യുവേഫ ചാമ്പ്യൻസ് ലീഗ് 2021-22 സീസണിലെ ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. യൂറോപ്പിലെ മുൻനിര ക്ലബുകൾ എല്ലാം തന്നെ മത്സരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പുകൾ തീരുമാനമായപ്പോൾ ആവേശ ആവേശപ്പോരാട്ടങ്ങൾക്ക് ഇക്കുറിയും കുറവ് കാണില്ല എന്ന ചിത്രമാണ് വ്യക്തമായത്.
കരുത്തരായ ടീമുകൾ തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കൊമ്പുകോർക്കുന്ന തരത്തിലാണ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധ്യത കല്പിക്കപ്പെടുന്ന മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ നേർക്കുനേർ വരുന്നുണ്ട്. റെഡ്ബുൾ ലെപ്സിഗിനോടും, ക്ലബ് ബ്രുഗിനുമൊപ്പം ഗ്രൂപ്പ് എയിലാണ് ഈ രണ്ട് വമ്പന്മാരും ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ഗ്രൂപ്പ് എച്ചിൽ യുവന്റസിനൊപ്പമാണ് ഉൾപ്പെട്ടിരിക്കുന്നത്.
മെസ്സി പോയതിന് ശേഷമുള്ള ആദ്യ ചാമ്പ്യൻസ് ലീഗിന് ഒരുങ്ങുന്ന ബാഴ്‌സലോണ 2019/20 ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തങ്ങളെ നാണം കെടുത്തിയ ബയേൺ മ്യൂണിക്കിനൊപ്പം ഗ്രൂപ്പ് ഇയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. നിലവിലെ സീരി എ ജേതാക്കളായ ഇന്റർ മിലാൻ, കഴിഞ്ഞ സീസണിലേത് പോലെ തന്നെ റയൽ മാഡ്രിഡിനെ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടും - ഇരു ടീമുകളും ഗ്രൂപ്പ് ഡിയിലാണ്.
ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്ന വിളിപ്പേര് ഗ്രൂപ്പ് ബിയാണ് നേടിയിരിക്കുന്നത്. ലിവർപൂൾ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരോടൊപ്പം പോർച്ചുഗീസ് വമ്പന്മാരായ എഫ്‌സി പോർട്ടോ, ഇറ്റലിയിലെ കരുത്തരായ എസി മിലാൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ യൂറോപ്പ ജേതാക്കളായ വിയ്യാറയൽ, പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഗ്രൂപ്പ് എഫിൽ മത്സരിക്കും.
ചാമ്പ്യൻസ് ലീഗ് 2021-22 സീസണിലെ ഗ്രൂപ്പുകൾ:ഗ്രൂപ്പ് എ: മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, റെഡ്ബുൾ ലെപ്സിഗ്, ക്ലബ് ബ്രുഗ്
ഗ്രൂപ്പ് ബി: അത്ലറ്റിക്കോ മാഡ്രിഡ്, ലിവർപൂൾ, പോർട്ടോ, എസി മിലാൻ
ഗ്രൂപ്പ് സി: സ്പോർട്ടിങ് സിപി, ബൊറൂസിയ ഡോർട്മുണ്ട്, അയാക്സ്, ബെസിക്റ്റസ്
ഗ്രൂപ്പ് ഡി: ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, ഷാക്തർ ഡോണെറ്റ്സ്ക്, ഷെരിഫ് ടിരസ്പോൾ
ഗ്രൂപ്പ് ഇ: ബയേൺ മ്യൂണിക്ക്, ബാഴ്‌സലോണ, ബെൻഫിക്ക, ഡൈനാമോ കിയവ്
ഗ്രൂപ് എഫ്: വിയ്യാറയൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, അറ്റലാന്റ, യങ് ബോയ്സ്
ഗ്രൂപ്പ് ജി: ലില്ല്, സെവിയ്യ, എഫ്‌സി സാൽസ്ബർഗ്, വോൾഫ്‌സ്ബർഗ്
ഗ്രൂപ്പ് എച്ച്: ചെൽസി, യുവന്റസ്, എഫ്‌സി സെനിത്, മാൽമോ
അടുത്ത മാസം 14 മുതലാകും ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കമാവുക. 32 ടീമുകൾ എട്ട് ടീമുകളിലായി മത്സരിക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ പ്രീക്വാർട്ടർ ഘട്ടത്തിലേക്ക് മുന്നേറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.