കൊളംബോ: രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾക്കെതിരെ കടുത്ത തീരുമാനങ്ങളുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. താരങ്ങളുടെ ഫിറ്റ്നസ് നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായാണ് ലങ്കൻ ക്രിക്കറ്റ് ബോർഡ് കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ ലങ്കൻ ബോർഡ് തീരുമാനം എടുത്തിരിക്കുന്നത്.
നേരത്തെ ഈ വർഷമാദ്യം താരങ്ങളുടെ ഫിറ്റ്നസ് നിലവാരം അളക്കുന്നതിനായി രണ്ട് കിലോമീറ്റർ ഓട്ടം ഫിറ്റ്നസ് ടെസ്റ്റ് ലങ്കൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ചിരുന്നു. 8 മിനിറ്റ് 35 സെക്കൻഡിനുള്ളിൽ രണ്ട് കിലോമീറ്റർ ഓടിയെത്തുന്ന താരങ്ങൾ ഇതിൽ വിജയിച്ചതായി കണക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത് എന്നാൽ പിന്നീട് ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റിയുടെ അഭ്യർത്ഥന പ്രകാരം ഈ സമയം 8 മിനിറ്റ് 55 സെക്കൻഡ് ആയി ഉയർത്തുകയായിരുന്നു. ഇതിലാണിപ്പോൾ വീണ്ടും മാറ്റം വരുത്താൻ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
ബോർഡ് പ്രാബല്യത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ നിയമം അനുസരിച്ച് താരങ്ങൾ 2 കിലോമീറ്റർ ഓട്ടം 8 മിനിറ്റ് 10 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കേണ്ടി വരും. ഇതിൽ പരാജയപ്പെടുന്ന താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കാനും അവർ തീരുമാനിച്ചു കഴിഞ്ഞു. ഇനി അഥവാ താരങ്ങൾ 8 മിനിറ്റ് 55 സെക്കൻഡിലധികം സമയമെടുത്താണ് 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കുന്നതെങ്കിൽ അവരെ ദേശീയ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കേണ്ടെന്നും കൂടിയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഫിറ്റ്നസിൻ്റെ കാര്യത്തിൽ പിന്നോക്കം നിൽക്കുന്ന ലങ്കൻ താരങ്ങൾക്ക് തിരിച്ചടി നൽകുന്ന വാർത്തയാണിത്.
"ഫെബ്രുവരിയിൽ ഒരു താരം 8.35 മിനുറ്റിൽ 2 കിലോമീറ്റർ ഓടിയെത്തിയിരുന്നെങ്കിൽ ഇപ്പോൾ അയാൾക്ക് 8.10 മിനിറ്റുനുള്ളിൽ അത് സാധ്യമാകേണ്ടതുണ്ട്. കളിക്കാർ അവരുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ കഠിനാധ്വാനം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. ഫിറ്റ്നസ് മാത്രമല്ല മാനദണ്ഡമാക്കുന്നത്, മത്സരങ്ങൾക്ക് അവർ തയാറാണോ എന്നത് നോക്കാൻ മറ്റ് പരീക്ഷണങ്ങളും അവർ നേരിടേണ്ടതായി വരും.'' സ്പോർട്സ്കീഡയോട് സംസാരിക്കവെ ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു.
ബോർഡുമായി താരങ്ങളുടെ കരാറും ലഭിക്കേണ്ട ശമ്പളത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഏറെക്കുറെ തീർപ്പാക്കിയതിന് പിന്നാലെയാണ് ഫിറ്റ്നസ് സംബന്ധിച്ച് കൊണ്ട് താരങ്ങളുടെ ശമ്പളത്തെ ബാധിക്കുന്ന തീരുമാനം ബോർഡ് സ്വീകരിച്ചിരിക്കുന്നത്. ബോർഡിന്റെ തീരുമാനത്തോട് താരങ്ങളുടെ പ്രതികരണം എങ്ങനെയാകും എന്നതും കാത്തിരുന്ന് കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sri Lanka, Sri Lanka Cricket team