സയിദ് മുഷ്താഖ് അലി ടി20: ആദ്യപന്തിൽ അസ്ഹറുദ്ദീൻ പുറത്ത്; എങ്കിലും കേരളം ഡൽഹിയെ തകര്‍ത്തു
- Published by:Rajesh V
- news18-malayalam
Last Updated:
റോബിൻ ഉത്തപ്പയും വിഷ്ണുവും കേരളത്തിനായി തകർത്തടിച്ചു
സയിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് പിന്നാലെ ഡൽഹിയെയും തകർത്ത് കേരളം. വമ്പൻ സ്കോർ പിന്തുടർന്ന കേരളം ആറ് വിക്കറ്റിനാണ് ജയിച്ചത്. ഡൽഹി മുന്നോട്ടുവച്ച കൂറ്റന്‍ വിജയലക്ഷ്യമായ 213 റണ്‍സ് റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ആറ് പന്ത് ബാക്കിനില്‍ക്കേ കേരളം മറികടന്നു. ഉത്തപ്പ 54 പന്തില്‍ 95 റണ്‍സും വിഷ്‌ണു 38 പന്തില്‍ 71 റണ്‍സും (നോട്ട്ഔട്ട്) നേടി. സ്‌കോര്‍: ഡല്‍ഹി-4ന് 212(20), കേരളം-4ന് 218(19).
കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി ഹീറോയായ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി. മുതിർന്ന താരങ്ങളുടെ അടക്കം പ്രശംസ പിടിച്ചുപറ്റിയ അസ്ഹറിന്റെ മടക്കം ആരാധകർക്ക് നിരാശ സമ്മാനിച്ചു. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് (ഒരു പന്തിൽ 0) തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 10 പന്തില്‍ 16 എടുത്ത് പ്രദീപ് സാങ്‌വാന് റിട്ടേണ്‍ ക്യാച്ച് നൽകി മടങ്ങി.
advertisement
റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം വേഗത്തില്‍ സ്‌കോറുയര്‍ത്താന്‍ സച്ചിന്‍ ബേബി ശ്രമിച്ചെങ്കിലും 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത സച്ചിനെ ലളിത് യാദവ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി അയച്ചു. ഇതോടെ കേരളം 3ന് 71. 10 ഓവറില്‍ 95 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 34 പന്തില്‍ നിന്ന് ഉത്തപ്പ അര്‍ധ സെഞ്ചുറി തികച്ചു.
Also Read- India-Australia| ആദ്യ ദിനം ഓസ്ട്രേലിയ 5ന് 274; ലബുഷെയ്ന് സെഞ്ചുറി; നടരാജന് രണ്ട് വിക്കറ്റ്
advertisement
ഇഷാന്ത് ശർമ എറിഞ്ഞ 13-ാം ഓവറില്‍ ക്യാച്ചും നോബോളും ഉത്തപ്പയുടെ രക്ഷക്കെത്തി. മറുവശത്ത് തകര്‍പ്പന്‍ സിക്സുകളുമായി വിഷ്‌ണു വിനോദും മുന്നേറി. ഇതോടെ 15 ഓവറില്‍ 163 റണ്‍സിലെത്തി. ജയിക്കാന്‍ അവസാന 30 പന്തില്‍ കേരളത്തിന് 45 റണ്‍സ്. 17-ാം ഓവറിലെ രണ്ടാം പന്തിലും ഉത്തപ്പയ്‌ക്ക് ലൈഫ്. 17.4 ഓവറില്‍ ഉത്തപ്പ പുറത്തായെങ്കിലും 54 പന്തില്‍ 95 റണ്‍സുണ്ടായിരുന്നു പേരില്‍. വിഷ്‌ണു-സല്‍മാന്‍ സഖ്യം 19 ഓവറില്‍ കേരളത്തെ അനായാസം ജയിപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്കായി ശിഖര്‍ ധവാന്റെ (77) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവ ഓരോ വിക്കറ്റും നേടി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 15, 2021 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സയിദ് മുഷ്താഖ് അലി ടി20: ആദ്യപന്തിൽ അസ്ഹറുദ്ദീൻ പുറത്ത്; എങ്കിലും കേരളം ഡൽഹിയെ തകര്‍ത്തു