India Vs England Test series, Sunil Gavaskar