Tokyo Olympics| ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ; ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ 3-1ന് തകർത്തു
- Published by:Naveen
- news18-malayalam
Last Updated:
ഇന്ത്യക്കായി വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംങ് എന്നിവർ ഗോൾ നേടിയപ്പോൾ അർജന്റീനയുടെ ഗോൾ നേടിയത് മൈക്കൽ കാസെല്ലയാണ്.
പുരുഷ ഹോക്കിയിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യ. പൂൾ മത്സരത്തിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. മത്സരത്തിൽ വിജയം നേടിയതോടെ പൂൾ എയിൽ നിന്നും ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞു. നിലവിൽ പൂൾ എയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഓസ്‌ട്രേലിയയാണ് പൂളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഗോൾരഹിതമായി അവസാനിച്ച ആദ്യ രണ്ട് ക്വാർട്ടറുകൾക്ക് ശേഷം മൂന്നാം റൗണ്ടിലാണ് ഇന്ത്യ ഒളിമ്പിക് ചാമ്പ്യന്മാർക്കെതിരെ തങ്ങളുടെ അക്കൗണ്ട് തുറന്നത്. മൂന്നാം ക്വാർട്ടറിലെ അവസാന നിമിഷത്തിൽ ( കളിയുടെ 43ആം മിനിറ്റിൽ) ഇന്ത്യയുടെ പ്രതിരോധ നിര താരമായ വരുൺ കുമാറാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ഇന്ത്യയുടെ ഈ ഒരു ഗോളിന്റെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
ഇന്ത്യയുടെ ഗോളിനുള്ള അർജന്റീനയുടെ മറുപടി തൊട്ട് പിന്നാലെ വന്നു. നാലാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി കോർണർ മുതലാക്കിയാണ് അർജന്റീന ഇന്ത്യയെ ഒപ്പം പിടിച്ചത്. പെനാൽറ്റി കോർണറിൽ നിന്നും മൈക്കൽ കാസെല്ലയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്.
advertisement
എന്നാൽ കളത്തിൽ നിന്നും ജയിച്ച് കയറാൻ ലക്ഷ്യമിട്ടു വന്ന ഇന്ത്യൻ സംഘം ഉറച്ചു തന്നെയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ആക്രമണം ശക്തമാക്കിയ ഇന്ത്യക്ക് വൈകാതെ തന്നെ അതിന്റെ ഫലവും കിട്ടി. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കി നിൽക്കെ വിവേക് സാഗറിലൂടെ ഇന്ത്യ രണ്ടാം ഗോൾ നേടി. രണ്ടാം ഗോളിന് മറുപടി നൽകാൻ അർജന്റീനയ്ക്ക് അവസരം ലഭിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യ വീണ്ടുമൊരു ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു. പെനാൽറ്റി കോർണറിൽ നിന്നും ഹർമൻപ്രീത് സിങാണ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.
advertisement
ആദ്യ കളിയിൽ ന്യുസിലൻഡിനെതിരെ 3-2ന് വിജയം നേടിയശേഷം രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ 7-1ന് തകർന്നടിയുകയായിരുന്നു. മൂന്നാം മത്സരത്തിൽ സ്പെയിനെ 3-0ന് തകർത്ത് ഈ തോൽവിയുടെ ആഘാതത്തിൽ നിന്നും കരകയറിയ ഇന്ത്യക്ക് ഇന്ന് ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കാൻ കഴിഞ്ഞത് പൂളിലെ അവസാന മത്സരത്തിൽ ജപ്പാനെ നേരിടാൻ ഇറങ്ങുമ്പോൾ ആത്മവിശ്വാസം പകരും.
അതേസമയം, പുരുഷ ടീം ക്വാർട്ടറിലേക്ക് മുന്നേറിയപ്പോൾ മറുവശത്ത് വനിതാ ടീമിന് ഇതുവരെ ഒരു ജയം പോലും നേടാൻ കഴിഞ്ഞിട്ടില്ല. തുടരെ മൂന്ന് മത്സരങ്ങൾ തോറ്റ അവരുടെ ക്വാർട്ടർ പ്രതീക്ഷ അവസാനിച്ച മട്ടാണ്.
advertisement
ഇന്നലെ നടന്ന മത്സരത്തിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ ഗ്രേറ്റ് ബ്രിട്ടനെതിരായ പൂൾ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ മത്സരത്തിൽ നെതർലാൻഡ്‌സിനോട് 5-1 ന്റെ തോല്‍വി വഴങ്ങിയ ടീം രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് മികച്ച രീതിയിൽ പോരാടിയെങ്കിലും എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റിരുന്നു.
നാളെ നടക്കുന്ന മത്സരത്തിൽ അയർലൻഡും മറ്റന്നാൾ നടക്കുന്ന അവസാന പൂൾ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുമാണ് ഇന്ത്യയുടെ എതിരാളികൾ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 29, 2021 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Tokyo Olympics| ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ; ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ 3-1ന് തകർത്തു