• HOME
  • »
  • NEWS
  • »
  • sports
  • »
  • സർവാധിപത്യത്തിന്റെ സിംഹാസനത്തിലേക്ക് ഇന്ത്യ; മുന്നിൽ നിന്നു നയിച്ച് വീരനായകൻ

സർവാധിപത്യത്തിന്റെ സിംഹാസനത്തിലേക്ക് ഇന്ത്യ; മുന്നിൽ നിന്നു നയിച്ച് വീരനായകൻ

ആക്രമണോത്സുകതയുടെ ദാദ, കൂൾ കൂൾ തന്ത്രവുമായി ധോണി ഭായ്, ഒടുവിലിതാ കോഹ്ലി ബ്രോയുടെ സ്പിരിറ്റ്… ഇന്ത്യൻ ക്രിക്കറ്റ് ആധിപത്യത്തിന്റെ സിംഹാസനത്തിലേക്ക് അടുക്കുന്നു. ഒരു കാലത്ത് ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും ഒക്കെ അടക്കിഭരിച്ച പോലെ സർവാധിപത്യത്തിന്റെ സിംഹാസനം…

ganguly-dhoni-kohli

ganguly-dhoni-kohli

  • Share this:
ഈ കുതിപ്പ് മൂന്നു നായകരിലൂടെ. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്ന, വിദേശ പിച്ചുകളിൽ പകച്ചു നിൽക്കുന്ന, ഫാസ്റ്റ് ബോളർമാർ പാഞ്ഞടുക്കുമ്പോൾ അന്തം വിട്ടു നിന്ന് ആരാധകരിലേക്കു പോലും അപകർഷബോധം കുത്തിവയ്ക്കുന്ന ടീമിൽ നിന്നുള്ള മാറ്റം കണ്ട് ഊറ്റം കൊള്ളാം നമുക്കിനി.

ദാദ പകർന്ന ചങ്കൂറ്റം

ആരാടാ എന്നു ചോദിക്കുമ്പോൾ ഞാനാടാ എന്നു പറയാനുള്ള ചങ്കൂറ്റം പകർന്നു നൽകിയത് ‘ദാദ’ സൗരവ് ഗാംഗുലി. സായിപ്പ്, പ്രത്യേകിച്ച് ഓസ്ട്രേലിയക്കാർ സ്ലിപ്പിൽ നിന്ന് അസഭ്യം വിളിച്ചാൽ, ബോളർ ബാറ്റ്സ്മാന്റെ നെഞ്ചത്തു കയറിയാൽ അത് aggression, ആക്രമണോത്സുകത, പിന്നെ sledging എന്ന ഓമനപ്പേരും… പാവം ഇന്ത്യക്കാരൻ അൽപ്പം ഒച്ചയുണ്ടാക്കിയാൽ, ഒന്നു തുറിച്ചു നോക്കിയാൽ അത് sportsman spirit ഇല്ലായ്മ… കളിയുടെ ശോഭ കെടുത്തുന്ന പെരുമാറ്റം… ഇതായിരുന്നു സമ്പ്രദായം. അവിടെ നിന്ന് ‘തെറിക്കുത്തരം മുറിപ്പത്തൽ’ എന്ന മട്ടിൽ അടിക്കടിയും തിരിച്ചടിയും കൊടുക്കാൻ ഇന്ത്യൻ ടീമിനെ പഠിപ്പിച്ചത് ഗാംഗുലി.

Mind Games എന്നു സായിപ്പ് വിളിക്കുന്ന സമ്മർദതന്ത്രങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയതും ഗാംഗുലി. മാച്ച് റഫറിയുടെ മുഖം ചുളിഞ്ഞെങ്കിലും ടോസിനു മനപൂർവം വൈകിയെത്തി സ്റ്റീവ് വോ എന്ന ഓസീസ് വീരനായകന്റെ മനഃസാന്നിധ്യം കളഞ്ഞതും ഗാംഗുലി. അത് തന്റെ പോരാളിക്കു വേണ്ടിയുള്ള പ്രതികാരമായിരുന്നു എന്നു ഗാംഗുലി വെളിപ്പെടുത്തിയത് വർഷങ്ങൾക്കു ശേഷം. ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടിയ 2001 ഓസ്ട്രേലിയ – ഇന്ത്യ പരമ്പരയിലായിരുന്നു സംഭവം.ആ പരമ്പരയിലെ ഒരു മൽസരത്തിനിടയിൽ ഫീൽഡിൽ നിന്നു പുറത്തേക്കു പോയ ജവഗൽ ശ്രീനാഥിനോട് ഓസീസ് കോച്ച് ജോൺ ബുക്കാനൻ തികഞ്ഞ ധാർഷ്ട്യത്തോടെ ചോദിച്ചു – “നീ എവിടെ പോകുന്നു…” വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും… പക്ഷേ വെളിപ്പെടുത്തിയത് ഗാംഗുലി തന്നെയാണ്. അടുത്ത ടീം മീറ്റിംഗിൽ ശ്രീനാഥ് വിഷമം പറഞ്ഞു. ഗാംഗുലിയുടെ രോഷം ജ്വലിച്ചു.

തിരിച്ചടി വിശാഖപട്ടണം ഏകദിനത്തിൽ… ടോസിനെത്തിയ മാച്ച് റഫറിയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയും കാര്യമായി കാത്തു നിന്നു. സെലക്ടർമാരുമായി സംസാരിക്കുകയായിരുന്നു എന്നൊക്കെ അന്നു ദാദ ഔപചാരികമായി ഒഴിവുകഴിവു പറഞ്ഞെങ്കിലും സ്റ്റീവ് വോയ്ക്കു കാര്യം മനസിലായി. അദ്ദേഹം ആത്മകഥയിൽ അതു തുറന്നെഴുതുകയും ചെയ്തു!

അതായിരുന്നു ദാദ. കൂട്ടാളികളെ തൊട്ടാൽ രോഷം കൊണ്ടിരുന്ന നായകൻ. യുവതാരങ്ങളെ കൈപിടിച്ചു നടത്തിയ ക്യാപ്റ്റൻ. അതിനു സാക്ഷ്യവുമുണ്ട്. ദാദ ബി സി സി ഐ പ്രസിഡന്റാവുമെന്ന വാർത്ത വന്നതിനു പിന്നാലെ യുവരാജ് സിങ് പറഞ്ഞത് – “ദാദ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു…”

തകർപ്പൻ പ്രകടനം നടത്തിയാൽ വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റ്; ബിസിസിഐയുടെ പുതിയ പരീക്ഷണം

വർഷം 2001. കൊളംബോയിലെ ടാജ് ഹോട്ടലിലെ മുറിയിൽ മൂന്ന് പഞ്ചാബി യുവതാരങ്ങളെ ഒരു ഇംഗ്ലീഷ് വാരികയ്ക്കായി ഇന്റർവ്യൂ ചെയ്യാൻ അവസരമുണ്ടായി ഈ ലേഖകന്. ഹർഭജൻ സിങ്, യുവരാജ് സിങ്, റീതീന്ദർ സിങ് സോധി എന്നിവരെ. മൂവരും ഒരേ സ്വരത്തിൽ പറഞ്ഞത് ഒന്നു മാത്രം. ദാദ ഉള്ളതു കൊണ്ടു മാത്രമാണ് ഞങ്ങൾക്ക് അവസരം ലഭിച്ചത്. അച്ചടക്കലംഘനത്തിന്റെ പേരു പറഞ്ഞ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്നു പുറത്താക്കിയ ഹർഭജന്റെ കരിയർ അന്ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഹർഭജൻ ടീമിൽ വേണമെന്ന് സൗരവ് നിർബന്ധം പിടിച്ചു. ശേഷം ചരിത്രം.

ലോർഡ്സിൽ അസാധ്യമെന്നു കരുതിയ 326 റൺസ് വിജയലക്ഷ്യം കൈവരിച്ചപ്പോൾ പവിലിയനിൽ ജേഴ്സി അഴിച്ച് ആഘോഷിച്ച ക്യാപ്റ്റനെ ക്രിക്കറ്റിലെ സദാചാര പൊലീസുകാർ വിമർശിച്ചു. ആരാധകർ പക്ഷേ വീരനായകനെ നെഞ്ചേറ്റി…

ക്

ക്യാപ്റ്റൻ കൂൾ...

അങ്ങനെ പോരാട്ടവീര്യം പകർന്നു നൽകിയ ദാദയ്ക്കു ശേഷം കണ്ടത് മറ്റൊരു അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനെ. തോൽവി തലയ്ക്കു മീതെ തൂങ്ങിയാടിയാലും കുലുങ്ങാത്ത മഹേന്ദ്ര സിങ് ധോണിയെ. വിക്കറ്റിനു പിന്നിൽ നിന്നു തന്ത്രം മെനഞ്ഞും വിക്കറ്റിനു മുന്നിൽ ഹെലിക്കോപ്റ്റർ ഷോട്ട് പറത്തിയും തകർത്താടിയ ധോണി ഇന്ത്യയെ അടുത്ത തലത്തിലെത്തിച്ചു. ട്വന്റി ട്വന്റി, ഏകദിന ലോകകപ്പുകളും ചാംപ്യൻസ് ട്രോഫി കിരീടവും കയ്യിലേന്തിയ ഏക നായകനായി.

ഇത് ന്യൂ ജെൻ നായകൻ

ഇപ്പോഴിതാ കോലിയുടെ ഊഴം. ഇതിനു മുൻപ് നയിച്ചവരെ മറക്കുന്നില്ല. ഇത്ര കരുത്തില്ലാത്തപ്പോഴും വിജയിപ്പിച്ച മുതിർന്നവരെ തള്ളിപ്പറയുന്നില്ല. പക്ഷേ ക്യാപ്റ്റന്റെ മുന്നിൽ നിൽക്കാൻ ഭയന്നിരുന്ന പഴയ തലമുറയുടെ കാലം കഴിഞ്ഞു.

ഗാംഗുലിയുടെ ശൗര്യം ഏറ്റുവാങ്ങിയ പുതിയ നായകൻ അതു കൊണ്ടു നിർത്തിയില്ല. ശാരീരികക്ഷമതയും അർപ്പണബോധവും പരമപ്രധാനമെന്ന് സ്വയം കാണിച്ചുകൊടുത്തു. ടീമംഗങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകി. ന്യൂ ജൻ ക്യാപ്റ്റന്റെ സ്പിരിറ്റ് ആവോളം ഒഴുകിയത് മുൻഗാമി ധോണിയുടെ നാടായ റാഞ്ചിയിൽ. രോഹിത് ശർമയുടെ കുതിപ്പ് ആഘോഷിക്കുന്ന, രഹാനെയുടെ തിരിച്ചുവരവിൽ സന്തോഷിക്കുന്ന, ഉമേഷ് യാദവിന്റെ സിക്സർ മാലപ്പടക്കം കണ്ട് സ്കൂൾ കുട്ടിയെ പോലെ പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്ന, ഇന്നലെ വന്ന പുതുമുഖത്തെപ്പോലും ഒപ്പം കൂട്ടുന്ന കോലിയുടെ സ്പിരിറ്റാണ് ഇന്നത്തെ ഇന്ത്യയുടെ മുഖമുദ്ര. ഒരു സൂപ്പർതാരമല്ല, ടീമിനെ ജയിപ്പിക്കാൻ പരസ്പരം മൽസരിക്കുന്ന പോരാളികളുടെ നായകൻ.

ഈ ടീമിനെ പിടിച്ചുകെട്ടുക എളുപ്പമല്ല, ഇവർക്കു തോൽവിയെ ഭയമില്ല, പിച്ചിനെ പേടിയില്ല, എതിരാളി ആരെന്നതു വിഷയമല്ല. ജയം, സർവാധിപത്യം... ഇതു മാത്രമാണു ലക്ഷ്യം!
First published: