ഇന്റർഫേസ് /വാർത്ത /Sports / IPL 2021 | ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി; ഹസരങ്കയും ചമീരയും ബാംഗ്ലൂര്‍ ടീമിലേക്ക്

IPL 2021 | ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി; ഹസരങ്കയും ചമീരയും ബാംഗ്ലൂര്‍ ടീമിലേക്ക്

Wanindu Hasaranga

Wanindu Hasaranga

അടുത്തിടെ ഇന്ത്യന്‍ ടീം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആര്‍സിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്.

  • Share this:

യു എ ഈയില്‍ നടക്കുന്ന ഐ പി എല്‍ പതിനാലം സീസണിലെ രണ്ടാം പാദ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുവാദം നല്‍കി. ലെഗ് സ്പിന്നര്‍ വനിന്ദു ഹസരങ്ക, ഫാസ്റ്റ് ബൗളര്‍ ദുഷ്മന്ത ചമീര എന്നിവര്‍ക്കാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ ഒ സി ലഭിച്ചത്.

ശ്രീലങ്കന്‍ താരമായ ഹസരങ്കയെ ഓസ്ട്രേലിയന്‍ സ്പിന്നറായ ആദം സാംപയ്ക്ക് പകരമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡാനിയന്‍ സാംസിന് പകരമാണ് ചമീര വരുന്നത്. അടുത്തിടെ ഇന്ത്യന്‍ ടീം നടത്തിയ ശ്രീലങ്കന്‍ പര്യടനത്തില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഹസരങ്കയ്ക്ക് ആര്‍സിബിയിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയതിന് ശേഷം ഐപിഎല്ലില്‍ നിന്നും രണ്ട് ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചിരുന്നതായി ഹസരങ്ക വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മികവില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക ടി20 പരമ്പര കൈക്കലാക്കിയിരുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ ഐ പി എല്‍ ടീമുകള്‍ക്കൊപ്പം ചേരാനാണ് താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ സമയമാവുമ്പോള്‍ സൗത്ത് ആഫ്രിക്കയുടെ ലങ്കന്‍ പര്യടനം അവസാനിക്കും. ഒക്ടോബര്‍ 10ന് ഇരുവരും ലങ്കന്‍ ടീമിനൊപ്പം തിരികെ ചേരണം എന്ന വ്യവസ്ഥയും ഉണ്ട്. ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്‍പായുള്ള സന്നാഹ മത്സരത്തില്‍ കളിക്കാനായാണ് ഇത്.

അതേസമയം ആര്‍സിബിയുടെ മുഖ്യ പരിശീലകനായിരുന്ന ഓസ്ട്രേലിയക്കാരനായ സൈമണ്‍ കാറ്റിച്ച് ടീമിന്റെ മുഖ്യ പരിശീലക പദവി ഒഴിഞ്ഞതായും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ കാറ്റിച്ചിന് പകരമായി ടീമിന്റെ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സണ്‍ പരിശീലക സ്ഥാനമേല്‍ക്കും.

ഐപിഎല്‍ രണ്ടാം പാദത്തിനായി ആര്‍സിബി താരങ്ങള്‍ ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലേക്ക് തിരിക്കുമെന്ന് മൈക്ക് ഹെസ്സണ്‍ വ്യക്തമാക്കി. യുഎഇയില്‍ ചെന്ന ശേഷം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ടീം പരിശീലനത്തിന് ഇറങ്ങുന്നത്. ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബി ഇക്കുറി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കോവിഡ് വ്യാപനം മൂലം ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ എഴ്‌സ് മത്സരങ്ങളില്‍ നിന്നും 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തന്നെയുണ്ട് ആര്‍ സി ബി. ടീമിലെ താരങ്ങള്‍ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നത് അവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. സെപ്റ്റംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് രണ്ടാം പാദത്തിലെ അവരുടെ ആദ്യ മത്സരം.

രണ്ടാം പാദ മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനായി ചെന്നൈ, മുംബൈ ടീമുകള്‍ നേരത്തെ തന്നെ യുഎഇയില്‍ എത്തിയിട്ടുണ്ട്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ഇരുടീമുകളും പരിശീലനവും നടത്തുന്നുണ്ട്. ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബര്‍ എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ്.

First published:

Tags: IPL in UAE, Sri Lankan cricket players, Srilanka Cricket